സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കും
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. ഈയാഴ്ച തന്നെ ഡല്‍ഹിയില്‍ നിന്ന് ജോയിന്റ് ഡയരക്ടര്‍ എത്തുമെന്നാണ് വിവരം.
കേസില്‍ കഴിഞ്ഞ മാസം പകുതിയോടെ സി.ബി.ഐ അന്വേഷണം തുടങ്ങുകയും കൊലപാതക രംഗം പുനരാവിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം തിരികെപ്പോയ അന്വേഷണസംഘം വീണ്ടും കാസര്‍ക്കോട്ടേക്ക് വരുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തിവരുന്നതിനിടയിലാണ് ജോയിന്റ് ഡയരക്ടര്‍ വരുന്ന വിവരം വാദിഭാഗത്തെ അറിയിച്ചത്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍സ് പ്രവര്‍ത്തകരായ കൃപേഷ്, ശതത് ലാല്‍ എന്നിവരെ സി.പി.എം സംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തില്‍ സി.പി.എം ഉദുമ മുന്‍ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്കുകൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി ശരിവച്ചു. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാനം അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."