തട്ടിപ്പിന്റെ പ്രവേശന വഴികള്‍
രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി റഷീദ് എന്ന യുവാവ് പൊലിസ് പിടിയിലായി. തമിഴ്‌നാട്ടിലെ വിവിധ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനപ്പരീക്ഷകളില്‍ നടത്തിയ തട്ടിപ്പിന്റെ സൂത്രധാരന്‍ റഷീദാണെന്നാണ് പൊലിസ് പറയുന്നത്. 2019 സെപ്റ്റംബറിലായിരുന്നു തമിഴ്‌നാട്ടിലെ തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആള്‍മാറാട്ടം നടത്തി പ്രവേശനപ്പരീക്ഷയെഴുതി ഒരു വിദ്യാര്‍ഥി പ്രവേശനം നേടി എന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ വേറെയും വിദ്യാര്‍ഥികള്‍ ഇപ്രകാരം പ്രവേശനം നേടിയതായി കണ്ടെത്തി. തട്ടിപ്പിന്റെ വഴികള്‍ കേരളത്തിലേക്കും നീളുന്നു എന്നായിരുന്നു കണ്ടെത്തല്‍. യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്കു പകരം വേറെയാളുകളെവച്ച് പരീക്ഷ എഴുതിക്കുകയായിരുന്നു തട്ടിപ്പിന്റെ മോഡസ് ഓപ്പറാണ്ടി. ഈ തട്ടിപ്പിലെ കിങ്പിന്‍ ആണത്രേ റഷീദ്. അയാള്‍ കേരളത്തില്‍ പലേടങ്ങളിലായി കോച്ചിങ് സെന്ററുകള്‍ നടത്തുന്നു. ഈ സെന്ററുകളിലെ വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് തട്ടിപ്പ്.
ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. മറ്റൊരറ്റമായിരുന്നു ഈയിടെ അസമില്‍ ദൃശ്യമായത്. നീറ്റ് പരീക്ഷയില്‍ അസമില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥി വ്യാജനായിരുന്നു. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും കാലാകാലങ്ങളായി ഇത്തരം തട്ടിപ്പുകളുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലെ കോട്ടയാണ് ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന ജെ.ഇ.ഇയ്ക്ക് പരിശീലനം നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥലം. കേരളത്തിലെ പാലയുടെ ഇന്ത്യന്‍ തലത്തിലുള്ള ദേശം. കോട്ടയിലെ പല പരീക്ഷാ പരിശീലന കേന്ദ്രങ്ങളും അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പരീക്ഷയെന്ന കടമ്പ കടക്കുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നത് എന്ന് പരാതിയുണ്ട്. കോച്ചിങ് സെന്ററുകളും പരീക്ഷാ കമ്മിഷണറേറ്റിലെ ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമൊക്കെ ചേര്‍ന്ന ഒരച്ചുതണ്ട് പ്രവര്‍ത്തിക്കുന്നു എന്നാണ് പരാതി. ഓരോ കൊല്ലവും മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനം സംബന്ധിച്ചുയര്‍ന്നുവരുന്ന വിവാദങ്ങള്‍ ഇതിനെ ബലപ്പെടുത്തുന്നു.
മെഡിക്കല്‍ പി.ജി പ്രവേശനം സംബന്ധിച്ചും ഈയിടെ ഗൗരവമായ ഒരു പരാതി ഉയര്‍ന്നു. കേരളത്തിന് പുറത്താണ് സംഭവം. വിദ്യാര്‍ഥി നിയമപ്രകാരം കംപ്യൂട്ടറില്‍ ലോഗിന്‍ ചെയ്തു പരീക്ഷയെഴുതാനിരിക്കുന്നു. പക്ഷേ എഴുതുന്നത് മറ്റെവിടെയോവച്ച് മറ്റേതോ ഒരാള്‍. പരീക്ഷാസമയം പൂര്‍ത്തിയാവുമ്പോള്‍ യഥാര്‍ഥ വിദ്യാര്‍ഥി ക്ലോസ് ചെയ്ത് ലോഗ് ഔട്ട് ചെയ്ത് പുറത്തുപോകുന്നു. മറ്റേയാള്‍ എഴുതിയ ശരിയുത്തരങ്ങള്‍ ഇയാളുടെ കണക്കില്‍ വരുമത്രേ. നേരാണോ എന്നറിയില്ല. വന്‍തുക വാങ്ങി മെഡിക്കല്‍ പി.ജി പ്രവേശനം തരപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരുണ്ട് എന്നതൊരു സത്യമാണ്. സാങ്കേതികവിദ്യ ഏറെ വികസിച്ച ഇന്നത്തെ കാലത്ത് ഇതൊക്കെയും സാധ്യമാവും എന്നതും സത്യം. മനസുണ്ടെങ്കില്‍ മാര്‍ഗമുണ്ട് എന്നാണ് ചൊല്ല്. മനസുണ്ടെങ്കില്‍ ഒന്നല്ല പലതുണ്ട് വഴികള്‍, തട്ടിപ്പുകാര്‍ ഏറ്റവും ഉചിതമായത് തെരഞ്ഞെടുത്ത് കാര്യം സാധിക്കുന്നു.
