സഊദിയിൽ ഇഖാമ നാല് ഘട്ടമായി പുതുക്കാം; മന്ത്രി സഭ അംഗീകാരം നൽകി
റിയാദ്: സഊദിയിൽ ഇനി മൂന്ന് മാസം എന്ന തോതിൽ ഇഖാമ പുതുക്കുവാൻ മന്ത്രിസഭാ അംഗീകാരം നൽകി. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ശുപാര്‍ശ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് അംഗീകാരം നൽകിയത്. ഗാർഹിക തൊഴിലാളികൾ ഒഴികെ രാജ്യത്തെ മുഴുവൻ വിദേശ തൊഴിലാളികളുടെയും ഇഖാമ ഇത്തരത്തിൽ മൂന്ന് മാസത്തേക്ക് എടുക്കാനും പുതുക്കാനും സാധിക്കും. പന്ത്രണ്ട് മാസത്തേക്ക് ഒരുമിച്ചുള്ള ഫീസ് നൽകി വർഷത്തിൽ ഇഖാമ പുതുക്കുമ്പോൾ ഭീമമായ തുക അടക്കേണ്ടി വരുന്ന അവസ്ഥക്ക് ഇതോടെ ശമനമാകും. മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കുമ്പോൾ ഇത്രയും കാലത്തേക്കുള്ള ലെവി നൽകിയാൽ മതിയെന്നത് തൊഴിലുടമകൾക്ക് ഏറെ ആശ്വാസകരമായിരിക്കും.
നിലവിൽ വിദേശികൾക്ക് ഇഖാമ പുതുക്കുന്നതിന് പതിനായിരത്തിലധികം റിയാലാണ് പുതുക്കുന്ന അവസരത്തിൽ നൽകേണ്ടി വരുന്നത്. നിലവിൽ ഇത് ഇഖാമ പുതുക്കുന്ന അവസരത്തിൽ ഒരുമിച്ച് അടക്കണമായിരുന്നു. എന്നാൽ, പുതിയ സംവിധാനത്തിന് അംഗീകാരം നൽകിയതോടെ ഓരോരുത്തര്‍ക്കും ഒരു വര്‍ഷത്തേക്ക് വരുന്ന സംഖ്യ മൂന്നു മാസം വീതം ഗഡുക്കളായി അടച്ച് പുതുക്കാൻ സാധിക്കും. ഇത്തരത്തിൽ വർഷത്തിൽ നാല് തവണയായി ഇഖാമ പുതുക്കാനാകും. ഇത് തൊഴിലുടമകൾക്ക് വലിയൊരാശ്വാസമാണ് നൽകുക. അതേസമയം, ഹൗസ് ഡ്രൈവര്‍മാരടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഇഖാമ പുതുക്കുന്നതിന് 650 റിയാല്‍ മാത്രമേയുള്ളൂ. അതിനാലാണ് അവരെ ഈ ആനുകൂല്യത്തില്‍ നിന്നൊഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."