മോനേ..., താടാ... ഇത്തിരി കഞ്ഞിവെള്ളമെങ്കിലും
ദിവസങ്ങളോളം അന്നവും വെള്ളവും കിട്ടാതെ മരണത്തിന്റെ കയത്തിലേയ്ക്ക് ഊര്‍ന്നുവീഴുംമുമ്പ് ആരൊക്കെയോ വന്നു എടുത്തുകൊണ്ടുപോകുമ്പോള്‍ ആ അമ്മ, ആള്‍ക്കൂട്ടത്തില്‍ ഒരു നിഴല്‍ പോലെ കണ്ട മകനോട് കേണപേക്ഷിച്ചത്, മോനേ.., ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താ .... എന്നായിരുന്നു.
തീര്‍ച്ചയായും.., വിശപ്പും ദാഹവും സഹിക്കാനാവാതെ എത്രയോ ദിവസം എത്രയോ തവണ ആ അമ്മ അങ്ങനെ കരഞ്ഞ് അഭ്യര്‍ഥിച്ചിട്ടുണ്ടാവണം. അവര്‍ മാത്രമല്ല, യൗവനത്തിലും മധ്യവയസിലും വാര്‍ദ്ധക്യത്തിന്റെ ഒരളവുവരെയും അവര്‍ക്കു താങ്ങും തണലുമായിരുന്ന അവരുടെ ഭര്‍ത്താവും ഇതേ അഭ്യര്‍ഥന തങ്ങള്‍ ജന്മംനല്‍കിയ മകനോടു കെഞ്ചിപ്പറഞ്ഞിട്ടുണ്ടാവണം.
പക്ഷേ, അതു കേള്‍ക്കാനുള്ള മനുഷ്യത്വത്തിന്റെ നേരിയ കണിക പോലും തലച്ചോറിനെ ലഹരി വിഴുങ്ങിയ അവരുടെ മകനുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അവനെ ആറ്റുനോറ്റു പുലര്‍ത്തിയ അവന്റെ അച്ഛന്‍ പട്ടിണി കിടന്ന് അന്ത്യശ്വാസം വലിക്കില്ലായിരുന്നു. ആ കാഴ്ച കണ്ട് അവന്റെ അമ്മയുടെ മനോനില തെറ്റില്ലായിരുന്നു.
സ്വന്തം മാതാപിതാക്കളിലൊരാളെ പട്ടിണിക്കിട്ടു കൊല്ലുകയും മറ്റൊരാളെ വിഭ്രാന്തിയിലെത്തിക്കുകയും ചെയ്ത ആ മകന്‍ ഒരിക്കലും ഗുണം പിടിക്കില്ല.., അത്തരം മക്കള്‍ ഒരിക്കലും ഗുണം പിടിക്കരുത്.
കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് മകന്‍ പട്ടിണിക്കിട്ടതിനെ തുടര്‍ന്നു പിതാവ് മരിക്കുകയും മാതാവ് അത്യന്തം അവശതയിലാകുകയും ചെയ്ത സംഭവത്തെക്കുറിച്ചാണിവിടെ പറയുന്നത്. മനസിനെ ഏറെ നൊമ്പരപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്. മനുഷ്യത്വമുള്ള ആരും കണ്ണു നനയാതെ ആ വാര്‍ത്ത വായിച്ചിട്ടുണ്ടാകില്ല. മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളോട് ഇത്രയും ക്രൂരത കാണിക്കാനാവുമെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.
മുണ്ടക്കയം അസംബനിയിലെ തൊടിയില്‍ പൊടിയനും ഭാര്യ അമ്മിണിയും ആവുന്ന കാലത്തോളം അധ്വാനിച്ചു ജീവിച്ചവരാണ്. രണ്ടുപേരും കൂലിപ്പണിയെടുത്ത് മക്കളെ പോറ്റി വലുതാക്കി. പ്രായമേറെയാവുകയും അവശത ശരീരത്തെ തളച്ചിടുകയും ചെയ്തപ്പോള്‍ ഇളയമകനെ ആശ്രയിച്ചു ജീവിക്കാന്‍ തുടങ്ങി. പക്ഷേ, വരുമാനമില്ലാത്ത അച്ഛനും അമ്മയും ആ മകനു ബാധ്യതയും ഭാരവുമായി തോന്നി. പിറന്ന നാള്‍ മുതല്‍ പട്ടിണി അറിയിക്കാതെ തന്നെ പോറ്റി വളര്‍ത്തിയവരാണെന്ന ചിന്ത പോലും ലഹരിക്കടിമയായ ആ മകന്റെ മനസില്‍ തെളിഞ്ഞില്ല.
