500 ഏക്കറിൽ സഹകരണ സംഘങ്ങൾ കൃഷിയിറക്കും കാർഷിക ഉൽപന്ന ചന്തകൾ ആരംഭിക്കും
ബാസിത് ഹസൻ
തൊടുപുഴ
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന 500 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി നടത്താൻ പദ്ധതി. 14 ജില്ലകളിലായി 500 ഏക്കർ സ്ഥലത്ത് കൃഷിത്തോട്ടങ്ങൾ നിർമിക്കും. ഉൽപന്നങ്ങളുടെ വിപണനത്തിന് കാർഷിക ഉൽപന്ന ചന്തകൾ ആരംഭിക്കാനാണ് തീരുമാനം.
കണ്ണൂർ ജില്ലയിലാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടത്, 75 ഏക്കർ. തിരുവനന്തപുരം 40, കൊല്ലം 40, പത്തനംതിട്ട 35, ആലപ്പുഴ 20, കോട്ടയം 25, ഇടുക്കി 10, എറണാകുളം 25, തൃശൂർ 60, പാലക്കാട് 20, മലപ്പുറം 40, കോഴിക്കാട് 40, വയനാട് 20, കാസർകോട് 50 എന്നിങ്ങനെ ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുക. 14 ജില്ലകളിലായി 250 പ്രാഥമിക സഹകരണ സംഘങ്ങളാണ് പദ്ധതിയിൽ പങ്കാളികളാകേണ്ടത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങളുടെ ഉത്തരവാദിത്തം അക്കമിട്ട് നിരത്തി സഹകരണ സംഘം രജിസ്ട്രാർ പി.ബി നൂഹ് ഉത്തരവിറക്കി.
കാർഷിക പ്രവർത്തനങ്ങൾക്കായി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വാശ്രയ ഗ്രൂപ്പുകൾ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ എന്നിവ രൂപീകരിക്കും. സംഘം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. പദ്ധതി നടത്തിപ്പിനായി അതാത് സഹകരണ സംഘങ്ങളുടെ പൊതുഫണ്ടിൽനിന്നു പരമാവധി 50,000 രൂപവരെ അനുവദിക്കും. മാതൃകാ കൃഷിത്തോട്ടം സജ്ജീകരിക്കുന്നതിന് സംഘങ്ങൾക്ക് സ്വന്തം സ്ഥലമോ തരിശ് ഭൂമിയോ പാടശേഖരങ്ങളോ ഉപയോഗപ്രദമാക്കാം. അതാത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വിളകൾ കൃഷി ചെയ്യാം. ജൈവവളങ്ങൾ പ്രാദേശിക തലത്തിൽതന്നെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം.
പദ്ധതി പ്രകാരം ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് അതാത് പ്രദേശത്തെ ഗ്രാമീണ ചന്തകൾ മുഖേനയോ സ്വന്തമായി കാർഷിക വിപണന കേന്ദ്രമുള്ള സംഘങ്ങൾക്ക് അപ്രകാരമോ കോപ്മാർട്ടിന്റെ സ്റ്റാളുകൾ മുഖേനയോ വിപണനം നടത്തുന്നതിന് സഹകരണ സംഘങ്ങൾ സൗകര്യമൊരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."