കെ.എസ്.ഐ.ടി.ഐ.എല്ലില്‍ ശിവശങ്കര്‍ ഇഫക്റ്റ്; 61 കാരനും നിയമനം; വനിതയ്ക്ക് 5 ഇന്‍ക്രിമെന്റ് !
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഐ.ടി വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെ.എസ്.ഐ.ടി.ഐ.എല്‍) വ്യാപക അനധികൃത നിയമനങ്ങള്‍ നടന്നുവെന്നും എല്ലാവരെയും പിരിച്ചു വിടണമെന്നും ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ നിയമിച്ചതില്‍ ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു പങ്കുണ്ടെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി. 2016ല്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ഇടപെട്ടാണ് കെ.എസ്.ഐ.ടി.ഐ.എല്ലില്‍ നിയമിച്ചത്.
58 വയസുവരെയാണ് സ്ഥാപനത്തില്‍ നിയമനം നടത്താന്‍ കഴിയുന്നത്. 61 വയസ് പൂര്‍ത്തിയായ ഇയാളെ എങ്ങനെയാണ് നിയമിച്ചതെന്നു വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത വനിതയ്ക്കു ശിവശങ്കര്‍ അഞ്ചു ഇന്‍ക്രിമെന്റുകള്‍ ഒരുമിച്ച് നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. പിന്നീട് ഇവരെ ജോലിക്കു യോഗ്യയല്ലെന്ന പേരില്‍ പിരിച്ചുവിട്ടത് വിചിത്രമായ നടപടിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കെ.എസ്.ഐ.ടി.ഐ.എല്‍ പി.ഡബ്ല്യു.സിയെ കണ്‍സള്‍ട്ടന്റാക്കിയ കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ മുന്നോട്ടുപോയത്.
നിയമനങ്ങള്‍ സുതാര്യമാക്കാന്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു ഐ.ടി സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ധനകാര്യപരിശോധനാവിഭാഗം ഉടന്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."