HOME
DETAILS

നിയമ ദൃഷ്ടിയിലെ നിരപരാധി

  
backup
January 14 2022 | 19:01 PM

editorial-jan-15-jan-2022

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ് കോടതി. കോട്ടയം അഡിഷണൽ സെഷൻസ് കോടതിയിൽ നിന്നാണ് രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയ കേസിലെ സുപ്രധാനമായ വിധി വന്നിരിക്കുന്നത്. സർക്കാർ അപ്പീലിൽ പോകുമെന്ന് വിധി വന്നയുടനെ തന്നെ പ്രോസിക്യൂഷൻ പ്രതികരിച്ചിരിക്കുകയാണ്. മുപ്പതു വർഷം നീണ്ടുനിന്ന കേസായിരുന്നു മറ്റൊരു കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയയുടെ അസ്വഭാവിക മരണം. കേസിനെതിരേ ആദ്യത്തിൽ കോടതികളിൽ നിന്നോ മനുഷ്യാവകാശ സംഘടനകൾ പോലുള്ളവയിൽ നിന്നോ ഇരക്ക് അനുകൂലമായ ഒരു നടപടിയും ഉണ്ടായിരുന്നില്ല. ജോമോൻ പുത്തൻപുരയ്ക്കൽ എന്ന വ്യക്തി അഭയാ കേസിൽ ഇരക്ക് നീതികിട്ടാനായി നീണ്ട മുപ്പതു വർഷം നിയമപോരാട്ടം നടത്തിയതിനെ തുടർന്നായിരുന്നു അഭയയുടെ കൊലപാതകത്തിന് ഉത്തരവാദിയായവർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.


ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോയ്ക്കെതിരേ കന്യാസ്‌ത്രീ നൽകിയ ബലാത്സംഗ പരാതി കോടതിക്ക് ബോധ്യപ്പെടാത്തതിനാലായിരിക്കാം അദ്ദേഹത്തെ നിരപരാധിയെന്നുകണ്ട് കോടതി വെറുതെ വിട്ടിട്ടുണ്ടാവുക. എന്നാൽ കേസ് ഇവിടം കൊണ്ട് അവസാനിക്കുന്നുമില്ല.
2014 മുതൽ 2016 വരെ 13 പ്രാവശ്യം ഫ്രാങ്കോ തന്നെ പീഡിപ്പിച്ചുവന്ന് കന്യാസ്‌ത്രീ രഹസ്യമൊഴി നൽകിയതായിരുന്നു. ഇത്രയും തവണ പീഡനത്തിനിരയായിട്ടും അതിനിടയിൽ എന്തുകൊണ്ട് പരാതി നൽകിയില്ല എന്ന വിചാരണക്കോടതിയുടെ സംശയമായിരിക്കാം നിയമദൃഷ്ടിയിൽ ഫ്രാങ്കോ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവുക. എന്നാൽ ഈ ബോധ്യം നിലനിൽക്കുന്നതല്ലെന്നാണ് നിർഭയാ കേസിലെ സുപ്രിംകോടതി വിധി ഉദ്ധരിച്ചുകൊണ്ട് നിയമവിദഗ്ധർ പറയുന്നത്.
ബലാത്സംഗ കേസ് വിചാരണ ചെയ്യുമ്പോൾ എന്തെല്ലാം പാലിക്കണമെന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെ മാർഗനിർദേശങ്ങളുണ്ട്. ഇരകളുടെ മാനസികാവസ്ഥ പരിഗണിച്ചായിരിക്കണം അവരുടെ രഹസ്യമൊഴിയെ വിലയിരുത്തേണ്ടത്. നിലവിളിച്ചില്ല, പരാതി നൽകാൻ താമസിച്ചു, രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്നീ വാദങ്ങളൊന്നും ഇരകൾക്കെതിരായി നിലനിൽക്കില്ല. താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഇര കോടതിക്കു മുമ്പാകെ പറഞ്ഞാൽ ഇരയുടെ മൊഴി തെളിവായി പരിഗണിക്കണമെന്ന് ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും മാർഗ നിർദേശത്തിൽ പറയുന്നുണ്ട്. വലിയ സാമ്പത്തിക ശേഷിയും സ്വാധീനവുമുള്ള ഒരു സംഘടനയുടെ ഉന്നതനെതിരേ സാധാരണ ജീവിത പശ്ചാത്തലമുള്ള ഇരകൾ എങ്ങനെ പ്രതികരിക്കണം, ആരോട് പറയണമെന്നറിയാതെ നിസ്സഹായരായിപ്പോവുക സ്വാഭാവികമാണ്. താൻ ജീവിക്കണോ, മരിക്കണോ എന്ന് തീരുമാനിക്കാൻ മാത്രം അധികാര ശേഷിയുള്ളവരാണ് തന്റെ മേധാവികൾ എന്ന ബോധ്യം ഏതൊരു ഇരയെയും പ്രതിക്കെതിരേ പരാതി കൊടുക്കുന്നതിൽനിന്ന് പിന്നോട്ട് വലിച്ചേക്കാം. അവരുടെ ആശ്രയത്തിൽ കഴിയുമ്പോൾ പ്രത്യേകിച്ചും. അതിനാൽ തന്നെ 13 തവണ ബലാത്സംഗത്തിന് ഇരയായിട്ടും എന്തുകൊണ്ട് പരാതി നൽകിയില്ല എന്ന വാദം നിർഭയാ കേസിന്റെ വിധിയുടെ അടിസ്ഥാനത്തിൽ നില നിൽക്കുന്നതല്ല. 2018ൽ പരാതി കൊടുത്തതിനു ശേഷവും നിരവധി ഭീഷണികളും സമ്മർദങ്ങളുമാണ് കന്യാസ്ത്രീക്കും അവരുടെ കുടുംബത്തിനും നേരിടേണ്ടി വന്നത്. അവരുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതായും പറയപ്പെടുന്നുണ്ട്.


