പഴമ തന്ന കൃഷിയറിവുകള്‍
ഓഗസ്റ്റ് 22 ലോകനാട്ടറിവു ദിനമാണ്. ഫോക്‌ലോര്‍ എന്ന വിജ്ഞാനശാഖയുടെ ഉപവിഷയമെന്ന നിലയിലാണ് നാട്ടറിവിനെ പരിഗണിക്കുന്നത്. മാനവരാശി സഹസ്രാബ്ദങ്ങള്‍കൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. തദ്ദേശീയമായ അറിവ് അല്ലെങ്കില്‍ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവു പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും.
പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാര്‍ സായത്തമാക്കിയത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങള്‍, വാങ്മയരൂപങ്ങള്‍ തുടങ്ങി നമ്മുടെ സാംസ്‌കാരിക സമ്പത്തു മുഴുവന്‍ നാട്ടറിവില്‍പെടുന്നു.
ഐതിഹ്യങ്ങളും നാട്ടുസംഗീതവും വാമൊഴിചരിത്രവും നാടോടിക്കഥകളും ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്.
കേരളത്തില്‍ ഒരുകാലത്തുണ്ടായിരുന്നതും ഇപ്പോള്‍ അധികം കാണാത്തതുമായ വിവിധ നാട്ടുകൃഷിരീതികളെ പരിചയപ്പെടാം.
കരനെല്‍ കൃഷി
കേരളത്തില്‍ മുന്‍പ് വ്യാപകമായി തെങ്ങിന്‍തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെല്‍കൃഷിയെയാണ് കരനെല്‍ കൃഷി അഥവാ 'കരനെല്ല്' എന്നു വിളിക്കുന്നത്.
തണലില്‍ വളരുന്നതും വരള്‍ച്ചയെ ചെറുക്കാന്‍ കഴിയുന്നതുമായ ധാരാളം നാടന്‍ നെല്ലിനങ്ങള്‍ കൃഷിചെയ്തിരുന്നു. തെങ്ങിന്‍ തോപ്പുകളാല്‍ സമൃദ്ധമായ കേരളത്തില്‍ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പില്‍ക്കാലങ്ങളില്‍ ഇത് അപ്രത്യക്ഷമായി.
ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളില്‍ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു.
വിത്തിനങ്ങള്‍
പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം പുറത്തിറക്കിയ ചില കരനെല്‍ വിത്തിനങ്ങളാണ് പി.ടി.ബി 28 (കട്ടമോടന്‍), പി.ടി.ബി 29 (കറുത്തമോടന്‍), പി.ടി.ബി 30 (ചുവന്ന മോടന്‍), സ്വര്‍ണപ്രഭ, വൈശാഖ് എന്നിവ. കൂടാതെ വയലില്‍ കൃഷി ചെയ്യുന്ന ഐശ്വര്യ, ആതിര, മട്ടത്രിവേണി തുടങ്ങിയവയും കരകൃഷിക്ക് അനുയോജ്യമാണ്. പരമ്പരാഗത നെല്ലിനങ്ങളായ കറുത്തക്കുടുക്കന്‍, ചൊമാല, കല്ലടിയാരന്‍, ചുവന്ന തൊണ്ണൂറാന്‍, വെള്ളത്തൊണ്ണൂറാന്‍, കറുത്ത ഞവര, പാല്‍ക്കയമ, കുന്തിപ്പുല്ലന്‍, ഓക്കക്കുഞ്ഞ്, ചോമ(ചാമ) , വെളുത്ത പനംകുറവ, കറുത്ത പനംകുറവ എന്നിവയും കരകൃഷി ചെയ്തുവരുന്ന ഇനങ്ങളാണ്. വയലിനെ അപേക്ഷിച്ച് കരനെല്ലിന് വിളവ് താരതമ്യേന കുറവാണ്.
കളകളും
കീടനിയന്ത്രണവും
കരനെല്‍കൃഷിയുടെ പ്രധാന വില്ലന്‍ കളകളാണ്. വ്യാപകമായി പ്രശ്‌നമുണ്ടാക്കുന്ന മുത്തങ്ങയേയും വീതിയിലയന്‍ കളകളേയും നിയന്ത്രിക്കാന്‍ കളനാശിനികള്‍ ഉപയോഗിക്കാം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കവിധത്തില്‍ നനയ്ക്കുന്നതു വിളവുകൂട്ടാന്‍ സഹായിക്കും.
