പടിക്ക് പുറത്താണ് ദളിത് പ്രസിഡന്റുമാര്‍
1997 ജൂണ്‍ 30ന് മധുര ജില്ലയിലെ മേലൂര്‍ നിയോജകമണ്ഡലത്തില്‍ ഒരു സംഘം ജാതി ഹിന്ദുക്കള്‍ മേല്‍വളവ് പഞ്ചായത്ത് പ്രസിഡന്റ് മുരുകേശന്‍ സഞ്ചരിച്ച ബസ് തടഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഖന്‍ ഉള്‍പ്പെടെ അഞ്ച് പേരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. മുരുകേശന്റെ നിയമനത്തിലേക്ക് നയിച്ച, മേല്‍വളവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതിക്കാര്‍ക്കായി നീക്കിവയ്ക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ പ്രകോപിതരായ അക്രമികള്‍ ആറുപേരെയും വെട്ടിക്കൊലപ്പെടുത്തി ശിരഛേദം ചെയ്ത് സംഭവസ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഒരു കിണറ്റിലേക്കെറിഞ്ഞു. കേസിലെ 44 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും 17 പേര്‍ക്ക് ജീവപര്യന്തം തടവ് നല്‍കുകയും ചെയ്തു. ഇതില്‍ 13 പേരേയും അടുത്തിടെ തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടയച്ചു. മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് ഇവരെ വിട്ടയച്ചത്. ഗ്രാമത്തില്‍ ഭൂരിപക്ഷമുള്ള ജാതി ഹിന്ദുക്കള്‍ ഈ തീരുമാനത്തില്‍ സന്തോഷിക്കുമ്പോള്‍, 1997 ല്‍ സങ്കല്‍പ്പിക്കാനാവാത്ത അക്രമങ്ങള്‍ നേരിട്ട 150 ദലിത് കുടുംബങ്ങള്‍ക്ക്, എല്ലാ സുരക്ഷിതത്വബോധവും ഭയാനകമായി മാറ്റിയിരിക്കുന്നു. മറ്റൊരു കുറ്റവാളി ജ്യോതി 2010 ല്‍ ജയിലില്‍ വച്ച് മരിച്ചു.
നിലത്തിരുന്ന പ്രസിഡന്റ്
ജാതി വിവേചനത്തിന്റെ മറ്റൊരു കേസില്‍ അടുത്തിടെ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ തെര്‍കുത്തിട്ടൈ പഞ്ചായത്ത് ഭരിക്കുന്ന ദലിത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേശ്വരിക്ക് ജാതി ഹിന്ദുക്കളില്‍ ഉണ്ടായ അനുഭവം അവര്‍ പറയുന്നത് കേള്‍ക്കൂ:
'മറ്റ് പഞ്ചായത്ത് മെമ്പര്‍മാരും താഴ്ന്ന പദവിയുള്ള ഉദ്യോഗസ്ഥരും യോഗങ്ങളില്‍ കസേരകള്‍ കൈവശപ്പെടുത്തിയിരുന്നു. ഗ്രാമത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ നടന്ന നാല് പഞ്ചായത്ത് യോഗങ്ങളിലും തറയില്‍ ഇരിക്കാനാണ് തന്നെ പ്രേരിപ്പിച്ചത്. ഗ്രാമത്തില്‍ പ്രധാനമായും വണ്ണിയാര്‍ (ഏറ്റവും പിന്നോക്ക സമുദായം) ജാതിക്കാരാണ് കൂടുതലുളളത്. പട്ടികജാതിക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റായി ജനുവരിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പ്രബല ജാതിയില്‍പ്പെട്ട വൈസ് പ്രസിഡന്റ് മോഹന്‍രാജ് യോഗങ്ങളില്‍ തറയില്‍ ഇരിക്കാന്‍ നിര്‍ബന്ധിച്ചു.'
