ഭൂട്ടാൻ അതിർത്തിയിൽ ചൈനയുടെ പാർപ്പിട നിർമാണം
തിംഫു
ഭൂട്ടാൻ അതിർത്തിയിൽ തർക്കത്തിലുള്ള പ്രദേശത്ത് പാർപ്പിട കേന്ദ്രങ്ങൾ പണിയുന്നതിന് ആക്കംകൂട്ടി ചൈന. ഇരുനില കെട്ടിടങ്ങളുൾപ്പെടെ ഇരുനൂറിലധികം കെട്ടിടങ്ങൾ ആറിടങ്ങളിലായി നിർമിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
യു.എസ് ഡാറ്റാ വിശകലന കമ്പനി ഹോക്ഐ 360 ആണ് ചിത്രങ്ങളും വിവരങ്ങളും റോയിട്ടേഴ്സിനു നൽകിയത്. ഭൂമിയിലെ നിർമാണപ്രവൃത്തികൾ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഒപ്പിയെടുക്കാനുള്ള സാങ്കേതികവിദ്യയാണ് ഹോക്ഐയെ ഇതിനു സഹായിക്കുന്നത്.
അതേസമയം, വിഷയത്തിൽ ചൈനയെ കുറ്റപ്പെടുത്താൻ ഭൂട്ടാൻ തയാറായിട്ടില്ല. അതിർത്തി കാര്യങ്ങൾ പരസ്യമായി സംസാരിക്കാതിരിക്കുകയെന്നതാണ് ഭൂട്ടാൻ്റെ നയമെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം മറുപടി നൽകി.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ദോക് ലാമിൽനിന്ന് ഒൻപതു മുതൽ 27 വരെ കിലോമീറ്റർ ദൂരത്തിനുള്ളിലാണ് ചൈനയുടെ പുതിയ നിർമാണപ്രവൃത്തികൾ. 2017ൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ രണ്ടു മാസത്തോളം സംഘർഷമുണ്ടായത് ഇവിടെയാണ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ ബഹുനില കെട്ടിടങ്ങൾ ചൈനയെ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."