മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്നിന് പകരം നല്‍കിയത് സാനിറ്റൈസര്‍
മുംബൈ: മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്നിന് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍!. മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്‌സികോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദേശീയ പള്‍സ് പോളിയോ ദിനമായ ഞായറാഴ്ചയായിരുന്നു സംഭവം.
സാനിറ്റൈസര്‍ സ്വീകരിച്ച കുട്ടികള്‍ അവശ നിലയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് ഓഫിസര്‍, അംഗനവാടി പ്രവര്‍ത്തക, ആശാ വര്‍ക്കര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സാനിറ്റൈസര്‍ ഉള്ളില്‍ ചെന്ന ഉടന്‍ തന്നെ കുട്ടികള്‍ ഛര്‍ദ്ദിക്കുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
'' എന്റെ മകനും മകള്‍ക്കും ഡോസ് സ്വീകരിച്ചപ്പോള്‍ തന്നെ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. ആ സമയത്ത് മൂന്ന് ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നു. അബദ്ധം പറ്റിയെന്ന് മനസിലായപ്പോള്‍ അവര്‍ തിരികെ വിളിച്ച് വീണ്ടും പോളിയോ നല്‍കി. ഞങ്ങളുടെ മക്കള്‍ ഞങ്ങള്‍ക്ക് വലുതാണ്. ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ മക്കളുടെ ജീവന്‍ വച്ചാണ് കളിച്ചത്'' - ഒരു കുട്ടിയുടെ പിതാവ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുഞ്ഞുങ്ങളുടെ നില തൃപ്തികരമാണെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."