സുപ്രധാന തീരുമാനങ്ങളില്‍ പോലും സംസാരിക്കാന്‍ വൈസ് പ്രസിഡന്റ് അനുവദിക്കില്ലെന്ന് രാജേശ്വരി പറയുന്നു. 'പ്രസിഡന്റ് എന്ന നിലയില്‍, യോഗങ്ങളില്‍ എടുക്കുന്ന സുപ്രധാന തീരുമാനങ്ങളില്‍ പങ്കെടുക്കാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍, അദ്ദേഹം എന്റെ അധികാരത്തെ ചോദ്യം ചെയ്യുകയും, ഒന്നുകില്‍ ഞാന്‍ സംസാരിക്കുകയോ അനുവദിക്കുകയോ ചെയ്യണമെന്ന് പറയുമായിരുന്നു. ഞാനും ഭര്‍ത്താവും ഇത്രയും കാലം മൗനം പാലിച്ചു. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയാണ്. ജാതീയ ചൂഷണങ്ങള്‍ ദിനംപ്രതി ഞങ്ങളെ വേട്ടയാടുകയാണ്'. ഒരു യോഗത്തില്‍ രാജേശ്വരി തറയില്‍ ഇരിക്കുന്നതിന്റെ ചിത്രം 2020 ഒക്ടോബര്‍ 10ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് പൊതുജനശ്രദ്ധ നേടി. ഇതോടെ കലക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഉദ്യോഗസ്ഥരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമത്തിലെത്തി ഇക്കാര്യം അന്വേഷിച്ചു. അപ്പോഴും മറ്റ് പഞ്ചായത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിപ്പെടരുതെന്ന് ഭീഷണിപ്പെടുത്തിയതായി രാജേശ്വരി പറഞ്ഞു.
'ഞങ്ങള്‍ രണ്ടുമാസത്തോളം മിണ്ടാതിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന സംഭവം ജൂലൈയിലാണ് നടന്നത്'- രാജേശ്വരിയുടെ ഭര്‍ത്താവ് ശരവണകുമാര്‍ പറഞ്ഞു.' ആരെയും അകത്ത് ചിത്രമെടുക്കാന്‍ അനുവദിക്കാത്തതിനാല്‍ യോഗം നടക്കുമ്പോള്‍ എനിക്ക് ജനാലയില്‍ കൂടി ചിത്രം എടുക്കേണ്ടിവന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളിലെ സംഭവങ്ങള്‍ ഞങ്ങളെ ശരിക്കും വേദനിപ്പിച്ചു. അവര്‍ ഞങ്ങളെ പരസ്യമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. ജാതിവിളിച്ച് ആക്ഷേപം തുടങ്ങി. എന്റെ ഭാര്യയെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ പോലും കയറാന്‍ അനുവദിച്ചില്ല. തെര്‍കുത്തിട്ടൈ ഗ്രാമത്തില്‍ അഞ്ഞൂറോളം കുടുംബങ്ങളുണ്ട്, കൂടുതലും വണ്ണിയാര്‍, 100 പട്ടികജാതി കുടുംബങ്ങളുണ്ട്. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തതായി കടലൂര്‍ ജില്ലാ കലക്ടര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒളിച്ചോടി. പട്ടികജാതിവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് പറയുന്നു'.
പതാക ഉയഹ്ലത്താനും
സമ്മതിച്ചില്ല
ഒരു ദലിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതി വിവേചനം കാണിക്കുന്ന ആദ്യ സംഭവമല്ല ഇത്. ഓഗസ്റ്റ് 23ന് കോയമ്പത്തൂരിലെ കൃഷ്ണപുരം പഞ്ചായത്തിന്റെ ദലിത് വനിതാ പ്രസിഡന്റ് വി. സരിത, ജാതി വിവേചനം മൂലം നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടതായി പറഞ്ഞിരുന്നു. എ.ഐ.എ.ഡി.എം.കെ അംഗമായിരുന്ന ഒരു ജാതി ഹിന്ദു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും പഞ്ചായത്ത് പ്രവര്‍ത്തകരോ ജാതി ഹിന്ദുക്കളോ തനിക്കൊപ്പം നിന്നില്ലെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15ന് ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളുവര്‍ ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിനെ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിച്ചില്ല. ജില്ലാ ഭരണകൂടം ഇടപെട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് ആത്തുപക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അമൃതം ത്രിവര്‍ണ പതാക ഉയര്‍ത്തിയത്.
