വേണം, നമുക്കൊരു മനുഷ്യത്വ നിയമം
ജനപ്രതിനിധിസഭയായ പാര്‍ലമെന്റില്‍ കൃത്യമായ ചര്‍ച്ചപോലും നടത്താതെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം രണ്ടുമാസം കഴിഞ്ഞിട്ടും തുടരുകയാണ്. ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍റാലി അക്രമാസക്തമായതിനാല്‍ കര്‍ഷക സംഘടനകള്‍ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ചുവെങ്കിലും. ട്രാക്ടര്‍ റാലിയുമായി മുന്നോട്ടുനീങ്ങിയവരിലൊരുവിഭാഗം, വഴിതെറ്റിവന്ന് പൊലിസുമായി ഏറ്റുമുട്ടിയത് തികച്ചും നിര്‍ഭാഗ്യകരമായി. അതോടൊപ്പം ചില സിഖ് യുവാക്കള്‍ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തു. (എന്നാല്‍ സംഘ്പരിവാര്‍ ആരോപിച്ചതുപോലെ ഇതു ഖലിസ്ഥാന്‍ പതാകയായിരുന്നില്ല. സിഖുകാര്‍ അവരുടെ ഗുരുദ്വാരകള്‍ക്ക് മുകളില്‍ ഉയര്‍ത്താറുള്ള നിശാന്‍ സാഹിബ് എന്ന മുക്കോണ പതാകയാണ്. ഇതാകട്ടെ രാഷ്ട്രപതാക നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒഴിഞ്ഞ കൊടിമരത്തിലാണ് ഉയര്‍ത്തിയതും. ഈ സിഖ് പതാക 2014ല്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയിരുന്നു. റിപ്പബ്ലിക്ക് ദിന പരേഡില്‍ പഞ്ചാബ് ടാബ്ലോകള്‍ക്ക് മുന്നില്‍ സ്ഥിരമായി ഉയര്‍ത്താറുണ്ട്). തുടര്‍ന്നു പൊലിസും സമരക്കാരും തമ്മില്‍ സംഘട്ടനമുണ്ടായി. ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയും മുന്നൂറോളം പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 200പേര്‍ കസ്റ്റഡിയിലുമായി.
സമരത്തില്‍നിന്നു രണ്ടു സംഘടനകള്‍ പിന്മാറിയതായി വാര്‍ത്തയുണ്ടെങ്കിലും, ഈ രണ്ടു സംഘടനകളും സമരസമിതിയായ സംയുക്ത കിസാന്‍ മോര്‍ച്ചയില്‍പെട്ടവരല്ലെന്നു സമിതിനേതാക്കള്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. മാത്രമല്ല, സംഘര്‍ഷത്തിനു തുടക്കം കുറിച്ച പഞ്ചാബി സിനിമാതാരം ദീപ് സിദ്ദുവിന്റെ റോളിനേയും സമരസമിതി കുറ്റപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുരുദാസ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാംപയിന്‍ മാനേജരായി പ്രവര്‍ത്തിച്ച സിദ്ദുവിനെ സമരമുഖത്തുനിന്നു തങ്ങള്‍ ഓടിച്ചുവിടുകയാണുണ്ടായതെന്നു കര്‍ഷകര്‍ പറയുന്നു.
