പട്ടികയെ ചൊല്ലി ബി.ജെ.പി പ്രവർത്തകരുടെ കലാപം മോദിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു, പാർട്ടി ഓഫിസ് കൊള്ളയടിച്ചു
ഇംഫാൽ
മണിപ്പൂരിൽ ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി എൻ . ബിരേൻ സിങ്ങിനും എതിരേ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് രാജിയും പ്രക്ഷോഭവും തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാർക്കാണ് സീറ്റുകൾ നൽകിയതെന്നാണ് ആരോപണം. മോദിയുടേയും എൻ. ബിരേൻ സിങ്ങിന്റേയും കോലം കത്തിച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്ത നേതാക്കളാണ് പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത്.
പാർട്ടി ഓഫിസുകൾ പ്രവർത്തകർ തന്നെ കൊള്ളയടിച്ചു. പ്ലക്കാർഡുകളുമായി പ്രവർത്തകർ തെരുവിൽ ഇറങ്ങി അക്രമം നടത്തി. ഇംഫാലിലെ ബി.ജെ.പി ആസ്ഥാനത്തിന് പൊലിസ് സുരക്ഷ ശക്തിപ്പെടുത്തി. ചില നേതാക്കൾ ടിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജിവച്ചെന്നും എത്രപേർ രാജിവച്ചെന്ന് വ്യക്തമല്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ 10 കോൺഗ്രസ് നേതാക്കൾ ഈയിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു.
അവർക്കെല്ലാം മത്സരിക്കാൻ ടിക്കറ്റ് നൽകുകയും മറ്റുള്ളവരെ ഒഴിവാക്കുകയുമായിരുന്നു. 60 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് മണിപ്പൂരിൽ ബി.ജെ.പി പ്രഖ്യാപിച്ചത്. ഇത്തവണ ബി.ജെ.പി പട്ടികയിൽ മുസ് ലിം സ്ഥാനാർഥിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
2017 ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്. ചെറു പാർട്ടികളുടെ സഹായത്തോടെയും സ്വതന്ത്ര എം.എൽ.എമാരെയും ഉപയോഗിച്ചാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. ഇതിൽ 19 എം.എൽ.എമാർക്ക് ഇത്തവണയും സീറ്റ് നൽകി. മൂന്നു പേരെ ഒഴിവാക്കി. പട്ടികയിൽ മൂന്നു വനിതകളെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് വനിതകളും പ്ലക്കാർഡുകളുമായി തെരുവിലിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."