സൈക്കിള്‍ ഓടിക്കാ നും അനുമതിയില്ല
2006 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തിരുനെല്‍വേലിയില്‍ മൂന്നു ദലിതര്‍ കൊല്ലപ്പെട്ടു. പുതുക്കോട്ടയില്‍ കലൈമണി എന്ന ദലിത് വനിതാ പഞ്ചായത്ത് പ്രസിഡന്റും ആക്രമിക്കപ്പെട്ടു. അവരുടെ ഭര്‍ത്താവ് വില്ലേജ് ഓഫിസില്‍ കസേരയില്‍ ഇരുന്നുവെന്ന് പറഞ്ഞ് അയാളും ആക്രമിക്കപ്പെട്ടു. പലയിടത്തും ദലിതര്‍ക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം ഇല്ല. സര്‍ക്കാര്‍ എല്ലാ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ കൊടുത്തു. പക്ഷേ, ഇപ്പോഴും പട്ടികജാതിവര്‍ഗക്കാര്‍ ഉയര്‍ന്ന ജാതിക്കാരുടെ പ്രദേശങ്ങളില്‍ സൈക്കിളില്‍ നിന്ന് ഇറങ്ങി തള്ളിക്കൊണ്ട് നടക്കണം. താമസസ്ഥലങ്ങളും ജാതീയമായി വിഭജിക്കപ്പെട്ട് കിടക്കുകയാണ്. കോളനി താഴ്ന്ന ജാതിക്കാരുടെ വാസസ്ഥലമാണ്. ഊര് ഉയര്‍ന്നവരുടേതും. ബ്രാഹ്മണര്‍ അഗ്രഹാരങ്ങളിലാണ്. നഗരങ്ങളില്‍ ചേരികളിലാണ് ദലിതര്‍ താമസിക്കാറ്. അമ്പലം, ഉത്സവം, ശ്മശാനം ഒക്കെ ദലിതര്‍ക്ക് വേറെ തന്നെ. പലയിടത്തും ദലിതര്‍ക്ക് ശ്മശാനം ഇല്ലെന്നതാണ് വാസ്തവം.
സംവരണം ചെയ്താലും
ദലിത് പ്രസിഡന്റാവില്ല
മധുരയിലെ നാട്ടാമംഗലം ഒച്ചാണ്ടമ്മന്‍ കോവില്‍. ഉയര്‍ന്ന ജാതിക്കാരായ തേവര്‍മാരുടെ ഈ അമ്പലത്തില്‍ വര്‍ഷംതോറും നടക്കുന്ന ഉത്സവം കൂടാന്‍ ലോകത്തിന്റെ ഏതുഭാഗത്തുനിന്നായാലും തേവര്‍മാര്‍ എത്തും. ഉത്സവാഘോഷത്തിനൊപ്പം അവര്‍ തീരുമാനമെടുക്കും, ദലിതനെ ഇവിടെ പഞ്ചായത്ത് പ്രസിഡന്റായി ഭരിക്കാന്‍ അനുവദിക്കില്ലെന്ന്. (കീരിപ്പെട്ടിയെ 1993 മുതലാണ് സര്‍ക്കാര്‍ ദലിത് സംവരണമണ്ഡലമായി പ്രഖ്യാപിച്ചത്). ഉത്സവ യോഗത്തില്‍വച്ച് തേവര്‍മാര്‍ ഒരു തീരുമാനം കൂടി എടുക്കും; സംവരണം ചെയ്യപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാള്‍ ആരായിരിക്കണമെന്ന്. മത്സരിക്കുന്നയാള്‍ അവരുടെ പറമ്പിലെ പണിക്കാരനോ, വയലില്‍ കൃഷിയിറക്കുന്നവനോ ആയിരിക്കും. തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരുമ്പോള്‍ കോവില്‍ യോഗത്തില്‍ തീരുമാനിച്ച ദലിതനെക്കൊണ്ട് നോമിനേഷന്‍ കൊടുപ്പിക്കും. ഒരേയൊരു നോമിനേഷന്‍ മാത്രമേ ഉണ്ടാവൂ എന്നതുറപ്പാണ്. തേവര്‍മാരെ ധിക്കരിക്കാന്‍ പോന്നവരാരും അന്നാട്ടിലില്ല. നോമിനേഷനില്‍ കൈവിരല്‍പ്പാട് പതിപ്പിക്കുന്നതിനൊപ്പം, സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന ദലിതന്റെ കൈവിരല്‍പ്പാട് സ്ഥലത്തെ തേവര്‍മാര്‍ മറ്റൊരു അപേക്ഷയില്‍ കൂടി പതിപ്പിച്ചെടുക്കും. അതവന്റെ രാജി അപേക്ഷയാണ്. അവര്‍ തീരുമാനിച്ച ഒരേയൊരു സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. പിറ്റേന്ന് രാവിലെ മുന്‍കൂട്ടി തയ്യാറാക്കി വിരലടയാളം പതിപ്പിച്ച രാജിക്കത്ത് അധികാരികളുടെ മുന്നിലെത്തും.
