കവിത ആയുധമാവുമ്പോള്‍
അമാന്‍ഡ ഗോര്‍മാന്‍; പോരാടിയെടുത്ത കരുത്ത്
മേരിക്കയിലെ യുവകവികളില്‍ ശ്രദ്ധേയയാണ് ആക്ടിവിസ്റ്റ് കൂടിയായ അമാന്‍ഡ ഗോര്‍മാന്‍. അമേരിക്കയിലെ വര്‍ണ വിവേചനത്തിനെതിരായ പോരാട്ടങ്ങളില്‍ മുന്‍നിരയിലുണ്ട് ഈ കറുത്തപെണ്ണ്. തങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരിച്ചാണ് അവര്‍ സാമൂഹിക മേഖലയില്‍ ശ്രദ്ധേയയായത്. 1998ല്‍ ലോസ് ഏഞ്ചല്‍സില്‍ ജനനം. അമ്മ തനിച്ചാണ് മകളെ വളര്‍ത്തിയത്. അധ്യാപികയായിരുന്നു അമ്മ ജോണ്‍വിക്ക്. ഫിലിംമേക്കറും ആക്ടിവിസ്റ്റുമായ ഗബ്രയേല ഇരട്ട സഹോദരിയാണ്.
കുഞ്ഞുനാള്‍ മുതലേ നല്ല വായനാശീലമുണ്ടായിരുന്നു ഗോര്‍മാന്. കേള്‍വിയുമായി ബന്ധപ്പെട്ട ചിലപ്രശ്‌നങ്ങളുണ്ടായിരുന്നു ഗോര്‍മാന്. അതുകൊണ്ടു തന്നെ സംസാരത്തിനും പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ തന്റെ കുറവുകളെ കരുത്താക്കി കുഞ്ഞു ഗോര്‍മാന്‍. 'സംസാരത്തില്‍ എനിക്ക് എപ്പോഴും തടസങ്ങളുണ്ടായിരുന്നു. എന്നാല്‍ ഞാനെന്നും അതിനെ എന്റെ ശക്തിയായി കണ്ടു. അങ്ങനെ ഞാന്‍ ഒരു വായനക്കാരിയും എഴുത്തുകാരിയുമായി' അവള്‍ പറയുന്നു.
''നമുക്കുള്ളിലുണ്ടാവേണ്ട അഗാധമായ ഭയം നാം അപര്യാപ്തരാണെന്നതല്ല. മറിച്ച് നമ്മുടെ കഴിവുകള്‍ അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്'' എന്ന മരീന ഡെബോറ വില്യംസിണിന്റെ വരികള്‍ വായിച്ച കാലം മുതല്‍ താന്‍ തനിക്കുള്ളിലെ കരുത്തിനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയെന്ന് ഗോര്‍മാന്‍ പറയുന്നു.
പ്രഥമ വനിത ജില്‍ ബൈഡനാണ് 2017ല്‍ അമേരിക്കയുടെ പ്രഥമ യുവ കവിതാ പുരസ്‌കാര ജേതാവായി അമാന്‍ഡയുടെ പേര് ചടങ്ങിലേക്ക് നിര്‍ദേശിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ അഞ്ച് നിമിഷം ദൈര്‍ഘ്യമുള്ള കവിത അവതരിപ്പിക്കാനയിരുന്നു അവര്‍ക്കു കിട്ടിയ നിര്‍ദേശം.
നേരത്തെ അല്‍ഗോര്‍, ഹിലരി ക്ലിന്റണ്‍, മലാല യൂസഫ്‌സായ്, ലിന്‍ മാനുവല്‍ മിറാന്‍ഡ തുടങ്ങിയ പ്രമുഖര്‍ക്ക് വേണ്ടിയും അമാന്‍ഡ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നാം കയറുന്ന മല
അമാന്‍ഡ ഗോര്‍മാന്‍
മൊഴിമാറ്റം: ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്
ദിനമൊന്ന് പുലരുമ്പോള്‍ നാമെന്നും ചോദിച്ചു,
ഒരു നേര്‍ത്ത വെട്ടമൊന്നറിയുമോ നാ-
മന്തമില്ലാത്തൊരീ നിഴലിന്റെ ഭീതിയില്‍?
പേറി, നാമെത്രയോ നഷ്ടങ്ങള്‍, പിന്നെയും
താണ്ടിക്കരേറേണ്ട കടലുകള്‍, ചാലുകള്‍
വന്യമാം ധൈര്യത്തെ ചേര്‍ത്തുവച്ച്
ശാന്തതയ്‌ക്കൊരു നാളും ശാന്തി തന്‍ ചിത്രങ്ങള്‍
കോറിയിടാമെന്നറിഞ്ഞുമില്ല
നീതി തന്‍ ചൂണ്ടുപലക, തന്നോരത്ത്
നനവിന്റെയൊരു തുള്ളി വീണുമില്ല.
