രാജ്യദ്രോഹക്കേസുകളില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസുകളില്‍ പുന:പരിശോധന വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായ വിദ്യാര്‍ഥികള്‍, ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ മനസ്സില്‍ രാജ്യദ്രോഹക്കേസ് ദുരുപയോഗം ചെയ്യുന്നതു ഭീതിക്കു കാരണമായിട്ടുണ്ടെന്ന് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്റെ കോമണ്‍ കോസ് എന്ന സംഘടന സമര്‍പ്പിച്ച ഹരജിയില്‍ അഭിപ്രായപ്പെട്ടു.
രാജ്യദ്രോഹക്കേസ് ദുരുപയോഗം ചെയ്യുന്നതു തടയണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍, ഈ വകുപ്പുപ്രകാരം കേസെടുക്കുന്നതിനു നിശ്ചിതനിബന്ധനകള്‍ വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഒരാള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനു വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും സുപ്രിംകോടതി പുറപ്പെടുവിക്കണമെന്നും 1962ലെ ബിഹാര്‍ സര്‍ക്കാരും കേദര്‍നാഥും തമ്മിലുള്ള കേസ് ചൂണ്ടിക്കാട്ടി ഹരജിയില്‍ ആവശ്യപ്പെടുന്നു. ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ പ്രതിരോധ ആയുധമായാണ് രാജ്യദ്രോഹ നിയമങ്ങളെ സര്‍ക്കാര്‍ കാണുന്നത്. രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തവര്‍ക്കെതിരേ പ്രതികാരനടപടിയുടെ ഭാഗമായും ഈ വകുപ്പു ചുമത്തുന്നുണ്ട്. ഭരണകൂടത്തിന്റെ എതിര്‍ചേരിയിലുള്ളവരെ നിശ്ശബ്ദമാക്കാനും രാജ്യദ്രോഹക്കുറ്റം ഉപയോഗിക്കുന്നുണ്ടെന്നും ഹരജിക്കാര്‍ ആരോപിച്ചു.
നിലവില്‍ രജ്യദ്രോഹവുമായി ബന്ധപ്പെട്ട് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ചുമത്തപ്പെട്ട എല്ലാകേസുകളും പുന:പരിശോധിക്കണം. ഇതിനു സുപ്രിംകോടതി മുന്‍കൈയെടുക്കണം. ഭരണകൂടത്തെ അട്ടിമറിക്കാനായി കലാപം ആളിക്കത്തിക്കുക എന്ന രാജ്യദ്രോഹക്കേസിന് ആധാരമായ കുറ്റം ഇല്ലാതെയാണ് അടുത്തിടെ ചുമത്തപ്പെട്ട ഏതാണ്ടെല്ലാ കേസുകളും. അതിനാല്‍ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് അതിനുള്ള കാരണം ഡി.ജി.പി മുമ്പാകെയോ പൊലിസ് കമ്മിഷണര്‍ മുമ്പാകെയോ ബോധിപ്പിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ടെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
2014ല്‍ മാത്രം രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പറയുന്നത്. പ്രമുഖ സമൂഹികപ്രവര്‍ത്തക അരുന്ധതി റോയ്, കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്‍, ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍, നടന്‍ ആമിര്‍ഖാന്‍, ഉത്തര്‍പ്രദേശിലെ 67 കശ്മീരി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവങ്ങളും ഹരജിയില്‍ പരമര്‍ശിക്കുന്നുണ്ട്.
ബംഗളൂരുവില്‍ സ്വതന്ത്ര്യദിനത്തില്‍ കശ്മീരിനെ കുറിച്ചുള്ള സെമിനാര്‍ നടത്തിയതുമായി ബന്ധപ്പെട്ട് രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനലിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനു പിന്നാലെയാണ് സുപ്രിംകോടതിയില്‍ ഈ വിഷയത്തില്‍ ഹരജി എത്തുന്നത്. പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന എ.ബി.വി.പിയുടെ പരാതിയിലാണ് ബംഗളൂരു പൊലിസ് ആംനസറ്റിയുടെ ഇന്ത്യാ ഘടകത്തിനെതിര കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."