കരകയറ്റാത്ത ബജറ്റ്
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അത്ഭുതങ്ങളൊന്നുമില്ലാത്ത ബജറ്റാണ് നിർമലാ സീതാരാമൻ അവരുടെ നാലാമത്തെ ബജറ്റായി അവതരിപ്പിച്ചിരിക്കുന്നത്. കൃത്യതയോ വ്യക്തതയോ ഇല്ലാത്ത ബജറ്റെന്ന് വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. നെല്ലിനും ഗോതമ്പിനും താങ്ങുവില നൽകുമെന്നതിനപ്പുറം കർഷകരുടെ കൈകളിലേക്ക് പണം നേരിട്ടെത്തുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല.
കൊവിഡ് പ്രതിസന്ധി പരാമർശിച്ചായിരുന്നു മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചതെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാനവിഭാഗങ്ങൾക്ക് ആശ്വാസംനൽകുന്ന ഒരു പദ്ധതിയും ബജറ്റിൽ ഉണ്ടായിരുന്നില്ല. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലെത്തിനിൽക്കുന്ന ഒരു സന്ദർഭത്തിൽ വരുന്ന ഇരുപത്തിയഞ്ച് വർഷത്തെ വികസനം പരിഗണിക്കുന്ന ബജറ്റ് നിർദേശങ്ങളാണ് താൻ അവതരിപ്പിക്കുന്നതെന്ന് മന്ത്രി അവതരണവേളയിൽ അവകാശപ്പെട്ടെങ്കിലും അതിന്റെ സൂചനകളൊന്നും കണ്ടില്ല.
ഇന്ത്യയുടെ സാമ്പത്തികരംഗം മറ്റു രാജ്യങ്ങളേക്കാൾ മികച്ചതെന്ന് അവകാശപ്പെടുമ്പോഴും കൊവിഡിന്റെ ആഘാതത്തിൽ തകർന്നുപോയ ജനതയുടെ, അവരിൽ കൂടുതൽപേരും ദരിദ്രരായി മാറിയ അവസ്ഥയെ ബജറ്റ് അഭിസംബോധന ചെയ്യുകയോ ആശ്വാസ നടപടികൾ പ്രഖ്യാപിക്കുകയോ ഉണ്ടായില്ല.
നാലു കാര്യങ്ങളിൽ ഊന്നൽ നൽകുന്നുണ്ടെന്ന് ബജറ്റിൽ പറയുന്നു. എല്ലാവരുടെയും വികസനം എന്നതാണ് അതിൽ പ്രധാനം. എന്നാൽ, അടിസ്ഥാനവർഗത്തിന് ഗുണകരമാകുന്ന എന്ത് വികസനമാണ് നടപ്പാക്കുകയെന്ന് വ്യക്തമാക്കുന്നില്ല.യുവാക്കൾ, സ്ത്രീകൾ, കർഷകർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ലക്ഷ്യമാണെന്ന് പറയുന്നുണ്ടെങ്കിലും ക്ഷേമം നടപ്പാക്കാൻ എന്ത് പദ്ധതികളാണ് ആവിഷ്ക്കരിക്കുക എന്നതിനും വ്യക്തതയില്ല. അതേപോലെ 25,000 കിലോമീറ്റർ ലോകനിലവാരമുള്ള പാതകളും ലക്ഷ്യമാണെന്ന് പറയുന്നു. ലക്ഷ്യങ്ങളെക്കുറിച്ചാണ് ബജറ്റിൽ അധികവും പ്രതിപാദിക്കുന്നത്.
അതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിൽ നിന്ന് സർക്കാർ പിറകോട്ടില്ലെന്നതിന്റെ സൂചനയും ബജറ്റ് നൽകുന്നുണ്ട്. എൽ.ഐ.സിയുടെ സ്വകാര്യവത്ക്കരണം വൈകില്ലെന്നാണ് മന്ത്രി പറയുന്നത്. രാജ്യത്തിന്റെ പ്രധാന വരുമാനസ്രോതസുകളായ പൊതുമേഖലാ സ്ഥാപനങ്ങളെ കോർപറേറ്റുകൾക്ക് വിറ്റുകൊണ്ടാണ് സർക്കാർ ധനസമാഹരണം നടത്തുന്നത്. അല്ലാതെ രാജ്യത്തിന്റെ വിഭവശേഷി ഉപയോഗപെടുത്തിക്കൊണ്ടല്ല. അത്തരം വിഷയങ്ങളിൽ സർക്കാരിന് ഇപ്പോഴും താൽപര്യമില്ലെന്നാണ് ജനകീയ പ്രതിഷേധങ്ങളെ വകവയ്ക്കാതെ എൽ.ഐ.സിയെ തീറെഴുതിക്കൊടുക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത്. പി.എം ആവാസ് യോജന പദ്ധതിയിൽ 80 ലക്ഷം വീടുകൾ നിർമിക്കുമെന്ന് പറയുന്നു. എന്നാൽ, പണം വകയിരുത്തിയിട്ടില്ല. ഓരോ വീട്ടിലും ഓരോ ശുചി മുറി എന്ന പഴയ വാഗ്ദാനത്തെയാണ് ഈ പ്രഖ്യാപനവും അനുസ്മരിപ്പിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ ധനസഹായമെന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞുപോവുകയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും കൂടിയാണ് പലിശരഹിത വായ്പയായി ഇത് കൊടുക്കുക. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട സാമ്പത്തികസഹായത്തെ സംബന്ധിച്ചും സിൽവർ ലൈൻ പദ്ധതിവിഹിതത്തെ സംബന്ധിച്ചും പ്രത്യേക പരാമർശങ്ങളൊന്നും ബജറ്റിലില്ല. എന്നാൽ, കോർപറേറ്റുകൾക്കുള്ള സർചാർജ് ഏഴു ശതമാനമാക്കി കുറയ്ക്കുമെന്നു പറയുന്നുമുണ്ട്. തകർച്ചയിലായ ടൂറിസം, വ്യോമയാനം, റിയൽ എസ്റ്റേറ്റ് മേഖല, ഓട്ടോമൊബൈൽ എന്നിവയെ പുനരുദ്ധരിപ്പിക്കാനാവശ്യമായ ഒരു പദ്ധതിയും ഇല്ല.
