ആശാനക്ഷരമൊന്നു പിഴച്ചാല്‍...
'ആശാനക്ഷരമൊന്നു പിഴച്ചാല്‍...' മലയാളത്തില്‍ പ്രസിദ്ധമായ ഒരു ചൊല്ലാണിത്. ഗുരുനാഥനു പിഴച്ചാല്‍ വന്നുഭവിക്കുന്ന ആപത്തുകളെ സൂചിപ്പിച്ചായിരുന്നു ഈ പഴമൊഴി. ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ കാരണം, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിനു കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള നല്‍കിയ മറുപടിയാണ്. രാഷ്ട്രപതിക്ക് ഡിലിറ്റ് നിഷേധിച്ച കാര്യം കുത്തിക്കുറിച്ചയച്ച കടലാസ് പരാമര്‍ശിച്ച് ഗവര്‍ണര്‍ പത്രക്കാരോട് പറഞ്ഞ കാര്യത്തിനുള്ള വി.സിയുടെ ഔദ്യോഗിക മറുപടി. ഇംഗ്ലീഷില്‍ രണ്ടുവരി ശരിയായി എഴുതാന്‍പോലും അറിയാത്ത വൈസ് ചാന്‍സലറായിപ്പോയി കേരള സര്‍വകലാശാലയുടേത് എന്നാണ് പത്രക്കാരോട് ഗവര്‍ണര്‍ പ്രതികരിച്ചത്. ഒരു സന്ദേശം എങ്ങനെ കൈമാറണമെന്നുപോലും അറിയില്ല. പുറത്തുള്ളവര്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥ.
രാജ്യത്തെ ഏറ്റവും പഴയ സര്‍വകലാശാലകളില്‍ ഒന്നിന്റെ വി.സിയാണ് ഈ രീതിയില്‍ എഴുതുന്നതെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പ്രഗത്ഭമതികള്‍ അലങ്കരിച്ച തസ്തികയാണ് കേരള സര്‍വകലാശാലയുടേത്. 'യുവര്‍ എക്‌സലന്‍സി' എന്നു തുടങ്ങേണ്ടിടത്ത് 'ഹിസ് എക്‌സലന്‍സി' എന്നു സ്വന്തം കൈപ്പടയില്‍ വി.സി എഴുതിയത് കണ്ടപ്പോള്‍തന്നെ ഗവര്‍ണര്‍ക്കു വിഷമം തോന്നിക്കാണും. 'ദ' എന്നു വേണ്ടാത്തിടത്ത് ചേര്‍ത്തതും കണ്ടു. ഡിലിറ്റ് എന്നതിന്റെ സ്‌പെല്ലിങ് തന്നെ തെറ്റ്. തിരുത്ത് വരുത്തിയിടത്താകട്ടെ ഇനീഷ്യല്‍ ഇട്ടിട്ടുമില്ല.ഗവര്‍ണറുടെ പ്രതികരണം വിവാദമായതോടെ വൈസ് ചാന്‍സലര്‍, യൂണിവേഴ്‌സിറ്റി ലെറ്റര്‍പാഡില്‍ തന്നെ ടൈപ്പ് ചെയ്ത് നാലഞ്ചു വാചകങ്ങള്‍ ഓഫിസ് സീലോടെ പത്രക്കുറിപ്പായി ഇറക്കുകയും ചെയ്തു. അതില്‍ പറയുന്നത് ഇങ്ങനെ: 'ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ ഞാന്‍ പരമാവധി ജാഗരൂകനാണ്. മനസ് പതറുമ്പോള്‍ കൈവിറച്ചുപോകുന്നത് സാധാരണം. അതൊരു കുറവായി ഞാന്‍ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ല'. മനസ് പതറാന്‍ എന്താണ് സംഭവിച്ചതെന്നു തനിക്കറിയില്ലെന്നുമാത്രം ഗവര്‍ണര്‍ പ്രതികരിച്ചു. നാലുവര്‍ഷത്തോളമായി വി.സി പദം അലങ്കരിക്കുന്ന ഡോ. മഹാദേവന്‍പിള്ള അറിയപ്പെടുന്ന ഇലക്ട്രോണിക്‌സ് വിദഗ്ദനാണ്. ടെക്‌നോളജി വിഭാഗത്തില്‍ ഡീനായിരിക്കെയായിരുന്നു നിയമനം. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ അടക്കമുള്ള ഒരുപാട് പ്രശസ്ത വി.സിമാരുടെ കീഴില്‍ പ്രവര്‍ത്തിച്ച കേരള സര്‍വകലാശാലക്ക് 85 വര്‍ഷത്തെ പാരമ്പര്യമുണ്ട്.
കോണ്‍ഗ്രസ് നേതാവായി കേന്ദ്രത്തില്‍ ഊര്‍ജ വ്യോമയാന വകുപ്പ് മന്ത്രി ആവുന്നതിനുമുമ്പ് ആരിഫ് ഖാന്‍ എന്ന ഉത്തര്‍പ്രദേശുകാരന്‍ അലിഗഡില്‍ നിന്നു എം.എയും ലഖ്‌നൗവില്‍നിന്ന് എല്‍.എല്‍.ബിയും പാസായ ആളാണ്. പ്രത്യേക വിവാഹബില്ലിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ആളാണെങ്കിലും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നയാളുമാണ്, ഈ എഴുപതുകാരന്‍. ഇവിടെ അതല്ല പ്രശ്‌നം, നമ്മുടെ നേതാക്കളില്‍ പലര്‍ക്കും ചെറുപ്പ വലുപ്പമില്ലാതെ വാക്ക് പിഴവുകള്‍ വരുന്നു എന്നതാണ്. പൊതുജീവിതത്തിന്റെ ഭാഗമാണവയെങ്കിലും പറയുന്നത് പോലെയല്ല എഴുത്തിന്റെ കാര്യം. വരമൊഴിയില്‍ സൂക്ഷ്മതക്കുറവ് പാടില്ല എന്നതാണത്. അധ്യാപക രംഗത്താണെങ്കില്‍ പ്രത്യേകിച്ചും.