രാസവളങ്ങള്‍ ചേര്‍ക്കുന്ന സമയങ്ങളില്‍ മണ്ണിനു ന്നനവ് അത്യാവശ്യമാണ്. കരനെല്‍കൃഷിക്കു കീടബാധ താരതമ്യേന വളരെ കുറവാണ്. കതിരിടുന്ന സമയത്തെ ചാഴിയുടെ ആക്രമണം പ്രതിരോധിക്കാന്‍ കാന്താരിമുളക്-വെളുത്തുള്ളി മിശ്രിതം ഗോമൂത്രത്തില്‍ ചേര്‍ത്തുതളിക്കാം. സന്ധ്യാസമയത്തു പുരയിടത്തിനു സമീപം കരിയിലയും മറ്റും കൂട്ടി തീയിടുന്നതും ചാഴി ശല്യം കുറയ്ക്കാന്‍ സഹായിക്കും.
ഒരുക്കം
കരകൃഷിക്ക് അനുയോജ്യമായത് തുറന്ന പ്രദേശങ്ങളാണ്. പല നെല്ലിനങ്ങളും സൂര്യപ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ വളരുന്നവയാണ്. സൂര്യപ്രകാശം ലഭിക്കുന്ന 25 വര്‍ഷത്തിലധികം പ്രായമുള്ള തെങ്ങിന്‍ തോപ്പുകളിലും കരനെല്‍കൃഷി ചെയ്യാം. കരനെല്‍കൃഷി ചെയ്യുന്ന സ്ഥലത്ത് പയര്‍ കൃഷിചെയ്ത് ജനുവരി മാസത്തോടെ ഉഴുതു മണ്ണ് വെയില്‍ കൊള്ളിക്കണം. ഏപ്രില്‍ പകുതിയാകുമ്പോള്‍ വീണ്ടും നിലമൊരുക്കാം. ഉഴുന്ന സമയത്ത് ജൈവവളങ്ങള്‍ അടിവളമായി ചേര്‍ക്കാം. വിത്തു വിതച്ച് നിലം നിരപ്പാക്കണം. ഒരു സെന്റില്‍ കുഴിയെടുത്ത് നടുന്നതിനു 300ഗ്രാം വിത്തും വിതറുന്നതിന് 400ഗ്രാം വിത്തും ശരാശരി വേണം. മണ്ണിന്റെ അമ്ലസ്വഭാവം വയല്‍ പ്രദേശത്തെ അപേക്ഷിച്ച് കൂടുതലാണെന്നതിനാല്‍ മേല്‍വളപ്രയോഗത്തിനു മുമ്പ് ആവശ്യത്തിനു കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്.
പരമ്പരാഗതമായി പലയിനം നെല്‍വിത്തുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ കര്‍ഷകര്‍ കൈമാറ്റം ചെയ്തിരുന്ന ഈ വിത്തിനങ്ങളെല്ലാം ഹരിതവിപ്ലവത്തിന്റെ തുടക്കത്തോടെ നാമാവശേഷമായി.
ഗുണം
തെങ്ങിന്‍തോപ്പിലും ഇടവിളയായി നെല്‍കൃഷിചെയ്യാം എന്ന സാധ്യത നെല്ലിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലംകുറവുള്ള പ്രദേശങ്ങളില്‍ മഴയെ മാത്രം ആശ്രയിച്ച് കരനെല്ല് കൃഷി ചെയ്യാനാകും. അമിതമായ അധ്വാനവും പരിചരണങ്ങളും ആവശ്യമില്ല. വയലിലെ കൃഷിയെ അപേക്ഷിച്ച് കീടനാശിനി ഉപയോഗം കുറവായതിനാല്‍ വൈക്കോലും മറ്റും കന്നുകാലികള്‍ക്ക് ധാരാളം കൊടുക്കാം.
കൃഷിരീതികള്‍
സസ്യങ്ങള്‍ വളര്‍ത്തിയും മൃഗങ്ങളെ വളര്‍ത്തി പരിപാലിച്ചും ഭക്ഷ്യഭക്ഷ്യേതരവിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയാണ് കൃഷി എന്നറിയാമല്ലോ. ഏകദേശം 12000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കാര്‍ഷികവൃത്തി ആരംഭിച്ചത്. ബാര്‍ലി, ഗോതമ്പ് എന്നിവ മനുഷ്യന്‍ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളാണ്. ആദ്യം ഇണക്കി വളര്‍ത്തിയ മൃഗങ്ങളിലൊന്നാണ് ആട്. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. നെല്ലില്‍നിന്നുള്ള അരിയാണ് ഇന്ത്യയിലെ പ്രധാന ഭക്ഷ്യധാന്യങ്ങളിലൊന്ന്. ഖാരിഫ്, റാബി,സയദ് എന്നിവയാണ് ഇന്ത്യയിലെ വിളവെടുപ്പുകാലങ്ങള്‍.
