ഇ. അഹമ്മദിന്റെ വിയോഗത്തിന് നാലാണ്ട്; വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിന് കാതോര്‍ത്ത് മലപ്പുറം
മലപ്പുറം: ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ വിയോഗത്തിന് നാലാണ്ട് തികയുമ്പോള്‍ അഹമ്മദ് മത്സരിച്ച മലപ്പുറം ലോക്സഭാ മണ്ഡലം മൂന്നാം തെരഞ്ഞെടുപ്പിന് കാതോര്‍ക്കുന്നു. 2017 ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞു വീണ ഇ.അഹമ്മദ് പിറ്റേന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.
2014 ല്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് 1,97,834 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച ഇ.അഹമ്മദ് ഏറ്റവും കൂടുതല്‍ കാലം കേന്ദ്ര മന്ത്രിസഭയില്‍ അംഗമായ മലയാളി എന്ന ഖ്യാതിയും നേടിയിരുന്നു.
അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017 ഏപ്രിലില്‍ മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പിന്നീട് 2019-ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ മലപ്പുറം ലോക്സഭാ മണ്ഡലം മൂന്നാം തെരഞ്ഞെടുപ്പിന് കാതോര്‍ക്കുകയാണ്.
കുഞ്ഞാലിക്കുട്ടിയുടെ രാജി കേന്ദ്രബജറ്റിന് ശേഷം ഈ മാസം ആദ്യമുണ്ടാകും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് കൂടി നടക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."