സംവരണ അട്ടിമറിക്കെതിരേ മുസ്‌ലിംലീഗ് ; പിന്നോക്ക വിഭാഗങ്ങളുടെ സംവരണ നഷ്ടം പഠിക്കുന്നതിന് എം.കെ മുനീറിനെ ചുമതലപ്പെടുത്തി
കോഴിക്കോട്
വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ നിലവിലുള്ള സംവരണ ക്വാട്ട അട്ടിമറിക്കപ്പെടുന്ന രീതിയിലുള്ള സർക്കാർ നടപടികൾ സംവരണ സമുദായങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിലയിരുത്തി. പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണ തോതിൽ വരുന്ന കുറവുകളെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് ഡോ. എം.കെ മുനീറിനെ യോഗം ചുമതലപ്പെടുത്തി. പഠനത്തിന് ശേഷം ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.
കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച വഖ്ഫ് സംരക്ഷണ സമര പരിപാടികൾ കൊവിഡ് സാഹചര്യം മാറുമ്പോൾ ശക്തമായി തുടരാൻ തീരുമാനിച്ചു. നിയമസഭ തുടങ്ങുന്ന ദിവസം എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമര പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കും.
മന്ത്രിമാർക്ക് യഥേഷ്ടം അഴിമതി നടത്താൻ അവസരമൊരുക്കുന്ന ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരേ യോഗം ശക്തമായി പ്രതിഷേധിച്ചു. ലോകായുക്ത വിധി സ്വീകരിക്കാനും തള്ളിക്കളയാനും മുഖ്യമന്ത്രിക്ക് അധികാരം നൽകുന്ന ഓർഡിനൻസ് അനുവദിക്കാനാവില്ലെന്നും ഇതിനെതിരേ യു.ഡി.എഫ് നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകും. സാമ്പത്തികമായും രാഷ്ട്രീയമായും രാജ്യത്തെ തകർക്കാനുള്ള കോർപ്പറേറ്റ് ഗൂഢാലോചനയുടെ ഉൽപ്പന്നമാണ് കേന്ദ്ര ബജറ്റ്. കരിപ്പൂർ എയർപോർട്ടിന്റെ റൺവേയുടെ നീളം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിൽ സജീവ പങ്കാളിത്തം വഹിക്കാനും യോഗം തീരുമാനിച്ചു. ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, വി.കെ ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ എം.സി മായിൻ ഹാജി, സി.പി ബാവ ഹാജി, അബ്ദുറഹ്മാൻ കല്ലായി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, കെ.എസ് ഹംസ, അഡ്വ. എൻ. ഷംസുദ്ദീൻ, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, അബ്ദുറഹ്മാൻ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ശാഫി ചാലിയം, ടി.എം സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."