ലോകായുക്തക്കെതിരായ പരാമർശം ജലീലിനെതിരേ കോടതിയലക്ഷ്യ ഹരജി ഡി.ജി.പിക്കും കാസർകോട് എസ്.പിക്കും പരാതി
തിരുവനന്തപുരം
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ നിശിതമായി വിമർശിച്ച മുൻ മന്ത്രി കെ.ടി ജലീൽ എം.എൽ.എയ്‌ക്കെതിരേ ലോയേഴ്‌സ് കോൺഗ്രസ് കോടതിയലക്ഷ്യ ഹരജി നൽകി. ലോകായുക്തയിലാണ് ഹരജി നൽകിയത്. ലോയേഴ്‌സ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജീവ് കെ.എസ് ആണ് ലോകായുക്തയിൽ ഹരജി നൽകിയത്. ജലീൽ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് നിയമപരമായി തെളിവില്ലെന്നും അതിനാൽ കോടതിയലക്ഷ്യം ചുമത്തണമെന്നുമാണ് ആവശ്യം.
ലോകായുക്ത വിധിയെ തുടർന്നാണ് ജലീലിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ഇതിൽ മനംനൊന്ത് ജലീൽ ലോകായുക്തയ്‌ക്കെതിരേ പലയിടത്തും അപകീർത്തികരമായ നിരവധി പരസ്യ പരാമർശങ്ങൾ നടത്തുന്നുവെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. ലോകായുക്തയെ അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമക്കുറിപ്പിലൂടെ ജലീൽ നിയമം ലംഘിച്ചെന്നും കോടതിയലക്ഷ്യ നിയമം 1971 പ്രകാരം നടപടിയെടുക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.
അതിനിടെ ജലീലിനെതിരായി ഡി.ജി.പിക്കും കാസർകോട് ജില്ലാ പൊലിസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."