എയ്ഡഡ് കോളജുകളില്‍ അനുവദിച്ച അധ്യാപക തസ്തികകളില്‍ നിയമനം ജൂണില്‍
നിലമ്പൂര്‍: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ സര്‍ക്കാര്‍ പുതുതായി അനുവദിച്ച 721 അധ്യാപക തസ്തികകളിലേക്ക് നിയമനം ജൂണോടെ പൂര്‍ത്തിയാവും. കോളജുകളിലെ ജോലിഭാരം കണക്കിലെടുത്ത് കഴിഞ്ഞ ഡിസംബറിലാണ് 151 എയ്ഡഡ് കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ തസ്തിക ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചത്.
2016-17നു മുമ്പ് വിവിധ കോജുകളില്‍ പുതിയ കോഴ്‌സുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ എവിടെയും അധ്യാപക തസ്തികകള്‍ പുതുതായി അനുവദിച്ചില്ല. ഇവിടങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിലായിരുന്നു അധ്യാപകര്‍ ജോലി ചെയ്തിരുന്നത്. സര്‍വകലാശാലകളുടെയും വിവിധ സംഘടനകളുടെയും സമ്മര്‍ദവും, അധ്യാപകരുടെ ജോലിഭാരവും കണക്കിലെടുത്താണ് ഡിസംബര്‍ 30ന് തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ അധ്യാപകരെ അടുത്ത അധ്യയന വര്‍ഷത്തില്‍ മാത്രമേ നിയമിക്കാവൂ എന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഇന്റര്‍വ്യൂ മെയ് 31നകം പൂര്‍ത്തീകരിക്കണം. ഇന്റര്‍വ്യൂ ഉടന്‍ നടത്തിയാലും ഇവര്‍ക്ക് നിയമന ഉത്തരവ് പ്രകാരം ജൂണ്‍ മുതല്‍ മാത്രമേ സര്‍വീസില്‍ കയറാനാവൂ. ഇതോടെ സര്‍ക്കാറിന് വെക്കേഷന്‍ ഉള്‍പ്പെടെ അഞ്ചുമാസത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലാഭിക്കാനാവും. ഉത്തരവിറങ്ങി ഒന്നര മാസത്തിനകം തന്നെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കാമെന്നിരിക്കേ ഇത് തടഞ്ഞാണ് സര്‍ക്കാര്‍ അധ്യാപകരുടെ നിയമനം ജൂണില്‍ മതിയെന്ന ഉത്തരവിറക്കിയത്. പല കോളജുകളിലും മൂന്ന് മുതല്‍ പത്ത് വരെ അധ്യാപക തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. ഈ അധ്യയനവര്‍ഷം മാര്‍ച്ചില്‍ അവസാനിക്കാനിരിക്കേ 2021 ജൂണ്‍ മുതല്‍ മാത്രമേ ഇവര്‍ക്ക് നിയമനം നല്‍കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."