സാധാരണ ഇത്തരം കേസുകളിൽ സാക്ഷികൾ സ്വാധീനത്തിനും പണത്തിനും വിധേയരായി കൂറുമാറുക പതിവാണ്. നടൻ ദിലീപിന്റെ കേസിൽ സമൂഹം അതു കണ്ടതുമാണ്. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയാണ് പല സാക്ഷികളും പ്രതിഭാഗത്തേക്ക് കൂറുമാറുക. എന്നാൽ ഇവിടെ കന്യാസ്ത്രീക്ക് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ സാക്ഷികളിൽ ഒരാൾപോലും പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നില്ല. സാധാരണ ജീവിത പശ്ചാത്തലമുള്ളവരായിരുന്നു ഈ സാക്ഷികൾ. എന്നിട്ടുപോലും പണത്തിനു വേണ്ടിയോ, പ്രലോഭനങ്ങൾക്ക് വഴങ്ങിയോ അവരാരും കൂറുമാറിയില്ല എന്നത് ശ്രദ്ധേയമാണ്. നടൻ ദിലീപിന് വേണ്ടി കോടതിയിൽ ഹാജരായിക്കൊണ്ടിരിക്കുന്ന അഡ്വ. കെ. രാമൻ പിള്ള തന്നെയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടിയും കോട്ടയം അഡിഷണൽ സെഷൻസ് കോടതിയിൽ ഹാജരായത് എന്നതും ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്.


