എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് തുക കൈമാറണം
ഓരോവര്‍ഷവും സര്‍ക്കാരിനെതിരേ സമരംചെയ്യേണ്ട ഗതികേടിലാണ് കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ആനുകൂല്യങ്ങള്‍ക്കായി എല്ലാവര്‍ഷവും സെക്രട്ടേറിയറ്റിന് മുന്‍പില്‍ വന്ന് സമരം ചെയ്യേണ്ടിവരുന്നു. 2017 മുതല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് വീണ്ടുമൊരു സമരമുഖം തുറക്കാന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ജനുവരി 30ന് സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് വരുന്നത്. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഉപരോധ സമരം തുടങ്ങുന്നതിന് മുന്‍പ് സര്‍ക്കാര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കണം. നേരത്തെയുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയാറാകണം.
2017ലെ സുപ്രിംകോടതി വിധിപ്രകാരം രോഗബാധിതരുടെ മാതാക്കള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കണം. ഇത് നല്‍കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയാണ്. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് രോഗബാധിതരായ നാല് കുട്ടികളുടെ മാതാക്കള്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ അവര്‍ക്ക് മാത്രം സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കി. മറ്റുള്ളവര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. നാലായിരത്തിലധികം പേര്‍ക്ക് ഇപ്പോഴും കോടതി വിധിപ്രകാരം അഞ്ചുലക്ഷം രൂപ വീതം കിട്ടാനുണ്ട്. അതിനുകൂടി വേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കാസര്‍ക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പീഡിതയാത്ര നടത്താനൊരുങ്ങുന്നത്. പുതിയതായി പട്ടികയില്‍ ചേര്‍ക്കപ്പെട്ട 511 കുട്ടികള്‍ക്ക് ധനസഹായം നല്‍കുക, 2011ല്‍ പട്ടികയില്‍ ചേര്‍ത്ത 610 രോഗബാധിതര്‍ക്ക് ചികിത്സയും സഹായവും അനുവദിക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, മെഡിക്കല്‍ ക്യാംപ് നടത്തുക തുടങ്ങിയ ആവശ്യങ്ങളും പീഡിത യാത്രയ്ക്ക് പിന്നിലുണ്ട്.
2017 ഓഗസ്റ്റ് ഒന്‍പതിന് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍ക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍, തീര്‍ത്തും ധിക്കാരപരമായ നിലപാടാണ് അന്നത്തെ കലക്ടര്‍ സ്വീകരിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് അനുവദിച്ച സാമ്പത്തികസഹായം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന കടബാധ്യത എഴുതിത്തള്ളാത്തതിലും പ്രതിഷേധിച്ചായിരുന്നു അന്നത്തെ സമരം.
രോഗബാധിതരുടെയും അവരുടെ കുടുംബങ്ങളുടെയും നീറുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പലപ്പോഴും നിസംഗവും നിഷേധാത്മകവുമായ നിലപാടുകളായിരുന്നു ഉദ്യോഗസ്ഥ മേധാവികളില്‍ നിന്ന് ഉണ്ടായിരുന്നത്. എന്‍ഡോസള്‍ഫാന്‍ കാരണത്താല്‍ കാസര്‍ക്കോട്ട് ആരും രോഗബാധിതരായിട്ടില്ലെന്നും അങ്ങനെയുള്ള പ്രചാരണങ്ങള്‍ കെട്ടുകഥകളാണെന്നും വരെ കാസര്‍ക്കോട്ടെ കലക്ടര്‍ മുതല്‍ പ്രചരിപ്പിച്ചു. സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനിതക വൈകല്യങ്ങളാലുള്ള രോഗങ്ങള്‍ക്കപ്പുറം കാസര്‍ക്കോട്ട് മാത്രം പ്രത്യേകിച്ചൊരു രോഗാവസ്ഥ ഇല്ലെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വാദിക്കുകയുണ്ടായി. സര്‍ക്കാര്‍ അത്തരം കുപ്രചാരണങ്ങള്‍ക്ക് ചെവികൊടുക്കുകയും ചെയ്തുവെന്ന് വേണം കരുതാന്‍. സുപ്രിംകോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിട്ടും സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത് ഇതിനാലായിരിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കും തിരസ്‌ക്കാരങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജനിതക വൈകല്യങ്ങളോടെ കുട്ടികള്‍ ജനിക്കുന്നത് എന്‍ഡോസള്‍ഫാന്റ ഫലമായിട്ടാണെന്ന് പ്രചരിപ്പിക്കുന്നത് കപട പരിസ്ഥിതിവാദികളാണെന്ന് വരെ ജില്ലാ ഭരണകൂടം ആക്ഷേപിക്കുകയുണ്ടായി. ദുരിതബാധിതരെ കാണാതെയും അവരുമായി സംസാരിക്കാതെയുമുള്ള ഇത്തരം പ്രചാരണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകുന്നതിനുപിന്നില്‍ നിക്ഷിപ്ത താല്‍പര്യമായിരിക്കണം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരുപൊടിയുന്ന ജീവിതം പകര്‍ത്തിയ അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' നോവലിനെ വരെ ഇകഴ്ത്തി സംസാരിക്കാന്‍ ഒരു കലക്ടര്‍ക്ക് ധാര്‍ഷ്ട്യമുണ്ടായെങ്കില്‍ അതേപ്പറ്റിയുള്ള അന്വേഷണങ്ങളാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്‍ഡോസള്‍ഫാന്‍ മാരക വിഷമാണെന്ന് തിരിച്ചറിഞ്ഞിട്ടാണ് 120ഓളം രാജ്യങ്ങള്‍ നിരോധിച്ചത്. ജനീവ ഉച്ചകോടിയിലടക്കം എന്‍ഡോസള്‍ഫാന്‍ ഉഗ്ര വിഷമാണെന്ന പ്രഖ്യാപനം വന്നതിനുപിന്നാലെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ചത്. 1,500ഓളം പഠനങ്ങള്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന ഡോ. മുഹമ്മദ് അഷീലിന്റെ ശേഖരത്തിലുണ്ട്.