2021ലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ഇങ്ങനെ അലങ്കോലപ്പെട്ടതിന്റെ മൂലകാരണം, പുതിയ കാര്‍ഷിക നിയമങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. മുഖ്യാതിഥിയായി നാം ക്ഷണിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആ കാഴ്ച നേരിട്ടുവന്നു കാണാന്‍ ഇടയാവാത്തതില്‍ തല്‍ക്കാലം നമുക്കാശ്വസിക്കാം. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനങ്ങളിലെല്ലാം ഒരു വിദേശ രാഷ്ട്രത്തലവനെ ക്ഷണിക്കുകയും രാഷ്ട്രത്തിന്റെ പുരോഗതി വിളംബരപ്പെടുത്തുന്ന റിപ്പബ്ലിക്ക് ദിന റാലിയില്‍ മുഖ്യാതിഥിയായി ആദരിക്കുകയും ചെയ്യാറുണ്ടായിരുന്നു. 1950ല്‍ ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് കുസാനോ സുക്കര്‍ണോയെ നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിളിച്ച് ആദരിച്ച മുതല്‍ തുടങ്ങിയതാണ് ആ പാരമ്പര്യം. പതിറ്റാണ്ടുകള്‍ നമ്മുടെ നാട് ഭരിച്ച ശേഷം, അധികാരം വിട്ടൊഴിഞ്ഞുപോയ ബ്രിട്ടനില്‍ നിന്നുതന്നെ നാലഞ്ചു തവണ മുഖ്യാതിഥികള്‍ വന്നിരുന്നു. ബ്രിട്ടിഷ് രാജ്ഞി എലിസബത്ത് മുതല്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ വരെ അതില്‍പ്പെടുന്നു. ഇതിനിടയില്‍ മൂന്നു തവണമാത്രമാണ് അത് മുടങ്ങിപ്പോയത്. രണ്ടുപ്രാവശ്യം നമ്മുടെ രാഷ്ട്രപതി അസുഖം ബാധിച്ച് കിടപ്പിലായപ്പോള്‍. 1966ലാകട്ടെ റിപ്പബ്ലിക്ക്ദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ശാസ്ത്രി മരണപ്പെട്ടത് കാരണം, രാഷ്ട്രം ദുഃഖാചരണത്തിലായതിനാലും. ഇത്തവണ ബ്രിട്ടനില്‍ കൊവിഡ് ശക്തമായതിനെ തുടര്‍ന്നാണ് അവിടുത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്മാറിയത്.
സിംഗപ്പൂര്‍ എന്ന കൊച്ചുനാട്ടില്‍ ചെങ്കരു വീട്ടില്‍ ദേവന്‍ നായര്‍ എന്ന മലയാളിക്ക് പ്രസിഡന്റാവാന്‍ കഴിഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അപ്പോഴും ഇന്നിവിടെ രാജ്യം ഭരിക്കുന്നവര്‍ അന്വേഷിക്കുന്നത് നമ്മുടെ നാട്ടില്‍ പിറന്നു വളര്‍ന്നവരോടൊക്കെ മതവും ജാതിയും തെളിയിക്കണമെന്നാണ്. പൗരത്വ നിയമം എന്ന ഭൂതത്തെ കുടത്തില്‍നിന്നു തുറന്നുവിട്ടതോടെ നമ്മുടെ രാഷ്ട്രപതിയായിരുന്ന ഫഖ്‌റുദ്ദീന്‍ അലി അഹമദിന്റെ കുടുംബക്കാര്‍ക്ക് പോലും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിലയാണ്. ഒരു കോടിയോളം വരുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ അമേരിക്ക ശ്രമിക്കുന്ന കാലഘട്ടത്തിലാണിത് നടക്കുന്നത്. വിദേശ ഇന്ത്യക്കാരില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ ഒഴിച്ചുള്ളവര്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് മോദി ഗവണ്‍മെന്റ് നിയമം കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കയില്‍ 46-ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ. ബൈഡണ്‍, തന്റെ ഡെപ്യൂട്ടിയായി ഒപ്പം കൂട്ടിയിരിക്കുന്നത് തന്നെ, ഇന്ത്യയില്‍ തമിഴ് വംശജയായ കമലാ ഹാരിസിനെയാണ്. മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന വിവേചനത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ ശക്തിയായി വിമര്‍ശിച്ചയാളാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവായ ബൈഡന്‍, അധികാരമേറ്റുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ തന്നെ ബൈഡന്‍ പറഞ്ഞത്, ഒരു പാര്‍ട്ടിയുടെ വിജയമല്ല നാം ആഘോഷിക്കുന്നത്, പരിപൂര്‍ണ സ്വാതന്ത്ര്യമാണ് എന്നാണ്. മാത്രമല്ല, അധികാരമേറ്റതിനു പിന്നാലെ, ഒരു ഡസനോളം ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ കുറ്റപ്പെടുത്തിയ, ആര്‍.എസ്.എസ് ബന്ധമുള്ള സോണാല്‍ ഷായേയും അമിത് ജാനിയേയും തന്റെ സംഘത്തില്‍ നിന്നു ബൈഡന്‍ പിടിച്ചു പുറത്തിടുകയും ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ ചെന്നു റിപ്പബ്ലിക്കന്‍ നേതാവായ ഡൊണാള്‍ഡ് ട്രംപിനുവോട്ട് ചെയ്യാന്‍ ഹൗഡി മോഡി എന്ന പേരിട്ടു ഒരു പ്രചാരണ നാടകം അവിടെ ഇന്ത്യക്കാരെ വിളിച്ചുവരുത്തി നടത്തുകയുണ്ടായി.
