സാധാരണക്കാരെ വേണ്ടാത്ത ബജറ്റ്
കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷമായി സമ്പദ്‌വ്യവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇത്തവണ സാമ്പത്തികവളർച്ചയ്ക്കും ജനക്ഷേമത്തിനും ഊന്നൽ നൽകിയുള്ള നിർണായക ബജറ്റാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ തികച്ചും നിരാശപ്പെടുത്തുന്ന ഒരു ബജറ്റാണ് പ്രഖ്യാപിച്ചതെന്ന് പറയാതിരിക്കാൻ വയ്യ. പി.എം ഗതിശക്തി പ്ലാൻ, എല്ലാവരുടെയും വികസനം, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ, നിക്ഷേപക പ്രോത്സാഹനം എന്നീ നാല് കാര്യങ്ങളിലാണ് ബജറ്റിൽ പ്രധാനമായും ഊന്നൽ നൽകിയിട്ടുള്ളത്. അതേസമയം, പണപ്പെരുപ്പം വർധിപ്പിക്കാനും വ്യവസായികളുടെ പോക്കറ്റ് നിറയ്ക്കാനും സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും പോക്കറ്റ് കാലിയാക്കാനുമുള്ള ഒന്നായി മാറുന്നുവെന്നതാണ് വാസ്തവം.
കാർഷികം
2020ന്റെ രണ്ടാം പകുതിക്ക് ശേഷം വർധിച്ച ആഗോള ഡിമാൻഡ് നിറവേറ്റാൻ ഇന്ത്യൻ കാർഷികമേഖലയ്ക്ക് വിജയകരമായി സാധിച്ചു എന്നുവേണം കരുതാൻ. കാരണം മഹാമാരി ദുരിതങ്ങൾക്കിടയിലും ശക്തമായി നിലകൊണ്ട ചുരുക്കം ചില വിഭാഗങ്ങളിൽ ഒന്നാണ് ഇന്ത്യയുടെ കാർഷിക മേഖല. 2020-21 ലും 2021-22 ലും ഈ മേഖല വളരുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് മുൻനിർത്തിയും കർഷകരെ വിശ്വാസത്തിലെടുത്തുമാണ് ബജറ്റ് പ്രഖ്യാപനമുണ്ടായതെന്ന് പറയാം. ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ, കർഷകർക്കു താങ്ങുവില, കിസാൻ ഡ്രോണുകൾ എന്നീ പ്രഖ്യാപനങ്ങളാണ് കാർഷികമേഖലയിൽ ഈ വർഷത്തെ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. എന്നാൽ കർഷകർക്ക് നേരിട്ട് ലഭിക്കേണ്ട ഒരു ആനുകൂല്യങ്ങളും അതിൽ ഉൾപ്പെടുത്തിക്കാണുന്നില്ല. കർഷകരുടെ വായ്പ, അവരുടെ വരുമാനം, വിളകളുടെ ഇൻഷുറൻസ്, സ്റ്റോറേജ് സൗകര്യങ്ങൾ എന്നിവയും മറ്റു സാമൂഹികസുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെടുത്തി പ്രാപ്തമാക്കുന്നതിനും വേണ്ടിയുള്ള ഒരു വിഹിതവും ബജറ്റിൽ ഇല്ല.
