ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചതായി കേന്ദ്രം
ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കേന്ദ്രം. കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്ര രാജ്യ സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
കാലോചിതമായി പരിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1973ലെ ക്രിമിനല്‍ നടപടി ചട്ടം, 1872ലെ തെളിവു നിയമം എന്നിവയാണ് പരിഷ്‌ക്കരിക്കുന്നത്.
ഇതിലേയ്ക്ക് എന്തെങ്കിലും നിര്‍ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും നേരത്തെ കത്തയച്ചിരുന്നു. ജന കേന്ദ്രീകൃതവും പൗരന്മാര്‍ക്ക് പ്രത്യേകിച്ച് ദുര്‍ബല പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതുമായ വിധത്തിലാണ് പരിഷ്‌കരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റമാണ് ഉദ്ദേശിക്കുന്നതെന്നാണ് കത്തില്‍ വിശദീകരിക്കുന്നത്.
എന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ക്രിമിനല്‍ നിയമ ഭേദഗതിയെ കുറിച്ച് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനും വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും മറ്റു നടപടികളും ലഭ്യമാക്കുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."