പുലരികള്‍ നമ്മുടേതാണെന്ന ബോധ്യ-
ങ്ങളറിയാതെ നാമെന്നും കൈപിടിച്ചു.
കണ്ണിമ വെട്ടാതെ നാമെന്നുമിങ്ങനെ-
യീ മണ്ണിനാത്മാവിന് കൂട്ടിരുന്നു.
ദിക്കിന്റെ, കാലത്തിന്‍ പിന്‍ഗാമികള്‍
ഏകയായമ്മ പെറ്റ, കറുത്തൊരു പെണ്‍കൊടി,
മെലിഞ്ഞൊരു കോലവുമായിറങ്ങി
അടിമതന്‍ പൈതൃകമൊളിവാര്‍ന്നതാക്കി-
യമേരിക്കന്‍ മക്കള്‍ തന്‍ പ്രസിഡണ്ടാകാന്‍.
ഞങ്ങള്‍ കറുത്തവര്‍ തിളങ്ങുന്നില്ലെങ്കിലും,
പഴഞ്ചനാണതിനെന്നൊരര്‍ഥമില്ല.
പൂര്‍ണതയ്ക്കാരുമേ പൊരുതുന്നില്ല
പക്ഷേ,യാരെയും മാറ്റാതെ,
യൊരു നാട് പണിയേണം
സംസ്‌കാരമോരോന്നും ചോരാതെ,
നിറമൊന്നും മങ്ങാതെ,
എല്ലാ മനുഷ്യരും ചേര്‍ന്നൊരു മാലപോ-
ലൊരു രാജ്യ,മൊരു പുതിയ മണ്ണിന്‍ മണം.
വിടവുകള്‍ക്കിടയിലെ കാഴ്ച വേണ്ട,
എന്നാല്‍ മുന്നിലെ കാഴ്ചകള്‍ കണ്ടേ തീരൂ
വിടവുകളിനി മുതല്‍ മാറിടട്ടെ,
പുതിയൊരു ഭൂമി ഉയര്‍ന്നിടട്ടെ
വിഭജനം തീര്‍ക്കുന്ന ദൂരങ്ങള്‍ക്കറുതിയായ്
വിരലുകള്‍ കോര്‍ത്ത് നമുക്കൊന്നായിടാം.
ദ്വേഷമല്ല, നിത്യ സാന്ത്വനഐക്യമാണേവര്‍ക്കും
മന്ത്രമായ് നാമിനി നിത്യവും ചൊല്ലേണ്ടു.
ഭൂഗോളമെന്നുമേ ചൊല്ലുന്ന സത്യസാക്ഷ്യം:
ദു:ഖങ്ങള്‍ നമ്മെ വളര്‍ത്തി, യേറെ
വേദനയ്ക്കപ്പുറം കിട്ടീ, പ്രതീക്ഷകളും
തളരുമ്പോള്‍ നിര്‍ത്താതെ ഓടിക്കൊണ്ട്
ഒന്നിച്ചു കെട്ടിപ്പിണഞ്ഞു ജയിച്ചു.
തോല്‍വിയറിയാമെന്നറിയുകിലും, ഇനി
ഇല്ല വിതയ്ക്കില്ല വിഭജന വിത്തുകള്‍.