രാജിക്കത്ത് വാങ്ങി സര്‍ക്കാര്‍ സംവിധാനം വീണ്ടും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ആറുമാസം കഴിയുമ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ്. പിന്നെയും തനിയാവര്‍ത്തനം. ഇങ്ങനെ പത്തുവര്‍ഷത്തോളം (1995 മുതല്‍ 2005 വരെ) ഇതു തുടര്‍ന്നുകൊണ്ടേയിരുന്നു. 2002 ഏപ്രിലില്‍ പാപ്പാപ്പെട്ടിയില്‍ നിന്നു വിജയിച്ച എസ്. തേനിക്കൊടിയും 2003 ഒക്ടോബറില്‍ കെ. അഴകരും രാജിവച്ചത് 'സ്വകാര്യ പ്രശ്‌നങ്ങള്‍' കാരണം എന്നെഴുതിക്കൊടുത്തുകൊണ്ടായിരുന്നു. 2002 ഏപ്രിലില്‍ കീരിപ്പെട്ടിയില്‍ വിജയിച്ച കറുത്തകണ്ണനും മറ്റുമാര്‍ഗമില്ലായിരുന്നു. മൂന്ന് വോട്ടുകളൊക്കെയാണ് ഓരോ പ്രാവശ്യവും ഈ മേഖലകളില്‍ പോള്‍ ചെയ്യപ്പെടുന്നത്. ദലിതര്‍ക്ക് കൃഷിക്കാര്യങ്ങളില്‍ മാത്രമല്ല, വോട്ട് ചെയ്യുന്നതിലും ജാതി ഹിന്ദുക്കളുടെ അടിമത്വം സ്വീകരിക്കേണ്ടിവരുന്നു.
മഡ്ഡരിച്ചയാള്‍ക്ക് സംഭവിച്ചത്
''ഇതുവരെ ഞങ്ങള്‍ക്ക് മുന്നില്‍ കൈയ്യും കെട്ടി വണങ്ങി നിന്നവര്‍ കസേരയില്‍ ഇരുന്ന് ഭരിക്കുകയോ, പറ്റില്ല, പാടില്ല'' എന്ന് ഉയര്‍ന്ന ജാതിക്കാര്‍ പറഞ്ഞത് സത്യമാണെന്നും അനുസരിക്കേണ്ടതാണെന്നും ദലിതര്‍ വളരെക്കാലം ആത്മാര്‍ഥമായി വിശ്വസിച്ചു. ഒരു തവണ നാട്ടാമംഗലത്ത് രണ്ടുപേര്‍ മത്സരത്തിനെത്തി. ഒരാള്‍ ഉയര്‍ന്ന ജാതിക്കാരുടെ സ്ഥാനാര്‍ഥി. മറ്റേയാള്‍ സ്വയംനിന്ന ദലിത്. അയാള്‍ പത്രിക സമര്‍പ്പിച്ച ശേഷം ഗ്രാമത്തില്‍ നിന്ന് പേടിച്ച് ഒളിച്ചോടിപ്പോയി. ഉയര്‍ന്ന ജാതിക്കാരുടെ സ്ഥാനാര്‍ഥി ജയിച്ചു. പാപ്പാപ്പെട്ടിയിലും അതേ കഥ തന്നെ നടന്നു. കീരിപ്പെട്ടിയില്‍ തിരുമാവളവന്റെ വിടുതലൈ ചിരുത്തൈകള്‍ കക്ഷിയുടെ (വി.സി.കെ) പിന്തുണയോടെ നരസിംഹന്‍ എന്ന ദലിത് പത്രിക കൊടുത്തു. കലക്ടറും മറ്റും പിന്തുണച്ചു. പത്രിക കൊടുത്ത അയാള്‍ മധുരയ്ക്ക് ഓടിപ്പോയി. ജയിച്ചു രണ്ടുമാസം കഴിഞ്ഞ് മടങ്ങി ഗ്രാമത്തിലേക്ക് വന്നു. പൊലിസ് സംരക്ഷണത്തില്‍ ഗ്രാമത്തില്‍ വന്ന് കുളികഴിഞ്ഞ് കടയില്‍ക്കയറി ചായ കുടിച്ചു. പിന്നീട് നരസിംഹന്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് പുറത്തുവന്നത്. എങ്ങനെ കൊല്ലപ്പെട്ടുവെന്നത് ഇന്നും ചുരുളഴിയാത്ത ദുരൂഹത. പൊലിസ് അന്വേഷണമൊക്കെ നടന്നു. ഒന്നും തെളിഞ്ഞില്ല.
