ധീരജിന്റെ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി പിടിയില്‍
ഇടുക്കി: എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണിയാണ് പിടിയിലായത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗമാണ് സോയിമോന്‍ സണ്ണി.
കേസിലെ മുഖ്യപ്രതിയായ നിഖില്‍ പൈലിയോടൊപ്പമുണ്ടായിരുന്ന ആറംഗ സംഘത്തിലെ ആളാണ് സോയിമോന്‍ സണ്ണിയെന്ന് പൊലിസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ചേലച്ചുവട്ടിലെ വീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇയാള്‍.
കേസില്‍ ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്. ഒരാളെ പ്രതികളെ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചുപ്രതികളെ കഴിഞ്ഞദിവസം പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒന്നാംപ്രതി നിഖില്‍ പൈലി, രണ്ടാംപ്രതി ജെറിന് ജോജോ എന്നിവരെ ഈ മാസം 12 വരെയും മൂന്ന്, നാല്, അഞ്ച് പ്രതികളായ ജിതിന്, ടോണി, നിതിന്‍ എന്നിവരെ ഈ മാസം 21 വരെയുമാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
ജനുവരി 10നാണ് ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."