വായില്‍ വരുന്നതൊക്കെയും കോതയ്ക്കു പാട്ട് എന്ന ശൈലി ഉത്തവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കു ചേര്‍ന്നതല്ലെന്നു നമുക്കറിയാമല്ലോ. നിരന്തരമായി അസത്യങ്ങള്‍ പറഞ്ഞുനടക്കുന്നുവെന്നു കണ്ടപ്പോഴും നരേന്ദ്രമോദി ഛോര്‍ഹൈ എന്നു പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കുപോലും അതിന്റെ വില കൊടുക്കേണ്ടിവന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞത് മമതാ ബാനര്‍ജിക്കു നല്‍കുന്ന ഓരോ വോട്ടും ഒരു മിനി പാകിസ്താന്‍ സൃഷ്ടിക്കുമെന്നാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമന്ത്രിയായ ബി.ജെ.പി നേതാവ് വി. മുരളീധരന്‍ 'കോവിഡിയറ്റ്' എന്നു വിളിച്ചതും ഒരു ദേശീയ പത്രത്തിന്റെ സമുന്നതനായ ചീഫ് എഡിറ്ററെ കേരള മുഖ്യമന്ത്രി 'എടോ ഗോപാലകൃഷ്ണാ' എന്നു അഭിസംബോധന ചെയ്തതും നാം മറന്നിട്ടില്ല. ആര്‍.എസ്.പി നേതാവായ എന്‍.കെ പ്രേമചന്ദ്രനെ 'പരനാറി' എന്നു വിളിക്കാനും പാര്‍ട്ടി വിട്ടുപോയവരെ 'കുലംകുത്തികള്‍' എന്നു വിശേഷിപ്പിക്കാനും കേരള മുഖ്യമന്ത്രിക്ക് മടിയില്ല. വാര്‍ത്തയെടുക്കാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്ത്' എന്നു പറയാനും. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആണല്ലോ കേരളത്തില്‍ വ്യാപകമായ മതം മാറ്റം നടക്കുന്നുവെന്നും കാലം അധികം കഴിയാതെ ഇവിടെ മുസ്‌ലിം ഭൂരിപക്ഷമാകുമെന്നും പരസ്യമായി വിളിച്ചുപറഞ്ഞത്. മധ്യപ്രദേശിലെ ഒരു സന്യാസിവര്യനായ കാളിചരണ്‍ മഹാരാജ് ഒന്നിലേറെ തവണ പരസ്യമായി രാഷ്ട്രപിതാവായ മഹാത്മജിയെ അവഹേളിച്ചതും റായ്പൂര്‍ പൊലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും ഈയിടെയാണല്ലോ. ഇന്നിപ്പോള്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഹിന്ദുരക്ഷാസഭ നടത്തിയ ധര്‍മ സന്‍സദില്‍ മുസ്‌ലിംകള്‍ക്കെതിരേ വാളെടുക്കാന്‍ ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കളടക്കമുള്ള ഹിന്ദു സന്യാസിമാര്‍ക്കെതിരേ സുപ്രിംകോടതിവരെ കേസെടുത്തിരിക്കയാണ്.
ശ്രേഷ്ഠഭാഷാ പദവി അലങ്കരിക്കുന്ന നമ്മുടെ മലയാളത്തില്‍തന്നെ വാക്കുകള്‍ക്ക് നാനാര്‍ഥങ്ങളുള്ളത് നമുക്കറിയാം. പ്രമാദമായ കേസ് എന്നു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രമാദത്തിന്റെ അര്‍ഥം നാം ശ്രദ്ധിക്കാറില്ല. 'തല്ലിപ്പൊളിയും'അടിപൊളിയും' ഒരേ സംഗതിയാണെങ്കിലും പ്രയോഗത്തില്‍ രണ്ടിനും വിപരീതാര്‍ഥങ്ങളാണ്. ഹരിജന്‍ മര്‍ദനം, ഹരിജനെ മര്‍ദിക്കുന്നതാവുമ്പോള്‍ പൊലിസ് മര്‍ദനം, പൊലിസ് മര്‍ദിക്കുന്നതാണ്. ഇനി ലോക്കപ്പ് മര്‍ദനമാണെങ്കില്‍ ജയിലിലുള്ള മര്‍ദനവും. ഓര്‍മവരുന്നത് ഒരു കോടതിക്കഥയാണ്. ജഡ്ജി വിധിയെഴുതി. 'ഹാങ് ഹിം, നോട്ട് ലെറ്റ് ഹിം ഗോ' അവനെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നു, വെറുതെ വിടരുത്. ടൈപ്പ് ചെയ്ത കോടതിയിലെ ക്ലാര്‍ക്കിനു കോമ ഇടേണ്ട സ്ഥലം മാറിപ്പോയി. 'ഹാങ് ഹിം നോട്ട്, ലെറ്റ് ഹിം ഗോ'.
ശേഷവിശേഷം: മനസ് പതറുമ്പോള്‍ കൈവിറച്ചുപോകുന്നു എന്നു സ്വയം ന്യായീകരിക്കുന്ന ബഹുമാന്യനായ വൈസ് ചാന്‍സലര്‍ സര്‍വകലാശാലാ പരീക്ഷകളില്‍ പരാജയപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും ഈ ഇളവുകള്‍ അനുവദിക്കുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."