പൗരത്വം ഓരോ വ്യക്തിയുടേയും അവകാശമാണ്. ഇരട്ട പൗരത്വത്തിനു അവകാശമുള്ളപ്പോഴും നമ്മുടെ തിരുവനന്തപുരം എം.പിയായ മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂരിനെപ്പോലുള്ളവര്‍ അത് അഭിമാനപൂര്‍വം നിരസിക്കുകയായിരുന്നു. അതേസമയം, ഇന്ത്യക്കാരനെന്ന അഭിമാനത്തോടെയാണ് സി.വി ദേവന്‍ നായര്‍ എന്ന മലയാളി 1981ല്‍ സിംഗപ്പൂരിന്റെ പ്രസിഡന്റായത്. നമ്മുടെ നാട്ടില്‍ വേരുകളുള്ളവര്‍ ഇങ്ങനെ ഉയര്‍ന്ന ബഹുമതികളിലെത്തുമ്പോള്‍, ഇന്ത്യക്കാരെന്ന നിലക്ക് നാം അഭിമാനിക്കുകയും ചെയ്യുന്നു. ഉപപ്രധാനമന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ഇപ്പോള്‍ പാകിസ്താനില്‍പ്പെട്ട കറാച്ചിയിലാണ് ജനിച്ചതെന്നത് നാം ഒരു പോരായ്മയായി കണ്ടിട്ടില്ല. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പദവി വരെ അലങ്കരിച്ച വിഖ്യാത എഴുത്തുകാരന്‍ ഖുഷ്‌വന്ത് സിങ്ങ് പാകിസ്താനിലെ ഹദാലിക്കാരനാണെന്നതും നാം ചെറുതായി കണ്ടിട്ടില്ല. ഇന്നും നാം അഭിമാനം കൊള്ളുന്നത് രാമന്‍ സുബ്ബറാവുവെപ്പോലെ ഒരു ഇംഗ്ലീഷ് ക്രിക്കറ്ററുടെയും റോഹന്‍ കന്‍ഹായിയെപ്പോലെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്ററുടേയും ഇന്ത്യന്‍ കണക്ഷനില്‍ ആണ്.
രഞ്ജിട്രോഫി എന്ന പേരില്‍ ഇന്ത്യയില്‍ നടക്കുന്ന ദേശീയ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന് കാരണക്കാരനായ വിഭാജി രഞ്ജിത്ത്‌സിങ്ങ്ജിയും ഇന്ത്യയുടെ ആദ്യകാല ക്രിക്കറ്റ് ക്യാപ്റ്റന്മാരില്‍ ഒരാളായ പട്ടൗഡി ഇഫ്തിഖ്‌റലിഖാനും ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിരുന്നുവെന്നതും നമുക്കഭിമാനം നല്‍കുന്ന വസ്തുതയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താനെ നയിച്ച മജീദ്ഖാന്‍, പഞ്ചാബില്‍ ലുധിയാനയുടെയും ആസിഫ് ഇഖ്ബാല്‍ ഹൈദരാബാദിന്റെയും മക്കളാണെന്നതും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ തമിഴ്‌നാടിന്റെ പുത്രനാണെന്നതുമുള്ള വസ്തുത നമ്മെ ഉണര്‍ത്തുന്നത് പൗരത്വത്തിനപ്പുറത്തു ഒരു മനുഷ്യത്വം ഉണ്ടെന്നതാണ്. കേരളം എന്നു കേട്ടാല്‍ തിളക്കണം ചോര എന്ന പാടത്തക്കവിധം നമ്മുടെ മഹാകവികള്‍ പോലും ചെറുതായെന്നും ഇവിടെ സ്മരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."