ഗ്രാമത്തിലെ ദലിത് ജനവിഭാഗം നരസിംഹന്റെ ശവശരീരം ഏറ്റുവാങ്ങാനും സംസ്‌കരിക്കാനും തയ്യാറായില്ല. പ്രശ്‌നമറിഞ്ഞ് വിടുതലൈ ചിരുത്തൈകള്‍ കക്ഷി പാര്‍ട്ടി നേതാവ് തിരുമാവളവന്‍ മധുരയിലെത്തി. കീരിപ്പെട്ടിയിലേക്ക് വരാന്‍ സമ്മതിക്കില്ല എന്ന് പൊലിസ് പറഞ്ഞു. കലക്ടറും അയാള്‍ക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. അയാള്‍ അതുലംഘിച്ചു വന്നു. തേവര്‍മാര്‍ എതിര്‍ത്തു. ഒടുവില്‍ പൊലിസ് തിരുമാവളവന് സംരക്ഷണം നല്‍കി. പകുതിയോളം ദലിതര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല. അതോടുകൂടി പ്രശ്‌നങ്ങള്‍ കൂടി. ധാരാളംപേര്‍ ഗ്രാമം വിട്ടുപോയി. ഇതേസമയത്ത് പാപ്പാപ്പെട്ടിയിലും നാട്ടാമംഗലത്തും തേവര്‍മാര്‍ നിര്‍ത്തി ജയിപ്പിച്ച ദലിത് പസിഡന്റുമാര്‍ മുന്‍പെന്ന പോലെ രാജിവച്ചു. 2006ല്‍ മുഖ്യമന്ത്രി കരുണാനിധി ഏതുവിധേനയും ഈ പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. 2002 ല്‍ കീരിപ്പെട്ടിയില്‍ വി.സി.കെ പിന്തുണയോടെ നോമിനേഷന്‍ കൊടുത്ത പൂങ്കുടിയാര്‍ എന്ന ദലിതന്‍ സ്വരക്ഷയ്ക്കായി മധുരയ്ക്ക് പോയി. ദലിതുകളുടെ വീടുകള്‍ ഉയര്‍ന്ന ജാതിക്കാര്‍ നശിപ്പിച്ചു.
കൂട്ടായ്മകളുടെ അവസ്ത യും തഥൈവ
ദലിത് പഞ്ചായത്ത് പ്രസിഡന്റുമാരെ ശാക്തീകരിക്കുന്നതിനായി ഗാന്ധിഗ്രാം സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജി. പളനിദുരൈ ഒരു ഫെഡറേഷന്‍ രൂപീകരിച്ച് പരിശീലന പരിപാടികള്‍ നടത്തിയിരുന്നു. എന്നാല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനം പ്രസിഡന്റുമാരുടെ കയ്യില്‍ ഏല്‍പ്പിച്ചതിനുശേഷം, രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ അത് പൊളിഞ്ഞു. തമിഴ്‌നാട്ടില്‍ ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട 4,000 ദലിത് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ 1,000 മുതല്‍ 1,200 പേര്‍ വരെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെ പോരാടിയതായി ജി. പളനിദുരൈ പറയുന്നു. വിവേചനം അവസാനിപ്പിക്കുന്നതിന്, ദലിത് പ്രസിഡന്റുമാര്‍ കുറച്ച് തന്ത്രങ്ങള്‍ പയറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. ജാതി ഹിന്ദു വൈസ് പ്രസിഡന്റുമാരെ പ്രധാനമായും പഞ്ചായത്ത് ഓഫിസിലെ സുപ്രധാന രേഖകള്‍ ഏല്‍പ്പിച്ചിരിക്കുന്നതിനാല്‍, ദലിത് പഞ്ചായത്തുകള്‍ക്ക് ഓഫിസ് പരിസരത്ത് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ഒപ്പം അവര്‍ക്ക് പഞ്ചായത്ത് ചെലവുകള്‍ കൈമാറാന്‍ ഡെപ്യൂട്ടിമാരും ഗുമസ്തന്മാരും വിസമ്മതിക്കുന്നു- പളനിദുരൈ പറയുന്നു.
സവര്‍ണാധിപത്യത്തില്‍ പിടയുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ ചിത്രമാണിത്. പെരിയോറിന്റെ നാട്ടില്‍പ്പോലും ഇതാണവസ്ഥ. ഭൂമിയിന്മേലുള്ള അവകാശം നേടാന്‍ കഴിഞ്ഞാലേ ഇന്ത്യയിലെ ദലിതര്‍ക്ക് സാധാരണ മനുഷ്യരെ പോലെ ജീവിക്കാനാകൂ. ദലിതരുടെ മോചനത്തിനുള്ള കാത്തിരിപ്പ് ഇനിയും നീളുക തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."