ആദായ നികുതി
നികുതിദായകർ ഏറെ പ്രതീക്ഷയോടെ ഓരോ വർഷവും നോക്കിക്കാണുന്ന ഒന്നാണ് ആദായനികുതിയിലെ ഇളവുകൾ. കഴിഞ്ഞ വർഷങ്ങളെപോലെ ഈ വർഷവും പ്രതീക്ഷകൾ മാത്രമാണ് ബാക്കിയായത്. ചെറിയൊരു ആശ്വാസമായി എൻ.പി.എസ്സിലേക്കുള്ള തൊഴിലുടമയുടെ സംഭാവനയ്ക്കുള്ള കിഴിവ് കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരന് പത്തിൽനിന്ന് 14 ശതമാനമായി ഉയർത്തി. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷത്തെ ഇളവ് പ്രഖ്യാപിച്ചു എന്നത് മാത്രമായി ആ പരിഷ്‌കാരം ചുരുക്കി. ഈ ബജറ്റിലും ആദായനികുതി നിരക്കുകളിലോ സ്ലാബുകളിലോ നികുതിയിളവുകളിലും ധനമന്ത്രി കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. കൊവിഡ് മുറിവേൽപ്പിച്ച പരുക്കുകളിൽനിന്ന് മുക്തമായി പുറത്തേക്കുവരുന്ന ഘട്ടത്തിൽ ഇടത്തരം വരുമാനക്കാർക്ക് ആദായനികുതി ഇളവുകൾ വലിയ ആശ്വാസമാകുമായിരുന്നു. എന്നാൽ അത്തരം പ്രഖ്യാപനങ്ങൾ ബജറ്റിൽ കണ്ടില്ല.
ക്രിപ്റ്റോകറൻസി
ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാണ് ഡിജിറ്റൽ കറൻസി. ലോകത്തുടനീളമുള്ള 80 ശതമാനം സെൻട്രൽ ബാങ്കുകളും ഡിജിറ്റൽ കറൻസിയുടെ പ്രാഥമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം. ബ്ലോക്ക്‌ചെയിനും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് ആർ.ബി.ഐയുടെ ഔദ്യോഗിക ക്രിപ്‌റ്റോകറൻസികൾ (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) അടുത്ത സാമ്പത്തിക വർഷം മുതൽ പുറത്തിറങ്ങുകയാണ്. പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, പണം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സാമ്പത്തികവും ശാരീരികവുമായ പരിശ്രമങ്ങൾ കുറയ്ക്കുക, ഇടപാട് ചെലവ് കുറച്ച് ഉയർന്ന ലാഭം നേടുക, സെറ്റിൽമെന്റ് റിസ്‌ക് കുറയ്ക്കുക, കൂടുതൽ ശക്തവും കാര്യക്ഷമവും വിശ്വസനീയവും നിയന്ത്രിതവും നിയമാനുസൃതവുമായ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആർ.ബി.ഐ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത്. വിപണികളിൽ ഈ കറൻസികൾക്കു മുൻതൂക്കം നൽകാനായിരിക്കാം സ്വകാര്യകറൻസികളിലെ വരാനിരിക്കുന്ന നിയന്ത്രണങ്ങൾ എന്നും പ്രത്യാശിക്കാം. ഈ കറൻസികളുടെ ഉത്ഭവം, വാണിജ്യത്തെയും വ്യാപാരികളെയും കുറിച്ചുള്ള സുതാര്യതയുടെ അഭാവം, ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളുടെ ആഗോള സർവവ്യാപനം എന്നിവ കണക്കിലെടുക്കുമ്പോൾ, അനിയന്ത്രിതമായ സ്വകാര്യ ക്രിപ്‌റ്റോ ഒരു വലിയ വ്യവസ്ഥാ വെല്ലുവിളിയാണ്. ഇതിനെ മറികടക്കാൻ ആർ.ബി.ഐയുടെ ഡിജിറ്റൽ കറൻസിക്ക് സാധിച്ചേക്കാം. പക്ഷേ, വെർച്വൽ ഡിജിറ്റൽ അസറ്റിന്റെ കൈമാറ്റത്തിൽ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം നികുതി ചുമത്തുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. കിഴിവുകളും ഇളവുകളും അനുവദനീയമല്ല. അത്തരം ആസ്തികൾ കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം മറ്റേതെങ്കിലും വരുമാനത്തിൽ നിന്ന് നികത്താൻ സാധിക്കുകയുമില്ല. ഇതിൻ്റെ കൂടെ 18 ശതമാനം ജി.എസ്.ടിയും കൂട്ടിച്ചേർക്കുമ്പോൾ 48 ശതമാനം വരെ എത്തും. ഡിജിറ്റൽ ഇടപാടുകളിൽ ഇതൊരു വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
തൊഴിലില്ലായ്മ
രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കൾ വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്‌ക്കെതിരേ പ്രതിഷേധിച്ച് തെരുവിലിറങ്ങേണ്ട സമയമാണിത്. കഴിഞ്ഞ 34 വർഷത്തിനിടയിൽ തൊഴിലില്ലായ്മ ഇത്രയും നിർണായകമായ പരിധിയിലെത്താൻ കാരണമായ ഇന്ത്യയിലെ വികലമായ സാമ്പത്തിക വളർച്ചാമാതൃകയുടെ പ്രശ്‌നമാണിത്. തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും മൂലം തകർന്നുകൊണ്ടിരിക്കുന്ന സാധാരണ ജനങ്ങൾക്ക് ബജറ്റ് ആശ്വാസമേയല്ല. പ്രത്യേകിച്ച് അസംഘടിത, അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്ക്. നമ്മുടെ രാജ്യത്തെ യുവജന മൂലധനത്തെ പരമാവധി ഉപയോഗപ്പെടുത്തുകയും ജനസംഖ്യാ ലാഭവിഹിതം കൊയ്‌തെടുക്കുകയും ചെയ്യുന്നതിനുള്ള തൊഴിൽ കേന്ദ്രീകൃത നയതന്ത്രങ്ങളും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല.
ആരോഗ്യം
മഹാമാരി എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ ദൗർബല്യങ്ങൾ മുന്നിൽ കൊണ്ടുവന്നു. ഇന്ത്യയും അപവാദമല്ല. പൊതുജനാരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകളും സംവിധാനത്തിലെ അസന്തുലിതാവസ്ഥയും തുറന്നുകാണിക്കുകയാണ് കൊവിഡ് മഹാമാരി ചെയ്തത്. പ്രത്യേകിച്ചും ഒമിക്രോൺ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് വലിയ ഒരു ആരോഗ്യ ബജറ്റാണ് ഈ മേഖലയിൽ പ്രതീക്ഷിച്ചിരുന്നത്. ആരോഗ്യ സംരക്ഷണ ചെലവിലെ വർധനവുമായി ബന്ധപ്പെട്ട് ബജറ്റിൽനിന്ന് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായില്ല. ഇന്ത്യയിൽ ദേശീയ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാം സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചുകൊണ്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) നോഡൽ സെന്ററായി 23 ടെലി മെന്റൽ ഹെൽത്ത് സെന്ററുകളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. നിർദിഷ്ട ദേശീയ ടെലിമെന്റൽ ഹെൽത്ത് പ്രോഗ്രാം വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തെയും വൈകാരികക്ഷേമത്തെയും പിന്തുണയ്ക്കുന്നതിനുള്ള ശക്തമായ ചുവടുവയ്പ്പായിരിക്കും. എന്നാൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളിൽ ജി.എസ്.ടി നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതിനാൽ ഇടത്തരക്കാരുടെയും അടിസ്ഥാനവർഗത്തിൻ്റെയും കുറഞ്ഞ വരുമാനക്കാരുടെയും ആരോഗ്യ സംരക്ഷണ ചെലവുകളുടെ ഭാരം വലുതായി മാറും.
വാങ്ങൽശേഷി
പ്രധാന സാമ്പത്തിക സൂചകങ്ങളിൽ രാജ്യം ക്രമാനുഗതമായ വീണ്ടെടുക്കലിന് സാക്ഷ്യംവഹിക്കുമ്പോഴും വാങ്ങൽ ശേഷിയിൽ (demand) നിലനിൽക്കുന്ന അനിശ്ചിതത്വം ആശങ്കയിലാക്കുന്നു. സാമ്പത്തിക വീണ്ടെടുക്കലിന് പ്രധാന പങ്കുവഹിക്കുന്ന വാങ്ങൽശേഷിയെ അഭിവൃദ്ധിപ്പെടുത്താനും ഉപഭോഗമാന്ദ്യം പരിഹരിക്കാനും വേണ്ട ഇളവുകളും ഉത്തേജകങ്ങളുമൊന്നും ബജറ്റിലില്ല. ഇന്ത്യയിലെ അവശതയനുഭവിക്കുന്ന കോടാനുകോടി മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താൻവേണ്ട പദ്ധതികളും പ്രഖ്യാപനത്തിൽ ഉണ്ടായില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എം.ജി.എൻ.ആർ.ഇ.ജി.എസ്) കീഴിലുള്ള തൊഴിലിനുവേണ്ടിയുള്ള ആവശ്യകത രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത് ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു, അത് പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയേക്കാൾ ഉയർന്നതാണ്. അങ്ങേയറ്റം നിരാശാജനകമാണെന്ന് പറയട്ടെ ഈ പദ്ധതിയിലും വേണ്ടത്ര പണം മാറ്റിവയ്ക്കാൻ തയാറായില്ല. മാത്രവുമല്ല, പണപ്പെരുപ്പം തടയുന്നതിനുള്ള ഒരു ഉപകരണമായി ബജറ്റിനെ ഉപയോഗിച്ചും കാണുന്നില്ല.