മകന്റെ ആശ്രിതരായി തീര്‍ന്ന നിമിഷം മുതല്‍ ആ മാതാപിതാക്കള്‍ക്കു ജീവിതം നരകതുല്യമായി. ദുരിതം അനുദിനം പെരുകി. ഒടുവില്‍ അവര്‍ ജീവിച്ച ആ കുടിലിലെ അകത്തളത്തില്‍ അവര്‍ തളച്ചിടപ്പെട്ടു.., ഇത്തിരി ഭക്ഷണമോ ഒരിറ്റു വെള്ളമോ നല്‍കാതെ. ആ ക്രൂരത ആരും കാണാതിരിക്കാനും അറിയാതിരിക്കാനും വീട്ടു കോലായില്‍ പട്ടിയെ കാവല്‍ നിര്‍ത്തി.
തീര്‍ച്ചയായും മാതാപിതാക്കള്‍ പട്ടിണി കിടന്നു ചാവുന്നതിനു കാവല്‍ നിന്ന പട്ടിയെ ആ ക്രൂരന്‍ നന്നായി തീറ്റിപ്പോറ്റിയിട്ടുണ്ടാകണം. പട്ടി ആരോഗ്യത്തോടെ ജീവിച്ചാലല്ലേ, പട്ടിണി കിടന്നു ചത്തുകൊണ്ടിരിക്കുന്ന മാതാപിതാക്കളെ രക്ഷിക്കാന്‍ ആരും ആ വഴി എത്താതിരിക്കൂ.
കഴിഞ്ഞദിവസം ഒരു സ്ത്രീയുടെ ഇതുപോലൊരു കഥ ഒരു തദ്ദേശജനപ്രതിനിധി പറഞ്ഞു. വിധവാ പെന്‍ഷന്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട ജനപ്രതിനിധിയുടെ സര്‍ട്ടിഫിക്കറ്റിനായി എത്തിയതായിരുന്നു അവര്‍. സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നതിനിടയില്‍ ജനപ്രതിനിധി ആ സ്ത്രീയോട് കുടുംബകാര്യങ്ങളും മറ്റും ചോദിച്ചു.
ഭര്‍ത്താവ് മരിച്ചത് രോഗം ബാധിച്ചാകുമെന്ന വിശ്വാസത്തില്‍ എന്തായിരുന്നു രോഗമെന്നു കൗണ്‍സിലര്‍ ചോദിച്ചപ്പോള്‍ ആ സ്ത്രീ വിതുമ്പിപ്പോയി. തേങ്ങലിനിടയില്‍ അവര്‍ ഇങ്ങനെ മന്ത്രിച്ചു, മോന്‍ കൊന്നതാ...
കൗണ്‍സിലര്‍ തരിച്ചിരുന്നുപോയി. ആ പാവത്തോട് അങ്ങനെയൊരു ചോദ്യം ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നി. അവരെ ഒരു വിധം സമാധാനിപ്പിച്ചു സര്‍ട്ടിഫിക്കറ്റു നല്‍കി പറഞ്ഞയച്ചു.
ആ സ്ത്രീ പോയപ്പോള്‍ അടുത്തുണ്ടായിരുന്ന അയല്‍വാസിയാണ് ആ കൊലപാതക കഥയും തുടര്‍ന്നുള്ള ആ സ്ത്രീയുടെ ദുരിതകഥയും ജനപ്രതിനിധിയോടു വിവരിച്ചത്. നല്ല നിലയില്‍ കഴിഞ്ഞിരുന്ന കുടുംബമായിരുന്നത്രേ അവരുടേത്. അച്ഛനമ്മമാരും മൂന്നുമക്കളും. വലിയ സാമ്പത്തിക ശേഷിയില്ലെങ്കിലും മക്കളെ അവര്‍ അല്ലലും അലട്ടുമറിയിക്കാതെയാണു വളര്‍ത്തി വലുതാക്കിയത്. മൂത്ത രണ്ടു മക്കള്‍ നേര്‍വഴിക്കായിരുന്നു. എന്നാല്‍, ഇളയവന്‍ തെറ്റായ സൗഹൃദങ്ങളില്‍ പെട്ടു. കൗതുകത്തിനുള്ള ലഹരി ഉപയോഗം നിത്യശീലമായി. ഒടുവില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായി. പണിക്കൊന്നും പോകാതെ അമ്മയെയും അച്ഛനെയും ഭീഷണിപ്പെടുത്തി പണം വാങ്ങി ലഹരി ഉപയോഗം നിര്‍ബാധം തുടര്‍ന്നു.
