ഇനാറ മറിയത്തിനു വേണം ഇനിയും 14 കോടി കരുണതേടി അപൂർവ ജനിതകരോഗം ബാധിച്ച ഒരു വയസുകാരി
കണ്ണൂർ
അപൂർവ ജനിതകരോഗം ബാധിച്ച ഇനാറ മറിയത്തെ രക്ഷിക്കാൻ ഇനിയും വേണം 14കോടി. സ്‌പൈനൽ മസ്‌കുലർ അട്രോഫി(എസ്.എം.എ) ബാധിച്ച മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദ് -ഫാത്തിമ ഹിസാന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള മകൾ ഇനാറ മറിയമാണ് സുമനസുകളുടെ സഹായം തേടുന്നത്.
കോടികൾ ചെലവ് വരുന്ന ചികിത്സയ്ക്ക് വകയില്ലാതെ നിസ്സഹായാവസ്ഥയിലായ കുടുംബത്തെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ 10മാസം മുൻപ് സർവകക്ഷി കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിച്ച് വരുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും ഇനാറയുടെ ചികിത്സക്കായി ഫണ്ട് ശേഖരണം നടത്തിയിരുന്നു. കഴിഞ്ഞ എട്ടു മാസത്തെ പ്രവർത്തനത്തിലൂടെ കമ്മിറ്റിക്ക് മൂന്നര കോടി രൂപ മാത്രമാണു സമാഹരിക്കാനായത്. ബംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ഇനാറയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആറു ലക്ഷം രൂപ വില വരുന്ന റിസപ്ലാം എന്ന മരുന്നു മാസം തോറും കുത്തിവച്ചാണു ജീവൻ നിലനിർത്തുന്നത്. നികുതി കൂടാതെ 18 കോടി രൂപ ചെലവ് വരുന്ന സോൾജെൻസ്മ എന്ന വിദേശനിർമിത മരുന്ന് അടിയന്തരമായി നൽകുക മാത്രമാണ് കുഞ്ഞിനെ രക്ഷിക്കാൻ ഏകവഴി എന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായമെന്നു ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ ഹാഷിം ബപ്പൻ, അമർഷാൻ, ഉസീബ് ഉമ്മലിൽ, അബ്ദുറഹ്മാൻ നാജ്, ആബിദാ കോടിയേരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."