മലയോരമേഖലയിൽ പുതിയ ഗതാഗത പദ്ധതി, മൂന്ന് വർഷത്തിനുള്ളിൽ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക, ചെറുകിട, ഇടത്തരം പദ്ധതികൾക്ക് രണ്ട് ലക്ഷം കോടി, ജൈവ കൃഷിക്കായി പ്രത്യേക പദ്ധതി, രണ്ട് ലക്ഷം അങ്കണവാടികൾ നവീകരിക്കും- ഇങ്ങനെ നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റിലൂടെ നിരത്തിയത്. എന്നാൽ, ഒന്നിനും വ്യക്തതയോ കൃത്യതയോ ഇല്ല
സംസ്ഥാന സർക്കാർ നാല് ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുമ്പിൽ സമർപ്പിച്ചിരുന്നു. കേന്ദ്രം നേരിട്ട് പിരിക്കുന്ന സെസ് ഒഴിവാക്കണം, സിൽവർലൈൻ പദ്ധതി അംഗീകരിക്കണം, ഇതിലേക്ക് കേന്ദ്രവിഹിതം അനുവദിക്കണം. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം കൂട്ടണം, പ്രവാസികൾക്ക് പ്രത്യേക പാക്കേജ് വേണം എന്നിവയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ഒന്നിനുപോലും ബജറ്റിൽ പരാമർശമില്ല. എല്ലാവർക്കും ഗുണം കിട്ടുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നായിരുന്നു ബജറ്റ് അവതരണത്തിന് മുമ്പ് ധനകാര്യ സഹമന്ത്രി പറഞ്ഞിരുന്നത്. കോർപറേറ്റുകൾക്ക് നികുതിയിളവ് നൽകുന്നതിനപ്പുറം എല്ലാവർക്കും ആശ്വാസം പകരുന്ന ഒരു പദ്ധതിയുമില്ല. രാജ്യം ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയും നിർമലാ സീതാരാമൻ നൽകുന്നുണ്ട്. സ്വകാര്യ ക്രിപ്റ്റോ കറൻസി നിരോധിക്കുമെന്ന് പറഞ്ഞ സർക്കാർ തന്നെ രാജ്യത്ത് ക്രിപ്റ്റോ കറൻസി നടപ്പാക്കാൻ തുനിയുന്നതിനുള്ള അംഗീകാരം ബജറ്റിലൂടെ നൽകുന്നുണ്ട്. ഇതുസംബന്ധിച്ച് പാർലമെൻ്റിൽ ബിൽ കൊണ്ടുവരാതെയാണ് ബജറ്റ് അവതരണത്തിലൂടെ ക്രിപ്റ്റോ കറൻസി നിയമവിധേയമാക്കുന്നത്.
രാജ്യത്തെ 45 ശതമാനം തൊഴിലാളികളും കൃഷിയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവരാണ്. അവരുടെ ഉന്നമനത്തിനായി പ്രത്യേകമായി തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. പ്രത്യേകിച്ചും രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക സമരം ഉണ്ടായ പശ്ചാത്തലത്തിൽ. കോർപറേറ്റ് നികുതി ഒരുവർഷത്തേക്ക് നീട്ടിക്കൊ ടുക്കുന്ന ബജറ്റിൽ ദാരിദ്ര്യത്തിലേക്ക് പതിച്ച വലിയൊരു വിഭാഗം മധ്യവർഗത്തിന് ആശ്വാസം നൽകുന്ന ഒരു പദ്ധതിയുമില്ല. അവരുടെ നികുതിയിളവിനെക്കുറിച്ച് ബജറ്റ് മിണ്ടുന്നില്ല.
കൊവിഡിൽ പകച്ചുനിൽക്കുന്ന രാജ്യം അതീവ ഗുരുതരമായ രണ്ട് പ്രതിസന്ധികളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന് ആരോഗ്യരംഗത്തെ തകർച്ച. മറ്റൊന്ന് ഇതിന്റെ ഫലമായുണ്ടായ രൂക്ഷമായ തൊഴിലില്ലായ്മ. ഈ രണ്ട് പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നത് സംബന്ധിച്ച് ഒരു വാക്കുപോലും പറയാതെയാണ് ഒന്നര മണിക്കൂർ നീണ്ട തന്റെ ബജറ്റ് പ്രസംഗം ധനമന്ത്രി നിർമലാ സീതാരാമൻ അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."