ജനാധിപത്യത്തിന് കൂച്ചുവിലങ്ങോ?
ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന, ജനങ്ങളുടെ ഭരണം എന്നാണല്ലോ ജനാധിപത്യത്തിന്റെ നിര്‍വചനം. എന്നാല്‍ 'ഓഫും' 'ബൈയും' 'ഫോറും' എല്ലാം കടന്ന്, അത് സാവകാശം, 'ഓണി'ലേക്കെത്തുന്നു- ജനങ്ങളുടെ മേലുള്ള ഭരണം. ജനാധിപത്യത്തിന്റെ ഈ അപകടകരമായ പോക്കിനെക്കുറിച്ച് ആദ്യമായി നമുക്ക് താക്കീത് നല്‍കിയത്, ഇന്ത്യയുടെ ഒടുവിലത്തെ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയായിരുന്നു. അഴിമതിയും കൈക്കൂലിയുമായി നാടാകെ ലൈസന്‍സ് രാജായിപ്പോകുന്നതില്‍ മനം നൊന്ത, പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. കമ്യൂണിസത്തിന്റെ വിപത്ത് മുന്‍കൂട്ടിക്കണ്ട് അവിഭക്തമദ്രാസ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മന്ത്രിസഭ രൂപവല്‍ക്കരിക്കാന്‍ അന്നു മുസ്‌ലിംലീഗ് എം.എല്‍.എമാരുടെ പിന്തുണപോലും നേടാന്‍ സന്നദ്ധനായ രാജ്യ തന്ത്രജ്ഞനായിരുന്നു, രാജാജി എന്ന പേരിലറിയപ്പെട്ട അദ്ദേഹം. എന്നാല്‍ സ്വതന്ത്രപാര്‍ട്ടി എന്ന രാഷ്ട്രീയ ബദല്‍ അദ്ദേഹം പില്‍ക്കാലത്ത് പരീക്ഷിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. രാഷ്ട്രീയത്തിനു അതീതമായ ഒരു സംവിധാനത്തിനു ശ്രമിച്ച ജയപ്രകാശ് നാരായണനും വിജയിക്കാന്‍ സാധിക്കാതെ പോയി.
പുതിയ നൂറ്റാണ്ടില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം ജനാധിപത്യത്തിനു കൂച്ചുവിലങ്ങിടുന്നോ എന്നു സംശയിക്കുന്നു, പ്രശസ്തനായ ഒരു സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍. ജനാധിപത്യത്തിന്റെ പോരായ്മകളെക്കുറിച്ചാണ് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ അമിതാഭ് കാന്ത്, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു പരാമര്‍ശം നടത്തിയത് തനിരാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കും ദഹിച്ചമട്ടില്ല. കോഴിക്കോട് ജില്ലയില്‍ കലക്ടര്‍ പദവിവഹിച്ച് ജനസമ്മതി നേടിയയാളാണ് ഈ കേരള കാഡര്‍ ഐ.എ.എസ് ഓഫിസര്‍. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക വികസന ശ്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയുടെ തലപ്പത്താണ് ഇന്നദ്ദേഹം. എന്നാല്‍ ഇന്ത്യക്കാര്‍ എന്ത് ഭക്ഷിക്കണമെന്നുപോലും ഭരണകൂടം തീരുമാനിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തിയതായി ഈ ഡല്‍ഹിക്കാരന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രതിപക്ഷകക്ഷികളാകെ യോജിക്കണമെന്നു ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനു പച്ചക്കൊടി കാട്ടി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പറഞ്ഞുവച്ചിരിക്കുന്നു. ജനകീയ ഗവണ്‍മെന്റുകളാണ് ഭരിക്കുന്നതെന്നതിനാല്‍, ഇതില്‍ ഐ.എ.എസ് ലഭിച്ച ഉദ്യോഗസ്ഥരായാലും ഇടപെടരുതെന്നാണ് രാഷ്ട്രീയക്കാരുടെ നിലപാട്. തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍, തങ്ങള്‍ പറയുന്നത് കേട്ട് ഈ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് അവരുടെ നിലപാട്. ഐ.എ.എസുകാരും, എം. ശിവശങ്കറിനെപ്പോലെ സ്വര്‍ണക്കള്ളക്കടത്ത് കേസിലും ശ്രീറാം വെങ്കിട്ടരാമനെപ്പോലെ പത്രപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസിലും ഒക്കെ പ്രതി ചേര്‍ക്കപ്പെട്ടത് മറക്കുന്നില്ല.