ഒടുവില്‍ ഒരു ദിവസം ചോദിച്ച പണം കിട്ടാതായപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ അടുക്കളയിലെ കത്തിയെടുത്തു തനിക്കു ജന്മം നല്‍കിയവന്റെ വയറ്റില്‍ കുത്തിയിറക്കി.
തന്റെ കണ്‍മുന്നില്‍ വച്ചു സ്വന്തം മകന്‍ ഭര്‍ത്താവിന്റെ ഘാതകനായ കാഴ്ച കണ്ട അന്നു മുതല്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ആ സ്ത്രീ. പിതാവിനെ കൊന്ന ആ മകന്‍ ഇപ്പോള്‍ വീട്ടിലുണ്ട്, പഴയ സ്വഭാവത്തില്‍ മാറ്റമൊന്നുമില്ലാതെ. അവനൊപ്പം ആ വീട്ടില്‍ കഴിയേണ്ടിവരുന്ന ആ മാതാവിന്റെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. മകനാല്‍ കൊല്ലപ്പെട്ടവന്റെ വിധവയായതിന്റെ പേരില്‍ കിട്ടുന്ന തുച്ഛമായ പെന്‍ഷന്‍ തുക കൊണ്ട് ആ മകനെ തീറ്റിപ്പോറ്റാന്‍ വിധിക്കപ്പെട്ടവളാണ് അവര്‍.
പെരുമ്പാവൂരില്‍ പീഡിപ്പിച്ചു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് കുറച്ചുകാലത്തിനുശേഷം തെരുവില്‍ കിടന്നു മരിച്ച വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. കനാല്‍ വക്കിലെ അടച്ചുറപ്പില്ലാത്ത ചെറ്റക്കുടിലില്‍ ആ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെടുന്നതു വരെ ആ കുടുംബത്തിന്റെ ദയനീയാവസ്ഥ കാണാന്‍ പൊതുസമൂഹത്തിനോ ഭരണകൂടത്തിനോ കഴിഞ്ഞിരുന്നില്ല. പീഡനക്കൊല പുറത്തറിഞ്ഞതോടെ സഹായിക്കാന്‍ സുമനസ്സുകള്‍ ധാരാളമെത്തി. പീഡിപ്പിച്ചു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു വീടും ബാങ്ക് ബാലന്‍സുമായി.
പക്ഷേ, അപ്പോഴും അതു ശരിയായ രീതിയിലാണോ നല്‍കപ്പെട്ടതെന്നു നോക്കാന്‍ ആര്‍ക്കുമായില്ല. മകളുടെ മരണത്തിലൂടെ കുടുംബത്തിനു കിട്ടിയ വീടും ബാങ്ക് ബാലന്‍സുമെല്ലാം ഉണ്ടായിരിക്കെ അവളുടെ പിതാവ് സ്വന്തം ഭാര്യയോ ജീവിച്ചിരിപ്പുള്ള മകളോ മറ്റാരെങ്കിലുമോ തിരിഞ്ഞുനോക്കാനില്ലാതെ പട്ടിണിമൂലം തെരുവില്‍ കിടന്നാണു മരിച്ചത്.
ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാന്‍ പാടില്ല. ഇതേ രീതിയില്‍ മാതാപിതാക്കള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന എത്രയോ സംഭവങ്ങള്‍ അനുദിനം ഉണ്ടാകുന്നുണ്ടാവണം. വാര്‍ത്തയാകാത്തതിനാല്‍ അവയൊന്നും പുറംലോകം അറിയുന്നില്ലെന്നു മാത്രം. അങ്ങനെ പുറംലോകം അറിയാതെ പീഡിപ്പിക്കപ്പെടുകയും കൊല്ലാക്കൊലയ്ക്കും കൊലയ്ക്കും വിധേയരാവുകയും ചെയ്യുന്നവരെ കണ്ടെത്തി രക്ഷിക്കേണ്ട ബാധ്യത ഈ സമൂഹത്തിനില്ലേ.
ഇവിടെ എത്ര സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്, എത്ര രാഷ്ട്രീയ, സാമുദായിക, സാമൂഹ്യ, മനുഷ്യാവകാശ സംഘടനകളുണ്ട്. അവയിലെ പ്രവര്‍ത്തകര്‍ വല്ലപ്പോഴൊരിക്കലെങ്കിലും നാലുചുറ്റും കണ്ണുതുറന്നു കണ്ണോടിച്ചാല്‍ കണ്ടെത്താവുന്നതും ഇല്ലായ്മ ചെയ്യാവുന്നതുമല്ലേ ഇത്തരം ക്രൂരതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."