അസന്തുലിതത്വം
കൊവിഡ് കാലഘട്ടത്തിൽ ഇന്ത്യ അഭിമുഖീകരിച്ച മറ്റൊരു പ്രധാന വെല്ലുവിളി ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം അതിവേഗം വർധിച്ചു എന്നതാണ്. അഞ്ചു വർഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ വാർഷികവരുമാനത്തിൽ 53 ശതമാനം ഇടിവാണുണ്ടായത്. എന്നാൽ 20 ശതമാനം ധനികരുടെ വാർഷികവരുമാനത്തിൽ ഇതിൽ 39 ശതമാനം വർധനവാണുണ്ടായത്. എന്നാൽ ഒരു സാമ്പത്തിക സമത്വസമൂഹം ഉറപ്പാക്കാനും കൊവിഡ് മഹാമാരി സാമ്പത്തികമേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാനും ബജറ്റിൽ 'കൊവിഡ് നികുതി' പോലെയുള്ള പുതിയ നികുതികളും മറ്റു തന്ത്രങ്ങളും സമ്പന്നർക്കുമേൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സമ്പത്തിന്റെ പുനർവിതരണത്തിനും സന്തുലിത സമൂഹത്തിനും വേണ്ടിയുള്ള അത്തരം നയപരിപാടികൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. പകരം വലിയതോതിൽ ലാഭവിഹിതം നൽകിക്കൊണ്ടിരിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസി (LIC) പോലും സ്വകാര്യവൽക്കരിക്കുകയാണ് ചെയ്യുന്നത്.
വളരെ വലിയ ശുഭാപ്തിവിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും കൂടിയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി വളർച്ച 9.2 ശതമാനം വരെയാകുമെന്നാണ് കണക്കുകൂട്ടൽ. മാത്രമല്ല, 2022-23 സാമ്പത്തിക വർഷത്തിൽ 8 മുതൽ 8.5 ശതമാനം വരെ ജി.ഡി.പി വളർച്ചാ നിരക്ക് കൈവരിക്കാനാകുമെന്നും സർവേ പ്രവചിക്കുന്നുണ്ട്. ഈ വളർച്ചാ പ്രവചനങ്ങളും പ്രതീക്ഷിക്കുന്ന വരുമാന ഉയർച്ചയും കൈവരിച്ചാൽ, സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ ഒരു പരിധിവരെ അഭിമുഖീകരിക്കാൻ സർക്കാരിന് സാധിച്ചേക്കാം. പക്ഷേ ഈ നേട്ടങ്ങളെ സാധൂകരിക്കും വിധമല്ല ബജറ്റിലെ പ്രഖ്യാപനങ്ങൾ. മുകളിൽ ഉയർത്തിയ ദീർഘകാല വെല്ലുവിളികളെ അഭിമുഖീകരിക്കാത്തിടത്തോളം വലിയ മാറ്റങ്ങളൊന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രതീക്ഷിക്കേണ്ടതില്ല.
(അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി
സാമ്പത്തിക വിഭാഗം അസിസ്റ്റൻ്റ്
പ്രൊഫസറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."