വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനം നടപടി നാലുവർഷം നീണ്ട പരിശോധനകൾക്ക് ശേഷം
തിരുവനന്തപുരം
വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. നാലുവർഷം നീണ്ട പരിശോധനകൾക്കുശേഷമാണ് 530 അനധികൃത പട്ടയങ്ങൾ റദ്ദാക്കുന്നതിനു തീരുമാനിച്ചത്. ദേവികുളം അഡീഷനൽ തഹസിൽദാർ ആയിരുന്ന എം.ഐ രവീന്ദ്രൻ, 1999ൽ മൂന്നാറിൽ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്.
45 ദിവസത്തിനുള്ളിൽ റദ്ദാക്കുന്നതിനാണ് തീരുമാനം. ഇതു സംബന്ധിച്ച നിർദേശം റവന്യൂവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഇടുക്കി കലക്ടർക്ക് നൽകി. അർഹതയുള്ളവർക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നൽകാൻ അവസരമുണ്ട്.
ഇടുക്കി ദേവികുളം താലൂക്കിൽ അഡീഷനൽ തഹസിൽദാരുടെ ചുമതല വഹിക്കവെ 1999ൽ ഇ.കെ നായനാർ സർക്കാരിൻ്റെ കാലത്താണ് എം.ഐ രവീന്ദ്രൻ അനധികൃതമായി പട്ടയങ്ങൾ നൽകിയത്. അനധികൃത പട്ടയങ്ങൾ കണ്ടെത്തുന്നതിന് ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന രണ്ട് സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. അവർ നടത്തിയ പരിശോധയിൽ കണ്ടെത്തിയ 530 പട്ടയങ്ങളാണ് ഇപ്പോൾ റദ്ദാക്കാൻ ഉത്തരവിറക്കിയിരിക്കുന്നത്.ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളെ പട്ടയങ്ങളാണ് റദ്ദാവുക. അർഹതപ്പെട്ടവർക്ക് ഭൂമി നഷ്ടമാകാതിരിക്കാൻ നടപടിക്ക് മുൻപ് ഒരു പരിശോധന കൂടി നടത്തും. മുന്നാറിലെ വൻകിട കൈയേറ്റക്കാരടക്കം കൈവശം വച്ചിരിക്കുന്നത് രവീന്ദ്രൻ പട്ടയങ്ങളാണ്. റിസോർട്ടുകളിലും ഹോട്ടലുകളും ഹോംസ്റ്റേകളുമടക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."