സ്വാര്‍ഥ വിമുക്തമായ കാവ്യ യാത്ര
നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ വിടവാങ്ങി. പുതുവര്‍ഷത്തില്‍ വേദനിപ്പിക്കുന്ന വാര്‍ത്ത. മനുഷ്യസത്തയുടെ കാല്‍പനിക ഭാവങ്ങളെ വാക്കുകളില്‍ ലയിപ്പിച്ച് സാമൂഹ്യബോധം വെടിയാതെ, ശുദ്ധ കവിതയെഴുതിയ ഒരാള്‍ കൂടി കാലയവനികക്കുള്ളില്‍ മറയുന്നു.
മണ്ണിന്റെ സമ്പര്‍ക്കമുള്ള മനുഷ്യരുടെ പുരോഗതിയില്‍ സര്‍ഗാത്മകതയ്ക്ക് സ്ഥാനം നിര്‍ണയിച്ച കാലത്ത് എഴുതാന്‍ വന്ന ഒരാള്‍ക്ക് അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനാവുമായിരുന്നില്ല. എപ്പോഴൊക്കെ 'പട്ടിണിയുടെ കടിയേറ്റ് നഗ്ന മനുഷ്യന്‍' വേവലാതിയോടെ നിലവിളിച്ചുവോ, അതുകേള്‍ക്കാതെ ജീവിക്കുക കവിക്ക് അസാധ്യമായിരുന്നു. മെഴുകുതിരിയെ 'മൊഴിതിരി'യാക്കുന്ന വചനവിദ്യ മലയാളിയുടെ കാവ്യപുസ്തകത്തില്‍ എക്കാലവും എരിഞ്ഞുകൊണ്ടിരിക്കും. 'മൗസലപര്‍വ്വ'ത്തിന്റെ അടരുകളില്‍ ആറ്റിക്കുറുക്കിയ ആശയങ്ങളുടെ ആത്മഭാഷ നിറയുന്നു.
'നേരുപാടും പാണന്റെ' തുടിയുണര്‍ത്തല്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ നടവഴിയില്‍ ഉത്സാഹത്തോടെ ഉണര്‍ന്നതാണ്. ഇരുട്ടറകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരേ നിവര്‍ന്നുനിന്നവന്റെ ധീര ശബ്ദമാണ് 'ഇതിലേ വരിക ഉഷസ്സേ' എന്ന വിളംബരം. എങ്ങനെയാണ് ഒരു കവിയായിരിക്കുക എന്നതിന്റെ സഹന നിസ്വാര്‍ഥത അടിമുടി പടര്‍ന്നുകയറിയ മനസായിരുന്നു അദ്ദേഹത്തിന്റേത്. ഒരിടത്തും മേല്‍ക്കൈ മുദ്രപതിപ്പിക്കാന്‍ തിക്കും തിരക്കും കൂട്ടിയില്ല. അനന്തമായ 'യുഗരശ്മി'യെ ഉപാസിച്ചും ഇണക്കങ്ങളുടെ 'നവധാരകള്‍' സൃഷ്ടിച്ചും അതുല്യമായ സൗഹൃദങ്ങള്‍ ആഗ്രഹിച്ചും മാത്രം അദ്ദേഹം ജീവിച്ചു.
'എന്റെ വാക്കിന് ഞാന്‍ മാത്രം സാക്ഷി' എന്ന് നെഞ്ചില്‍ കൈവച്ച് സത്യസന്ധമായി പറയാന്‍ നീലമ്പേരൂര്‍ മധുസൂധനന്‍ നായര്‍ക്ക് അവസാന കാലം വരെ കഴിഞ്ഞു. ഏതു സംഘശക്തിയിലും വിശ്വസ്ത നവോഥാനത്തെ മുറുകെപ്പിടിച്ചു. ഇതിഹാസങ്ങളായാലും നാട്ടുമൊഴികളായാലും കരുണയുടെ കണ്‍തുറന്ന് വായിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. അത്മാര്‍ഥതയുടെ ഏറ്റവും നിര്‍മലമായ ഒരു ഫോണ്‍വിളി ഇനിയൊരിക്കലും എന്നെ തേടിവരില്ലല്ലോ! കവിത എവിടെയെങ്കിലും വായിച്ചാല്‍ ആദ്യത്തെ വിളി ആ ജേഷ്ട സുഹൃത്തിന്റേതായിരുന്നു. ഏതോ ചൊല്‍ക്കവിതാവേദിയില്‍ കണ്ടുമുട്ടിയ കാലം മുതല്‍ വളര്‍ന്ന സൗഹൃദം, പോറലേതുമേല്‍ക്കാതെ തുടര്‍ന്നുപോന്നു. രോഗാവസ്ഥയറിഞ്ഞ് തലസ്ഥാനത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. ഔദ്യോഗിക രംഗത്തും കാവ്യജീവിതത്തിലും ഒരുപോലെ വിശുദ്ധിപാലിച്ച ഒരാള്‍ കുറേക്കൂടി അംഗീകാരങ്ങള്‍ അര്‍ഹിച്ചിരുന്നുവെന്നതാണ് സത്യം. അല്ലെങ്കില്‍ അദ്ദേഹം പദവി മഹാത്മ്യങ്ങളൊന്നും ആഗ്രഹിച്ചിട്ടില്ലല്ലോ.. 'നീള്‍ മിഴിക്കോണിലെ നീരാടും മോഹങ്ങള്‍...' ഗാനത്തില്‍ മാത്രമായിരുന്നു. മോഹവിമുക്തമായ കാവ്യയാത്രയുടെ പര്യവസാനം അത്രയും ശാന്തമായിരുന്നുവല്ലോ. വല്ലാത്ത നഷ്ടബോധത്തോടെയല്ലാതെ ഈ സ്മരണാഞ്ജലി പൂര്‍ത്തിയാക്കാനാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."