കേരളത്തിലെ നെല്‍കൃഷി
പണ്ടുതൊട്ടേ കേരളം നെല്‍കൃഷിയില്‍ താല്‍പര്യം കാണിച്ചിരുന്നു. ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിച്ചിരുന്നത് കേരളത്തിലായിരുന്നു. നെല്ലറ, പത്തായം എന്നൊക്കെ നമ്മള്‍ അഭിമാനത്തോടെ നമ്മുടെ നാടിനെ വിളിക്കുകയും ചെയ്തിരുന്നു.
നമ്മുടെ കൃഷിരീതികള്‍
കേരളത്തിലെ പരമ്പരാഗതമായ നെല്‍കൃഷി സമ്പ്രദായമാണ് പുഞ്ച അഥവാ പുഞ്ചകൃഷി. ആഴം കൂടിയ കുണ്ടുപാടങ്ങളിലും കായല്‍നിലങ്ങളിലുമാണ് പുഞ്ച കൃഷിചെയ്യുന്നത്. വെള്ളത്തിന്റെ നിലയനുസരിച്ച് വൃശ്ചികം, ധനു, മകരം എന്നീ മാസങ്ങളിലൊന്നില്‍ പുഞ്ചകൃഷി ആരംഭിക്കുന്നു. പുഞ്ച കൃഷി ചെയ്യുന്ന നിലങ്ങളില്‍ ജൈവാംശത്തിന്റെ അളവു കൂടുതലായതിനാല്‍ പുഞ്ചയ്ക്ക് വിളവ് കൂടുതലായിരിക്കും. കേരളത്തിലെ കുട്ടനാടാന്‍ പ്രദേശങ്ങള്‍ പുഞ്ചകൃഷിക്കു പേരുകേട്ടതാണ്.
കരിങ്കൊറയും കൂട്ടുമുണ്ടകനും
കോഴിക്കോട് ജില്ലയില്‍ പ്രചാരത്തിലുള്ള ഒരു നെല്‍കൃഷി രീതിയാണ് കരിങ്കൊറ. നിള, കവുങ്ങിന്‍ പൂത്താല തുടങ്ങിയ നെല്ലിനങ്ങള്‍ ഈ കൃഷിക്ക് അനുയോജ്യമാണ്. കേരളത്തിലെ പരമ്പരാഗതമായ നെല്‍കൃഷികളിലെ ഒരു സമ്പ്രദായമാണ് കൂട്ടുമുണ്ടകന്‍. ഒരേ കൃഷിയിടത്തില്‍ തന്നെ മൂപ്പിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുള്ള രണ്ടു വിത്തിനങ്ങള്‍ ഒരേ സമയം കൃഷിയിറക്കി പാകമാകുന്നതനുസരിച്ച് പല ഘടങ്ങളിലായി വിളവെടുക്കുന്നതാണ് കൂട്ടമുണ്ടകന്‍.
