ഇൻഫ്രാറെഡ് രശ്മികളിലെ ജീവസാന്നിധ്യം: ജേണലിലേത് അശാസ്ത്രീയ കണ്ടെത്തലെന്ന് ഗവേഷകർ
കോഴിക്കോട്: ഇൻഫ്രാറെഡ് രശ്മികളിൽ പുതിയ ജീവസാന്നിധ്യം കണ്ടെത്തിയെന്ന തരത്തിൽ ജേണൽ ഓഫ് ഫിസിക്‌സ് ആൻഡ് അസ്‌ട്രോണമിയിൽ മലയാളി ഗവേഷകന്റേതായി വന്ന വാർത്ത ശാസ്ത്രീയ അടിത്തറയില്ലാത്തതും തെറ്റിദ്ധാരണാ ജനകവുമാണെന്ന് ശാസ്ത്ര ഗവേഷകർ. സ്വാദിഖ് ചെമ്മലയുടേതെന്ന രീതിയിൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഗവേഷണ പ്രബന്ധങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളോ നടപടിക്രമങ്ങളോ പാലിച്ചിട്ടില്ലെന്നും ശാസ്ത്ര ഗവേഷകനായ ഡോ. പ്രസാദ് അലക്‌സ് പറഞ്ഞു.
സാധാരണ ഒരു വർഷം വരെ സമയമെടുത്ത് പ്രസിദ്ധീകരിക്കുന്ന ഗവേഷണ റിപ്പോർട്ട് ഈ ജേണലിൽ ദിവസങ്ങൾ കൊണ്ടാണ് പ്രസിദ്ധീകരിക്കുന്നതെന്നും ഒറ്റ രാത്രികൊണ്ട് പൊട്ടിമുളച്ചുണ്ടാകുന്നതല്ല ഇന്ന് നാം കാണുന്ന ശാസ്ത്ര അറിവുകളെന്നും ഗവേഷകരുടെ വർഷങ്ങൾ നീളുന്ന പരിശ്രമമാണെന്നും ഡൽഹി ഐ.ഐ.ടിയിലെ മുൻ സീനിയർ പ്രൊജക്ട് സയിന്റിസ്റ്റായിരുന്ന പി.ടി ഷംസീർ അലി അഭിപ്രായപ്പെട്ടു. ജീവനുള്ള വസ്തുവിലോ ജീവനില്ലാത്ത വസ്തുവിലോ ഇൻഫ്രാറെഡ് രശ്മികൾ പുറപ്പെടുവിക്കാം. ഇത് ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ച് കണ്ടെത്താനും കഴിയും. പൊടിപടലങ്ങൾ പോലും ഇൻഫ്രാറെഡ് രശ്മികളെ പ്രതിഫലിപ്പിക്കും. ഈ സാഹചര്യത്തിൽ കാമറയിൽ പതിഞ്ഞ ചിത്രത്തിന് എങ്ങനെ ജീവനുണ്ടെന്ന് തെളിയിക്കാനാകുമെന്ന് ഗവേഷകർ ചോദിക്കുന്നു.
പഠനത്തിൽ ഉപയോഗിച്ച മെത്തേഡുകൾ, ഉപകരണങ്ങൾ എന്നിവയെ കുറിച്ചൊന്നും പറയുന്നില്ല. ഭൗതിക ശാസ്ത്രത്തിനും ജീവശാസ്ത്രത്തിനും മികച്ച സംഭാവനകൾ നൽകുന്ന കണ്ടെത്തലാണന്ന വിധത്തിലാണ് ജേണൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നും ഇതു മാധ്യമങ്ങളെ വരെ തെറ്റിദ്ധരിപ്പിക്കാമെന്നും ഡോ. അലക്സ് വ്യക്തമാക്കി. ദൃശ്യപ്രകാശത്തിൽ ചുവപ്പിനേക്കാൾ തരംഗ ദൈർഘ്യം കുറഞ്ഞതാണ് ഇൻഫ്രാറെഡ്. കാമറയിലെ ലൻസിലെ പൊടിപടലം പോലും ഇത്തരം ചിത്രങ്ങൾ നൽകും. ഒരു ചിത്രം തെളിഞ്ഞപ്പോൾ അതിനു ജീവനുണ്ടാകാമെന്നും പ്രകാശ വേഗതയേക്കാൾ സഞ്ചരിക്കാനാകുമെന്നും ഊഹിക്കുക മാത്രമാണെന്നും അതിനുള്ള തെളിവുകൾ ജേണൽ പറയുന്നില്ലെന്നും ശാസ്ത്ര ഗവേഷകർ സൂചിപ്പിച്ചു. ജേണലിലെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രഭാതത്തിൽ വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് ഗവേഷകരുടെ പ്രതികരണം.
https://suprabhaatham.com/www-tsijournals-com-journals-journal-of-physics-astronomy/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."