ബൈബിളിന്‍ താളുകള്‍ എന്നുമേ പാടുന്നു
ഓരോരുത്തര്‍ക്കും അവന്റെ വള്ളിയും
അത്തിമരവും ചുവട്ടില്‍ ഇരിപ്പിടം തന്നെന്ന്
ഭയമേതുമുണ്ടാകരുതാര്‍ക്കുമേ എന്നും
കാലത്തിനനുസൃതം ജീവിതമെങ്കില്‍ നാ-
മറിയണം, ബ്ലേഡിതിലുണരില്ല ജയമെന്നും
നാം പണിത പാലങ്ങളില്‍ ചേര്‍ത്തുവയ്ക്കാം
താണ്ടുന്ന മലകളില്‍ കാണും പ്രതീക്ഷകള്‍
നമ്മില്‍ കരുത്തിന്റെ കണികകളുണ്ടെങ്കില്‍
അമേരിക്കനാണെ,ന്നാര്‍ത്തു പാടീടുവാന്‍
സുകൃതത്തിന്‍ മേലെയാണഭിമാന,മോര്‍ക്കണം
പഴമതന്‍ പടികളില്‍ പാദമൂന്നി
പണിയണം, തെറ്റുകള്‍ തിരുത്തിടേണം
ജനമാണ് അധികാരിയെന്ന മന്ത്രം
മാറ്റിവയ്ക്കാം, പക്ഷേ മായ്ക്കുവാനാവില്ല
വിശ്വാസമാണത്, ഭാവിയെ കാണാനും
നമ്മെ നോക്കും ചരിത്രത്തെ,യറിയാനും
മോക്ഷത്തിന്‍ കാലമാണിത് പൊന്നു കൂട്ടരേ
ഭയമോടെ, ആരംഭം നോക്കി നമ്മള്‍
ഭീതിയുറയും സമയത്തും നമ്മളില്‍
ഉള്ളിലുറഞ്ഞൊരു ശക്തിതന്‍ പ്രതീക്ഷ
തീര്‍ക്കുന്നു പുത്തനാമധ്യായങ്ങള്‍
ആശിക്കണ,മെന്നു,മാര്‍ത്തുല്ലസിക്കണം
എന്നുമേ ചോദിക്കും ദുരിത ദുരന്തങ്ങ-
ളെങ്ങിനെ നാമെന്നു,മതിജയിച്ചീടേണം
ഇനിയും വിടാത്ത ദുരന്തങ്ങളെങ്ങിനെ
തൂവിമാറ്റിക്കൊണ്ട് മുന്നേറും നാം?
മുന്‍പുള്ള കാലത്തേക്കൊരു ചുവട് പോലും
പാടില്ല, പകരമായി മുന്നേറ്റം മാത്രം.
മുറിവേറ്റ രാജ്യമാണിവിടെയെന്നോര്‍ക്കണം
ദയാവായ്പും ധൈര്യവും കൂടെയുണ്ടെങ്കിലും,
ഇനിയില്ല ഇത്തരം പുറകോട്ടടിക്കല്‍
ഭീഷണി ചാര്‍ത്തിയ തടസങ്ങളും
ഇന്നത്തെ നമ്മുടെ കര്‍മശേഷിക്ക് നാം,
തലമുറയ്ക്കുത്തരം നല്‍കണം വരും കാലം.
ഇന്നത്തെ നമ്മുടെ മണ്ടത്തരങ്ങള്‍ കൊണ്ട-
വരുടെ നാളെകള്‍ ഭാരപ്പെടരുത്.
ദയയോട് ശക്തിയും ചേര്‍ത്തുവച്ചാല്‍,
ആ ശക്തി സത്യത്തിന്‍ കൂട്ടിരുന്നാല്‍,
സ്‌നേഹം നാം പൈതൃകമാക്കും സുനിശ്ചിതം.
മാറ്റിടാം മക്കള്‍ തന്‍ ജന്മാവകാശങ്ങള്‍
തീര്‍ക്കാമൊരു രാജ്യം തിരുശേഷിപ്പായ്
കരളില്‍ നിന്നുയരട്ടെ പുതിയ നിശ്വാസങ്ങള്‍.
മുറിവേറ്റ ഭൂമിയെ ദീപ്തമാക്കീടണം,
സ്വര്‍ണ്ണമുടലായ മലകളിലുയര്‍ന്നിടേണം,
വടക്ക് കിഴക്കന്‍ കാറ്റിലും പൊങ്ങണം,
വിപ്ലവം തീര്‍ത്ത മുന്‍ തലമുറ മണ്ണിലും,
തടാകങ്ങള്‍ തഴുകുന്ന മധ്യ പടിഞ്ഞാറന്‍ നഗരത്തിലും,
സൂര്യന്‍ കുളിപ്പിച്ച തെക്കിന്റെ ദിക്കിലും,
പുതുക്കിപ്പണിയണം, മുക്തി നേടീടണം.
നാനാവിധ,മെന്നാല്‍ ചാരുത മുറ്റുമീ-
രാജ്യപൗരര്‍ തന്നുയിരാര്‍ന്ന വരവുകള്‍
ഓരോരോ മുക്കിലും കോണിലുമായ്
മറ മാറ്റി വെള്ളിവെളിച്ചത്തിലേക്കൊ-
ഴുകുന്നു, ധീരരായ്, ഭീതിയറ്റവരായ്
അവിടെയുദിക്കുന്നു പുത്തന്‍ പ്രഭാതങ്ങളെ-
ന്നുമൊഴിയാത്ത പ്രഭയും കൊണ്ട്
അതുകാണാന്‍ ഹൃത്തടം ധൈര്യമാര്‍ജ്ജിക്കട്ടെ
അതിനായ് നമ്മള്‍ക്ക് ധൈര്യരായ് തീര്‍ന്നിടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."