ശാസ്ത്രീയ തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്ന വിമർശനവും ഉയർന്നുവന്നിട്ടുണ്ട്. ബലാത്സംഗ കേസുകളിൽ ഇരകളുടെ മൊഴികൾ പ്രബലമായ തെളിവുകളാകുമ്പോൾ ഇത്തരം ന്യായവാദങ്ങൾ നിലനിൽക്കുന്നതല്ല.
പത്തു മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 105 ദിവസം നീണ്ടുനിന്ന വിസ്താരം നടന്നു. ചങ്ങനാശേരി മജിസ്ട്രേറ്റിന് മുന്നിലായിരുന്നു പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യമൊഴി നൽകിയിരുന്നത്. കേസിന്റെ തുടക്കത്തിലൊന്നും ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ പൊലിസ് മുതിർന്നില്ല. കന്യാസ്ത്രീകൾ മഠം വിട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങി. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഒരു ബിഷപ്പിനെതിരേ അഞ്ചു കന്യാസ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സംസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവർക്കൊപ്പം നിന്നു. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളൊന്നും കന്യാസ്‌ത്രീക്കൊപ്പം നിൽക്കാതിരുന്നിട്ടും ജാതിമത ഭേദമന്യേയുള്ള ജനകീയ പ്രതിഷേധങ്ങൾക്കു മുന്നിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലിസ് നിർബന്ധിതരായി. ജലന്ധറിലെത്തിയപ്പോൾ ബിഷപ്പിനടുത്തേക്ക് പൊലിസിനെ, വിശ്വാസികളെന്ന പേരിൽ തടിച്ചുകൂടിയവർ അകത്തേക്ക് കടത്തിവിട്ടതുമില്ല. ഒടുവിൽ ബിഷപ്പിനെ കേരളത്തിലെത്തിച്ചാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പൊലിസ് നടപടികൾക്കെല്ലാം ബിഷപ്പും കത്തോലിക്കാ സഭയും സഹകരണാത്മകമായ നിലപാടാണ് പിന്നീട് സ്വീകരിച്ചത്. വലിയ അധികാര കേന്ദ്രമായ ബിഷപ്പ് ഫ്രാങ്കോ തന്റെ ആത്മീയാധികാരം ഉപയോഗിച്ച് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശമിച്ചു എന്നായിരുന്നു കുറ്റപത്രത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഏഴു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പത്തു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകൾ.


തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ബിഷപ്പ് ഫ്രാങ്കോ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ട് കോടതിയിൽനിന്ന് പരാമർശം ഉണ്ടായത്, ഫ്രാങ്കോ തന്റെ ആത്മീയാധികാരം ഉപയോഗിച്ച് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു. പൊലിസിൽ കേസ് കൊടുക്കുന്നതിന് മുമ്പ് പരാതിക്കാരി 2017ൽ സഭാ നേതൃത്വത്തിനു നൽകിയ പരാതിയും പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ കാലത്തിനിടയിൽ നിരവധി അവഹേളനങ്ങൾക്കും സമൂഹമാധ്യമങ്ങളിലെ കൂട്ടായ ആക്രമണങ്ങൾക്കും അവർ വിധേയയായി.


വിധി വന്നയുടനെ തന്നെ സത്യം ജയിക്കുമെന്ന് അച്ചടിച്ച പത്രക്കുറിപ്പ് കോടതി പരിസരത്ത് വിതരണം ചെയ്യപ്പെടുകയുണ്ടായി. കുറ്റം ചെയ്യുന്നവർ സാമ്പത്തിക അധികാര ശക്തികളാകുമ്പോൾ പീഡിതരാകുന്ന ഇരകൾ രഹസ്യമൊഴി നൽകിയാലും പീഡകർ ശിക്ഷിക്കപ്പെടാതെ പോകുന്നത് നിയമവ്യവസ്ഥയിലെ സമസ്യയായിരിക്കാം. എന്തായാലും കേസ് ഇവിടംകൊണ്ട് അവസാനിക്കുന്നില്ല എന്നാണ് പ്രോസിക്യൂട്ടർ പറഞ്ഞുവയ്ക്കുന്നത്. ചിലപ്പോൾ അഭയ കേസിലേതു പോലെ ബിഷപ്പിനാൽ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന കേസിന്റെ വിചാരണകളും അന്തിമവിധിയും വർഷങ്ങളിലൂടെ നീണ്ടുപോയേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  11 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  11 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  11 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  11 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  11 days ago