കോണ്‍ഗ്രസിലെ അഴിച്ചുപണി ഹൈക്കമാന്‍ഡുമായി ഇന്ന് കേരള നേതാക്കളുടെ ചര്‍ച്ച
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിലുണ്ടാകുന്ന അഴിച്ചുപണി സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി കേരള നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. ഇതിനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ പാകത്തില്‍ സംഘടനയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ഒരുക്കത്തിലാണ് ഹൈക്കമാന്‍ഡ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ പ്രകടനത്തില്‍ വളരെ പിന്നില്‍ പോയ ഡി.സി.സി നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നതാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, പാലക്കാട് ഡി.സി.സി അധ്യക്ഷരെ മാറ്റണമെന്ന റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡിനു കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ ഇന്നു തന്നെയുണ്ടാകാനാണ് സാധ്യത.
എന്നാല്‍ ജില്ലാ നേതൃത്വങ്ങളില്‍ അഴിച്ചുപണി നടത്തുന്നതിനോട് എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ തകിടംമറിഞ്ഞാല്‍ അത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്നതും ഇന്നത്തെ ചര്‍ച്ചയില്‍ വിഷയമാകും.
അതിനിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന തരത്തില്‍ വ്യാപക പ്രചാരണമുണ്ടായി. ആദ്യത്തെ രണ്ടര വര്‍ഷം ഉമ്മന്‍ചാണ്ടിയും അടുത്ത രണ്ടര വര്‍ഷം ചെന്നിത്തലയും എന്ന രീതിയില്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ധാരണയായെന്നായിരുന്നു പ്രചാരണം. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തിയ ചെന്നിത്തല ഇതിനെ പൂര്‍ണമായും നിഷേധിച്ചു. അന്തരീക്ഷത്തില്‍ അനാവശ്യമായ ഒത്തിരി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും അടിച്ചിറക്കുന്നുണ്ടെന്നും അത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട് യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് ഇപ്പോഴത്തെ ദൗത്യമെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."