പള്ളിയാല്‍ കൃഷി
ചെരിവു പ്രദേശങ്ങളില്‍ ഭൂമി തട്ടുകളാക്കി നെല്‍ക്കൃഷിചെയ്യുന്ന രീതിയാണ് പള്ളിയാല്‍ കൃഷി. വര്‍ഷക്കാലത്ത് ഇത്തരം നിലങ്ങളില്‍ കുന്നിന്‍ചെരുവുകളില്‍നിന്ന് ഒലിച്ചുവരുന്ന വെള്ളം കെട്ടിനിര്‍ത്തി വിരിപ്പുകൃഷിനടത്തുന്നു. നിലം ഉഴുതു വിത്തു മുളപ്പിച്ച് വിതച്ചോ, ഞാറുപാകി പറച്ചുനട്ടോ ആണ് ഇവിടെ കൃഷിയിറക്കുക. അപൂര്‍വം ചിലയിടങ്ങളില്‍ മൂപ്പു കുറഞ്ഞ വിത്തുപയോഗിച്ച് കൃഷി നടത്താറുണ്ട്. മട്ട ത്രിവേണി, കാര്‍ത്തിക, കാഞ്ചന, ജ്യോതി, അഹല്യ, ഹര്‍ഷ തുടങ്ങിയ പുതിയ ഇനം നെല്‍വിത്തുകളാണ് ഇത്തരം നിലങ്ങളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മുണ്ടകന്‍
കേരളത്തിലെ പരമ്പരാഗത നെല്‍കൃഷിവേളകളിലൊന്നാണ് മുണ്ടകന്‍. രണ്ടാമത്തെ വിളവായി ഇറക്കുന്നതാണ് മുണ്ടകന്‍. ആദ്യത്തേത് വിരിപ്പ്. ചിങ്ങം-കന്നിയോടെ തുടങ്ങി ധനു-മകരത്തോടെ അവസാനിക്കുന്നു. മകരക്കൊയ്ത്ത് എന്നാണ് മുണ്ടകന്‍ കൊയ്ത്ത് അറിയപ്പെടുന്നത്. വിരിപ്പു കൃഷിയേക്കാള്‍ ഒരുപാട് ശ്രദ്ധയോടെയും പരിഗണനയോടെയും ചെയ്യുന്ന കൃഷിയാണ് മുണ്ടകന്‍. വിതക്കുന്നതിനേക്കാള്‍ കൂടുതല്‍ വിളവ് പറിച്ചു നടുമ്പോള്‍ ലഭിക്കുമെന്നതിനാല്‍ മുണ്ടകനാണ് വിരിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വിളവ് ലഭിക്കുന്നത്.
വിരിപ്പ്
കേരളത്തിലെ പരമ്പരാഗത നെല്‍കൃഷിയിലെ മൂന്ന് കൃഷിവേളകളിലൊന്നാണ് വിരിപ്പ്. മേടമാസത്തില്‍ ആരംഭിക്കുന്ന വിരിപ്പ് കൃഷി ചിങ്ങം-കന്നിയോടെ കൊയ്യുന്നു. മറ്റു രണ്ട് കൃഷിവേളകള്‍ മുണ്ടകനും ആഴം കൂടിയ പാടങ്ങളില്‍ ചെയ്യുന്ന പുഞ്ചയുമാണ്. പാടങ്ങളില്‍ ഒന്നാം വിളയായാണ് വിരിപ്പ് ഇറക്കുന്നത്. രണ്ടാം വിളയായി മുണ്ടകനും. വിരിപ്പിനു കൂടുതലും വിതക്കുകയാണ് പതിവെങ്കിലും ചിലയിടങ്ങളില്‍ ഞാറു പറിച്ചു നടലും പതിവുണ്ട്. വിരിപ്പുകൊയ്ത്തിനെ കന്നിക്കൊയ്ത്ത് എന്നു പറയാറുണ്ട്. ഇക്കാരണത്താല്‍ വിരിപ്പൂകൃഷിയെ കന്നികൃഷി അഥവാ കന്നിപ്പൂവ് എന്നും പറയുന്നു.
കൈപ്പാട് കൃഷി
കടലിനോടോ പുഴയോടോ ചേര്‍ന്നു കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലം, കോള്‍നിലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കൃഷിയാണിത്. വടക്കന്‍ കേരളത്തില്‍ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയാണ് കൈപ്പാട് കൃഷി. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഇത്തരം മേഖലകളിലെ കാര്‍ഷിക പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ പണ്ടു മുതല്‍ക്കേ ഉള്ള കൈപ്പാട് നെല്‍കൃഷി വളരെ പ്രസിദ്ധമാണ്. ഇത്തരം കൈപ്പാട് ശേഖരങ്ങളെ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്. കൈപ്പാട് മേഖലയിലെ പത്തു വര്‍ഷം നീണ്ടുനിന്ന പ്രായോഗിക പരീക്ഷണങ്ങള്‍ക്കൊടുവില്‍ എഴോം നെല്‍വിത്ത് എന്ന പേരില്‍ പുതിയൊരു വിത്തിനം തന്നെ സംഭാവന ചെയ്യാനായി. ഇതു കൃഷിചെയ്ത ഏഴോം ഗ്രാമപഞ്ചായത്തിന്റെ പേര് തന്നെയായിരുന്നു വിത്തിനത്തിനും നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."