കുറുക്കുവഴികള്‍ നിരവധി
പരീക്ഷാ തട്ടിപ്പിനു വിദ്യാര്‍ഥികള്‍ പ്രയോഗിക്കുന്ന കുറുക്കുവഴികള്‍ പലതാണ്. കേരളത്തില്‍ പണ്ടു മുതല്‍ക്കേ പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള പ്രവേശനം മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രീ-ഡിഗ്രി പരീക്ഷയില്‍ ലഭിച്ച മാര്‍ക്കായിരുന്നു മാനദണ്ഡം. ചില വിദ്യാര്‍ഥികള്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ചു പ്രവേശനം നേടി ഡോക്ടര്‍മാരായത് കണ്ടുപിടിക്കപ്പെട്ടതോടെയാണ് പ്രവേശന പരീക്ഷാസമ്പ്രദായം നിലവില്‍ വന്നത്. ആദ്യമൊക്കെ കുറ്റമറ്റ രീതിയില്‍ നടന്ന പ്രവേശന പരീക്ഷകള്‍ കാലം ചെന്നതോടെ പല അവിഹിത വഴികളിലൂടെയും സഞ്ചരിക്കാന്‍ തുടങ്ങി. തടയാന്‍ കൈക്കൊള്ളുന്ന എല്ലാ ശ്രമങ്ങളെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തട്ടിപ്പുകാര്‍ മറികടക്കുന്നു. കേരളത്തിനു പുറത്ത് പലേടത്തും പണ്ടേ പ്രവേശന പരീക്ഷകളുണ്ടായിരുന്നു. ഇപ്പോള്‍ ദേശീയതലത്തില്‍ വലിയ മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷകള്‍. ഈ മുന്നൊരുക്കങ്ങളെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ടാണ് തുടക്കത്തില്‍ സൂചിപ്പിച്ച പോലെ റഷീദുമാര്‍ പരീക്ഷാ മേഖലയില്‍ വാഴുന്നത്. ഈ അവസ്ഥയില്‍ പഴയ മാര്‍ക്കടിസ്ഥാനത്തിലുള്ള പരീക്ഷകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യമുയരുന്നത് സ്വാഭാവികമാണ്.
ലാഭം പരമപ്രധാനം
പ്രവേശനത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട മിക്കകേസുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളുമായി ബന്ധപ്പെട്ടവരാണ്. ഇന്ന് പരീക്ഷാ പരിശീലനം കോടികളുടെ വിറ്റുവരവുള്ള ബിസിനസാണ്. ഈ ബിസിനസില്‍ എല്ലാ ധാര്‍മിക മൂല്യങ്ങളും ബലികഴിക്കപ്പെടുന്നതായാണ് അനുഭവം. അതോടൊപ്പം തന്നെ മറ്റൊരു വിഷയം കൂടി എന്‍ട്രന്‍സ് പരീക്ഷയില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. വന്‍ തുക മുടക്കി പരിശീലനം നേടാന്‍ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികള്‍ പരീക്ഷയില്‍ പുറന്തള്ളപ്പെടുന്നു എന്നതാണിത്. നഗര കേന്ദ്രീകൃതമായ വമ്പന്‍ പരിശീലന കേന്ദ്രങ്ങളിലേക്ക് പ്രാപ്യതയില്ലാത്ത ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ഥികളും പുറന്തള്ളപ്പെടുന്നവരുടെ കൂട്ടത്തില്‍ പെടും. കേരളത്തില്‍ മെഡിക്കല്‍, ജെ.ഇ.ഇ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളുടെ കണക്കൊന്ന് പരിശോധിക്കുക. വലിയൊരു വിഭാഗം പേരും ഉയര്‍ന്ന കുടുംബങ്ങളില്‍നിന്ന് വരുന്ന പേരെടുത്ത പ്രവേശന പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മിടുക്കന്മാരും മിടുക്കികളുമായിരിക്കും. ബുദ്ധിശക്തിയോ കാര്യഗ്രഹണ ശേഷിയോ അല്ല മാനദണ്ഡമാക്കപ്പെടുന്നത്. പരിശീലനകേന്ദ്രങ്ങള്‍ പഠിപ്പിച്ചുവിടുന്നത് എങ്ങനെ പരീക്ഷയെ അഭിമുഖീകരിക്കണം എന്നതു സംബന്ധിച്ചുള്ള തന്ത്രങ്ങളാണ്. ആ തന്ത്രങ്ങള്‍ വശത്താക്കിയാല്‍ ജയിച്ചു. അവ വശത്താക്കാന്‍വേണ്ടി പ്രതിദിനം പതിനഞ്ചും പതിനാറും മണിക്കൂറുകള്‍ ചെലവഴിക്കുന്ന വിദ്യാര്‍ഥിനി, വിദ്യാര്‍ഥികള്‍ ഒരു വശത്ത്. കുറുക്കുവഴികളിലൂടെ റഷീദുമാര്‍ കടത്തിവിടുന്ന 'മിടുക്കന്മാരും മിടുക്കികളും' മറുവശത്ത്. ഇതാണ് മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട നമ്മുടെ നാട്ടിലെ പൊതുചിത്രം.
