ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ വിധി ഇന്ന്
കോട്ടയം: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന കേസിലെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ന് വിധി പറയും. 11 മണിയോടെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ആ നിര്‍ണായക വിധി പ്രസ്താവിക്കുക. 105 ദിവസം നീണ്ടുനിന്ന രഹസ്യ വിചാരണക്കൊടുവിലാണ് കേസില്‍ കോടതി വിധി പറയുന്നത്.
105 ദിവസത്തെ വിചാരണയില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങള്‍ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂര്‍ത്തിയാക്കി.
2018 ജൂണ്‍ 27നാണ് ബിഷപ്പിനെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്തംബര്‍ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിന്റെ കയ്യില്‍ വിലങ്ങുവീണു. കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് 2019 ഏപ്രില്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."