ക്ലബ് ഹൗസിൽ മുസ്‌ലിം സ്ത്രീകൾക്കെതിരായ പരാമർശം ; കോഴിക്കോട് സ്വദേശിനിയെ ഡൽഹി പൊലിസ് ചോദ്യം ചെയ്തു
കോഴിക്കോട്
ക്ലബ് ഹൗസ് ചർച്ചയിൽ മുസ്‌ലിം സ്ത്രീകൾക്കെതിരേ വിദ്വേഷപ്രചാരണം നടത്തുകയും ലൈംഗികമായി അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശിനിയെ ഡൽഹി പൊലിസ് ചോദ്യം ചെയ്തു.
മണിപ്പാലിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന പെൺകുട്ടിയുടെ ഫോണും, ലാപ്‌ടോപ്പും പൊലിസ് കസ്റ്റഡിയിലെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയ ആറുപേരിൽ ഒരാൾ കോഴിക്കോട് സ്വദേശിനിയാണെന്നാണ് ഡൽഹി പൊലിസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഡൽഹി പൊലിസ് കോഴിക്കോട്ടെത്തിയത്.
കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർ എ.വി ജോർജുമായി ഡൽഹി പൊലിസ് ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിലേക്ക് എത്തിയത്.
ചർച്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടുകളും ദൃശ്യങ്ങളും പരിശോധിച്ചാണ് ഇതിൽ പങ്കെടുത്ത് ആറ് പേരെ പൊലിസ് തിരിച്ചറിഞ്ഞത്.രാജസ്ഥാൻ, യു.പി, ഉത്തരാഖണ്ഡ്, ഡൽഹി സ്വദേശികളാണ് തിരിച്ചറിഞ്ഞ മറ്റുള്ളവർ.
ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചർച്ചയിൽ പങ്കെടുത്തെങ്കിലും വിദ്വേഷപരമായി സംസാരിച്ചിട്ടില്ലെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.കേസുമായി ബന്ധപ്പെട്ട് ലഖ്‌നൗ സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ലബ്ബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ മുസ്‌ലിം സ്ത്രീകൾക്കെതിരേ വിദ്വേഷപരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."