വേറെയും പ്രശ്‌നങ്ങള്‍
ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സര്‍ഗാത്മകമായ വര്‍ഷങ്ങളാണ് ഹയര്‍ സെക്കന്‍ഡറിക്കാലം. ലോകത്തേക്ക് കണ്ണും മനസും കാതും തുറന്നുവയ്ക്കുന്ന കാലം. സര്‍ഗശേഷിയുടെ പ്രകാശന കാലം. അറിയാത്ത വഴികളിലേക്ക് മനസ് ആവേശത്തോടെ സഞ്ചരിക്കുന്ന കൗമാരകാലം. ഈ കാലത്ത് എന്‍ട്രന്‍സ് പരീക്ഷക്കുവേണ്ടി സ്വയം സമര്‍പ്പിച്ച് മറ്റെല്ലാ ആത്മപ്രകാശനങ്ങളും ഉപേക്ഷിക്കുന്നവരാണ് നമ്മുടെ കുട്ടികള്‍. മറ്റു വായനകളില്ല, കളിയും ചിരിയുമില്ല, പാട്ടും ചിത്രവുമില്ല, സ്‌കൂള്‍ - കോളജ് തലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ പ്ലസ് വണ്‍, പ്ലസ് ടു കുട്ടികളെ കാണുന്നത് വിരളം. അവര്‍ പഠിപ്പിന്റേയും പരീക്ഷയുടേയും മാത്രം ലോകത്താണ് കഴിയുന്നത്. ഈയിടെ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്കുകള്‍ കിട്ടിയ ചില കുട്ടികളുടെ ടൈം മാനേജ്‌മെന്റിനെപ്പറ്റി വായിച്ചു. ദിവസം പതിനാറു മണിക്കൂര്‍ വായന, സിനിമയില്ല, വേറെ വായനയില്ല, സാമൂഹ്യമാധ്യമങ്ങളില്ല, പൊതുജീവിതമില്ല. ഇങ്ങനെ പഠിച്ചും പരീക്ഷയെഴുതിയും റിപ്പീറ്റു ചെയ്തും റീറിപ്പീറ്റ് ചെയ്തും വര്‍ഷങ്ങള്‍ ചെലവഴിക്കുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും ആശിച്ച കോഴ്‌സിനു പ്രവേശനം കിട്ടാതെ മനോവിഭ്രാന്തിയിലകപ്പെടുന്നു. മയക്കുമരുന്നടിമകളായവര്‍ പോലുമുണ്ട് അവര്‍ക്കിടയില്‍. കോച്ചിങ് സെന്ററുകളില്‍ ജീവിതം തുലച്ച് ബിരുദത്തിനു പോലും പ്രവേശനം കിട്ടാതെ ജീവിതം തുലഞ്ഞു പോയവരെത്ര! റാങ്കിന്റെ തിളക്കത്തില്‍ ഈ ഇരുട്ട് നാം മറക്കുന്നു.
എന്‍ട്രന്‍സ് പരീക്ഷാസമ്പ്രദായം പുനഃപരിശോധിക്കുകയെന്നത് ഗൗരവമേറിയ ഒരു പരിഗണനാവിഷയമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ എന്‍ട്രന്‍സ് പരീക്ഷകളേക്കാളോ അതിനു തുല്യമായോ കുറ്റമറ്റ രീതിയില്‍ നടത്തുന്നവയാണ് പൊതുപരീക്ഷകള്‍. അവ പരീക്ഷാ ബോര്‍ഡുകളുടെയും സര്‍വകലാശാലകളുടെയുമൊക്കെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പൊതുസമൂഹത്തിന്റെ ജാഗ്രതക്കണ്ണുകളും അവയുടെ മേലുണ്ട്. എന്തുകൊണ്ട് പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയിലെ പ്രകടനത്തോടൊപ്പം പൊതുപരീക്ഷയുടെ മാര്‍ക്കും പരിഗണിച്ചുകൂടാ? സമൂഹത്തിന്റെ താഴേ തലത്തിലുള്ളവര്‍ക്ക് ഇതായിരിക്കും ഗുണകരം. പരീക്ഷാ പരിശീലനവുമായി ബന്ധപ്പെട്ട സാമൂഹ്യവിപത്തുകള്‍ കുറയാനും അത് സഹായകമാവും. വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷങ്ങളിലും അത് കുറവുവരുത്തും. അതിലേറെ പ്രധാനം തട്ടിപ്പു റാക്കറ്റുകളെ തടയാനും ഇത് തന്നെയാവും ഉപകരിക്കുക എന്നതാണ്. റഷീദുമാര്‍ പ്രവേശനം നേടിക്കൊടുക്കുന്ന ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഇല്ലാതാവാന്‍ അതായിരിക്കില്ലേ അഭികാമ്യം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."