എന്നാല്‍ ദേശാഭിമാനം രാഷ്ട്രീയക്കാരന്റെ അവസാനത്ത ആശ്രയമാണെന്ന് കുറ്റപ്പെടുത്തിയ പ്രസിദ്ധ ബ്രിട്ടിഷ് ചിന്തകനായ ഡോ. സാമുവല്‍ ജോണ്‍സന്റെ വാക്കുകള്‍ നമുക്ക് മറക്കാന്‍ കഴിയില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുമ്പ് താന്‍ രാഷ്ട്രീയ രംഗം വിട്ടുവെന്നു പ്രഖ്യാപിച്ച പ്രശസ്ത ചലച്ചിത്രനടന്‍ രജനികാന്തിന്റെ പ്രസ്താവനയും, ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പഠിപ്പ് മുടക്കുകയും സമരം ചെയ്യുകയും വാഹനങ്ങള്‍ക്ക് കല്ലെറിയുകയും ഒക്കെ ചെയ്ത് സ്‌കൂളുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്നവര്‍, രാഷ്ട്രീയത്തിലിറങ്ങി മന്ത്രിമാരാവുമ്പോള്‍, അവര്‍ പറയുന്നത് കേട്ട് ഓച്ഛാനിച്ചു നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു, ഉദ്യോഗസ്ഥര്‍. പഠിപ്പ് മുടക്കാനൊന്നും പോവാതെ ഏറെ കഷ്ടപ്പെട്ട് ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെനേടി ഐ.എ.എസുകാരും ഐ.പി.എസുകാരുമായി സര്‍വിസില്‍ കയറേണ്ടിവരുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ വിധിയാണിത്.
ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞുനോക്കുക. കൊവിഡ് ഭീഷണിപോലും വകവയ്ക്കാതെ, സിന്ദാബാദ് വിളിച്ചും പ്രകടനം നടത്തിയും പോളിങ്ങ് ബൂത്തുകളില്‍ ക്യൂ നിന്നും നമ്മെ നയിക്കാന്‍ കുറേയാളുകളെ നാം ജയിപ്പിച്ചു. കുറേപ്പേരെ തോല്‍പ്പിക്കുകയും ചെയ്തു. അതോടൊപ്പം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണയടക്കം പല പ്രമുഖരും വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തായി. എന്നാല്‍ ജയിച്ചു കയറിയവര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ എന്തൊക്കെയാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കൊച്ചിയില്‍, മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍പോലും വോട്ടര്‍മാരായ കുറേ കൗണ്‍സിലര്‍മാര്‍ വൈകിയാണെത്തിയത്. കോഴിക്കോട് മേയര്‍ തെരഞ്ഞെടുപ്പിലും കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷന്റെ തെരഞ്ഞെടുപ്പില്‍പോലും ഓരോ കൗണ്‍സിലറുടെ വോട്ട് അസാധുവായി. കൊടുവള്ളിയിലാകട്ടെ, ഒരു സ്ഥാനാര്‍ഥി തനിക്ക് പോലും സ്വന്തം വോട്ട് ചെയ്യാന്‍ മറന്നുപോയി. തൃശൂരില്‍ അരഡസന്‍ കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍നിന്നു മാറിനിന്നു. നെടുമങ്ങാട് ഭരണകക്ഷിയില്‍ പെട്ടവര്‍ തന്നെ തമ്മിലായി മത്സരം. ചങ്ങനാശ്ശേരിയിലും ഏറ്റുമാനൂരിലും സ്വതന്ത്രര്‍ എന്നുപറഞ്ഞു ജനവിധി തേടിയവര്‍, ജയിച്ചപ്പോള്‍ നാണമില്ലാതെ ഒരു ഭാഗം ചേര്‍ന്നു. പാലക്കാട് ഒരു പാര്‍ട്ടിയുടെ കൗണ്‍സിലര്‍, എതിര്‍പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയും ആ പേപ്പര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. വിമതരുടെ പിന്തുണ നേടി, മാവേലിക്കരയിലും തൊടുപുഴയിലും ഒരുപക്ഷം ഭരണാധികാരം കൈക്കലാക്കി. പെരിന്തല്‍മണ്ണയില്‍ അഞ്ചുവോട്ട് അസാധുവായി. കോഴിക്കോട്ട് പാര്‍ട്ടിക്കാരന്റെ വോട്ട് മാറി എതിര്‍പക്ഷത്തെ പെട്ടിയില്‍ വീണു. ആലപ്പുഴയില്‍ മേയറെ നിശ്ചയിച്ച പാര്‍ട്ടിക്കെതിരേയും കണ്ണൂരില്‍ ഡെപ്യൂട്ടി മേയറെ നിശ്ചയിച്ച പാര്‍ട്ടിക്കെതിരേയും അതേ കക്ഷിക്കാരുടെ പ്രതിഷേധപ്രകടനം. മട്ടന്നൂരില്‍ അരനൂറ്റാണ്ടോളം കൈയടക്കിവച്ച സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ ജയിച്ച സ്ഥാനാര്‍ഥിയുടെ കാര്‍ തല്ലിപ്പൊളിച്ച് ആക്രമണം. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് നമ്മെ ഭരിക്കാന്‍ അര്‍ഹതപ്പെട്ടവരെ തന്നെയാണോ നാം തെരഞ്ഞെടുക്കുന്നത് എന്നാണ്. സ്വന്തം ജനന തിയതി മാറ്റിപ്പറയുകയും വിവാഹം കഴിച്ചെന്നും ഇല്ലെന്നും രണ്ടു നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുകയും ഇല്ലാത്ത ബിരുദമുണ്ടെന്ന് പറയുകയും ചെയ്യുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്‍ ഇതൊരു അത്ഭുതമല്ലായിരിക്കാം. നമ്മുടെ പൗരത്വത്തിനുതന്നെ മതാധിഷ്ഠിത നിയമനിര്‍മ്മാണം നടത്തുകയും ധരിക്കുന്ന വേഷത്തെക്കുറിച്ചു പോലും അപകീര്‍ത്തികരമായി സംസാരിക്കുകയും ആരെ വിവാഹം ചെയ്യണമെന്നും എന്ത് ഭക്ഷണം കഴിക്കണമെന്നു കല്‍പിക്കുകയും ചെയ്യുന്ന ഭരണത്തില്‍ ജനാധിപത്യം എവിടെ?
