സഊദിയിൽ അമ്പതിലേറെ ഹോട്ടലുകൾ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യയിലെ ഓയോ ഹോട്ടൽ ഗ്രൂപ്പ്
റിയാദ്: ഇന്ത്യൻ കമ്പനിയായ ഓയോ ഹോട്ടൽ ഗ്രൂപ്പ് സഊദിയിൽ അമ്പതിലേറെ ഹോട്ടലുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. റിയാദിലും സഊദിയിലെ മറ്റു നഗരങ്ങളിലും വൻ പദ്ധതികൾ നടപ്പാക്കുന്നതിന് ഓയോ ഗ്രൂപ്പ് സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. 2030 ഓടെ ലോകത്തെ ഏറ്റവും മികച്ച പത്തു നഗരങ്ങളിൽ ഒന്നാക്കി റിയാദിനെ മാറ്റുമെന്ന സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച പദ്ധതി പ്രകാരം റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാനുള്ള താൽപര്യം പ്രകടിപ്പിച്ച നിരവധി ആഗോള കമ്പനികൾക്കൊപ്പം ഇന്ത്യൻ കമ്പനിയായ ഓയോ ഗ്രൂപ്പുമുണ്ട്.
സോഫ്റ്റ് ബാങ്കിനു കീഴിലെ വിഷൻ ഫണ്ട് വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തിയ ഓയോ ഗ്രൂപ്പ് റിയാദ് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ പുതിയ റീജ്യനൽ ആസ്ഥാനവും തുറക്കും. ഇതോടൊപ്പം, കമ്പനിയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ റിയാദിലേക്ക് മാറുകയും ചെയ്യും. ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിൽ സഊദി യുവാക്കൾക്ക് പരിശീലനം നൽകുന്നതിന് റിയാദിലും ജിദ്ദയിലും ഇൻസ്റ്റിറ്റ്യുയൂട്ടുകൾ സ്ഥാപിക്കാനും ഓയോ ഗ്രൂപ്പിന് പദ്ധതിയുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന, മക്ക എന്നിവിടങ്ങളിൽ കൊമേഴ്‌സ്യൽ ഫ്രാഞ്ചൈസി രീതിയിൽ 50 ലേറെ ഹോട്ടലുകളാണ് ഓയോ ഗ്രൂപ്പ് ആരംഭിക്കുക. ഈ ഹോട്ടലുകളിൽ 3,000 ലേറെ മുറികളുണ്ടാകും.
നിലവിൽ ലോകത്തെ 230 നഗരങ്ങളിലായി ചെലവ് കുറഞ്ഞ 8,500 ലേറെ ഹോട്ടലുകൾ ഓയോ ഗ്രൂപ്പിനു കീഴിലുണ്ട്. കൂടാതെ, ലോകത്തെ എൺപതു കമ്പനികൾ വഴി 12 ലക്ഷം ഹോട്ടൽ മുറികൾ ഓയോ ഗ്രൂപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിൽ 5,90,000 മുറികൾ ചൈനയിലും അമേരിക്കയിലെ 60 നഗരങ്ങളിൽ 7,500 ഓളം ഹോട്ടൽ മുറികൾ വഴി സേവനങ്ങൾ നൽകുന്നു. ലോകത്ത് ഇടത്തരം ചെലവുള്ള ഹോട്ടലുകളുടെ ബുക്കിംഗ് മേഖലയിൽ ഏറ്റവും വലിയ വളർച്ച കൈവരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആയ ഓയോ കമ്പനി. ഫ്രാഞ്ചൈസി സംവിധാനം വഴിയാണ് പ്രവർത്തിക്കുന്നത്. 2023 ഓടെ ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി മാറാനാണ് കമ്പനിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."