നാലുവര്‍ഷം മാത്രമേ ഒരു കീടനാശിനി ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിയമം അവഗണിച്ചാണ് കാസര്‍ക്കോട്ട് 22 വര്‍ഷം ഒരു ജനതയുടെ ആവാസ വ്യവസ്ഥയ്ക്കുമേല്‍ ഈ കൊടിയ വിഷം തളിച്ചത്. ഉദ്യോഗസ്ഥര്‍ക്കും ഗവേഷണപടുക്കള്‍ക്കും എന്‍ഡോസള്‍ഫാന്റ സ്വഭാവം മനസിലാകണമെന്നില്ല. എന്നാല്‍, രോഗബാധിതരായ മക്കള്‍ക്കൊപ്പം കഴിയുന്ന മാതാപിതാക്കള്‍ക്ക് അത് തിരിച്ചറിയാന്‍ പ്രത്യേക പഠനങ്ങളൊന്നും വേണ്ട. മക്കളുമായുള്ള ഇടപഴകല്‍ തന്നെ മതിയാകും.
1981ല്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച ഗ്രാമങ്ങളില്‍ മാറാരോഗങ്ങള്‍ പെരുകിയപ്പോഴാണ് രണ്ടായിരത്തോടെ പ്രദേശവാസികളും ദുരിതബാധിതരും പ്രത്യക്ഷ സമരത്തിനിറങ്ങിയത്. എന്നിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെപോയ സമരം കാസര്‍ക്കോട്ടെ ജനത ഏറ്റെടുത്തതോടെയാണ് സംസ്ഥാന ശ്രദ്ധയിലെത്തിയത്. തുടര്‍ന്നാണ് ദയാബായിയെ പോലുള്ള പ്രശസ്തരായ സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകരും സാഹിത്യ, സാംസ്‌ക്കാരിക പ്രവര്‍ത്തകരും ദുരിതബാധിതര്‍ക്കുവേണ്ടി സംസാരിക്കാനും ഇടപെടാനും തുടങ്ങിയത്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരും ദുരിതബാധിതരെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് നിരവധി വാഗ്ദാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും പലതും നിറവേറ്റപ്പെട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ട ദുരിതാശ്വാസ തുകയോ ഇരകളുടെ മാതാക്കള്‍ക്ക് സുപ്രിംകോടതി വിധിച്ച അഞ്ചുലക്ഷം രൂപ വീതമോ നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. അത് നേടിയെടുക്കാനാണ് ജനുവരി 30ന് ഇരകളുടെ കുടുംബങ്ങള്‍ വീണ്ടും സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് പ്രക്ഷോഭവുമായി വരുന്നത്. നേരത്തെ നിരവധിതവണ വാഗ്ദാനങ്ങള്‍ ചെയ്ത് ഇരകളെ തിരിച്ചയച്ചതുപോലുള്ള നടപടികളുടെ ആവര്‍ത്തനം ഇത്തവണ ഉണ്ടാകരുത്. ദുരിതബാധിതരുടെ ദയനീയ മുഖങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് സുപ്രിംകോടതി വിധിച്ച തുക കൈമാറുകയാണ് വേണ്ടത്. ഒപ്പം അവര്‍ ഉന്നയിക്കുന്ന ന്യായമായ മറ്റ് ആവശ്യങ്ങള്‍ അനുവദിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."