അഴിമതിയുടെ കണക്കെടുപ്പില്‍ എണ്‍പതാം സ്ഥാനത്ത് വന്നുനില്‍ക്കുന്ന രാജ്യമായിരിക്കുന്നു നമ്മുടെ മഹത്തായ ഇന്ത്യ. കോര്‍പറേറ്റുകളില്‍ നിന്നുള്ള സംഭാവനകളില്‍ 82 ശതമാനവും കൈക്കലാക്കി, 2,319 കോടി രൂപയുടെ ആസ്തിയുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു പാര്‍ട്ടി ഭരിക്കുന്ന നാടായിരിക്കുന്നു നമ്മുടേത്. വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പത്തു വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും മോശമായ ആറു ജനാധിപത്യത്തില്‍ ഒന്നാണ് നമ്മുടേതെന്ന റിപ്പോര്‍ട്ട് വായിക്കുമ്പോള്‍, ഇന്ത്യക്കാരന്റെ തല താഴ്ന്നുപോകുന്നു.
പാര്‍ലമെന്റംഗങ്ങളില്‍പ്പോലും ക്രിമിനല്‍ കേസില്‍പ്പെട്ടവരുടെ എണ്ണം കൂടിവരുന്നതായി, അവര്‍ സമര്‍പ്പിക്കുന്ന നാമനിര്‍ദേശപത്രികകളില്‍നിന്നു തന്നെ വ്യക്തം. അതേസമയം എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നതില്‍ ജസ്റ്റിസ് എം.വി രാമണ്ണ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് കഴിഞ്ഞ നവംബറില്‍ അതൃപ്തി രേഖപ്പെടുത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. കേരളത്തില്‍ തന്നെ ഏഴു എം.എല്‍.എമാര്‍ വിജിലന്‍സ് കേസില്‍ പ്രതികളാണെന്നു നിയമസഭയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. മുന്‍ സാമാജികരുടെ പേരിലുള്ള കേസുകള്‍ കൂടി കണക്കിലെടുത്താല്‍ ഇത് 4400-നു അടുത്തെത്തുമെന്നു സുപ്രിംകോടതി ഈയിടെ ചൂണ്ടിക്കാട്ടുകയും ചെയ്തു. അതേസമയം 2015ലെ നിയമസഭാ സമ്മേളനവേളയില്‍ അധ്യക്ഷവേദിയിലേക്ക് ഓടിക്കയറി സ്പീക്കറുടെ കസേര തകര്‍ക്കുകയും മറ്റും ചെയ്ത അഞ്ചു എം.എല്‍.എമാരുടെ പേരിലുള്ള കേസ് പിന്‍വലിക്കണമെന്നു ആവശ്യവുമായാണ് ഇപ്പോഴത്തെ കേരള ഗവണ്‍മെന്റ്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി രണ്ടുകോടി ജനങ്ങള്‍ ഒപ്പിട്ട നിവേദനവുമായി രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തപ്പോള്‍, രാഹുല്‍ഗാന്ധി പറഞ്ഞതുപോലെ ഇന്ത്യയില്‍ ജനാധിപത്യം ഒരു സങ്കല്‍പമായി മാറുകയാണോ? സംശയമുള്ളവര്‍ക്ക് രണ്ടാഴ്ച മുമ്പ് കാസര്‍കോട്ട് നിന്നുള്ള വാര്‍ത്ത വായിക്കാം. അവിടെ ബേക്കല്‍ ആലക്കോട്ട് ചെറക്കപ്പാറ സ്‌കൂള്‍ ബൂത്തില്‍ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച തന്റെ കാല്‍വെട്ടുമെന്നു പറഞ്ഞത് അവിടുത്തെ എം.എല്‍.എയാണെന്നാണ്, ഇടതുപക്ഷ അധ്യാപക നേതാവ് കൂടിയായ പ്രിസൈഡിങ്ങ് ഓഫിസര്‍ ഫേസ്ബുക്ക് കുറിപ്പോടെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."