നിരാലംബരുടെ അത്താണി
മസ്തിഷ്‌കാഘാതം വന്ന് ശരീരം തളര്‍ന്ന സഫീനയ്ക്ക് മുന്നില്‍ ജീവിതം ചോദ്യചിഹ്നമായി. ബന്ധുക്കള്‍ എടുത്ത് കൊണ്ടുവന്ന് ഫിസിയോ ചതെറാപ്പി ക്ലിനിക്കില്‍ എത്തിച്ച അവള്‍ക്ക് ഓട്ടോയാത്ര സമ്മാനിച്ചത് കലശലായ ശരീരവേദന. അതോടെ ഫിസിയോ തെറാപ്പി നടക്കില്ലെന്ന അവസ്ഥയായി. വിവരമറിഞ്ഞ അത്താണി അഡ്മിറ്റിന് സൗകര്യമൊരുക്കി. പിന്നെ ഈ മലഞ്ചെരിവിലെ വര്‍ണപ്പൂക്കള്‍ കണക്കേ സഫീനയുടെ സ്വപ്‌നങ്ങള്‍ക്കും നിറംപിടിച്ചു. പരസഹായമില്ലാതെ അനങ്ങാന്‍ പോലും ശേഷിയില്ലാതിരുന്ന യുവതി രണ്ടര മാസത്തെ കൃത്യമായ പരിചരണം ലഭിച്ചതോടെ പരാശ്രയമില്ലാതെ നടന്നു വീട്ടിലേക്ക് മടങ്ങി.
ഇങ്ങനെ ശയ്യാവലംബരായവര്‍ സ്വയംപര്യാപ്തരായി മടങ്ങുമ്പോള്‍ അവരുടെ കണ്ണിലെ തിളക്കമാണ് അത്താണിയുടെ ശില്‍പ്പികള്‍ക്ക് ലഭിക്കുന്ന നേട്ടം. അപകടത്തില്‍പ്പെട്ടും രോഗം ബാധിച്ചും ശരീരം തളര്‍ന്ന നൂറുകണക്കിന് പേരാണ് അത്താണിയുടെ ഫിസിയോതെറാപ്പി സെന്ററില്‍നിന്ന് ജീവിതം തിരിച്ചുപിടിച്ചത്. ഇത് അത്താണി (Assistance Treatment Healthcare to All Needy Individuals- ATHANI). പേരിനെ അന്വര്‍ഥമാക്കി നിരാലംബര്‍ക്ക് ആലംബമായി, ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് ഉറ്റവരും ഉടയവരുമായി മുന്നോട്ടുപോവുകയാണ് നരിക്കുനി മാമ്പറ്റയിലെ അത്താണി. നരിക്കുനിയിലെ അത്താണിയില്‍ 'ഭാര'മിറക്കാനെത്തുന്നവരുടെ ഭാരമെല്ലാം ഇവര്‍ നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങും.
പാലിയേറ്റീവ് പ്രവര്‍ത്തകരായി, അനാഥരെ സനാഥരാക്കി, തളര്‍ന്നുപോയവന് കൈത്താങ്ങായി, ആരോരുമില്ലാത്തവര്‍ക്ക് എല്ലാമെല്ലാമായി അത്താണിയിന്ന് കുറേ ഗ്രാമങ്ങള്‍ക്ക് ആശ്രയകേന്ദ്രമാണ്. നന്മ നിറഞ്ഞ കുറെ മനുഷ്യരുടെ കൂട്ടായ്മയുടെ സുകൃതം. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടാത്തവരെ ഏറ്റെടുത്ത് അവര്‍ക്ക് ആവശ്യമായതെല്ലാം കൃത്യസമയത്ത് കൃത്യമായി ചെയ്തുകൊടുക്കുന്ന നിസ്വാര്‍ഥരായ വളണ്ടിയര്‍മാര്‍.
ഇവരിവിടെ സനാഥരാണ്
ഭക്ഷണമോ മരുന്നോ ഇല്ലാതെ, പരിചരിക്കാനും മിണ്ടിപ്പറയാനും ആളില്ലാതെ ക്ലാവുപിടിച്ച കുറേ മനുഷ്യരുടെ ജീവിതത്തിന് നിറംപകരുകയാണ് അത്താണിയുടെ ഡെസ്റ്റിറ്റിയൂട്ട് ഹോം. പോറ്റിവളത്തിയ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും സ്വന്തമെന്ന് പറയാന്‍ ആരോരുമില്ലാത്തവര്‍ക്കുമൊരുക്കിയ അഭയകേന്ദ്രം. മത-ലിംഗ ഭേദമന്യേ ആര്‍ക്കും അത്താണിയുടെ വാതിലില്‍ മുട്ടാം. അര്‍ഹരാണെങ്കില്‍ അവര്‍ക്കു മുന്നില്‍ വാതില്‍ മലര്‍ക്കെ തുറക്കും. മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങിയവ മാത്രമല്ല സ്‌നേഹവായ്പിനും സാന്ത്വനത്തിനും ഈ മേല്‍ക്കൂരയ്ക്കു കീഴില്‍ അവര്‍ക്ക് യാചിക്കേണ്ടിവരില്ല.
അപകടത്തില്‍ പെട്ടും മറ്റും മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിച്ച് പിന്നീട് ഏറ്റെടുക്കാനാളില്ലാതാകുന്നവര്‍ക്കും അത്താണി തണലേകുന്നുണ്ട്. വാര്‍ധക്യം പിടിപെടുന്നതിന് മുന്‍പേ കിടപ്പിലായവരുമുണ്ടിവിടെ. പെട്ടെന്നുണ്ടായ അപകടത്തില്‍ തളര്‍ന്നുപോയവര്‍, ഫിസിയോ തെറാപ്പി ചെയ്ത് ജീവിതം തിരിച്ചുപിടിക്കാന്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നവര്‍... അങ്ങനെ പലരും. രോഗീ പരിചരണത്തിനായി വീടുകള്‍ കയറിയിറങ്ങുമ്പോള്‍ കണ്ട നിസ്സഹായതയുടെ നൊമ്പരക്കാഴ്ചകളാണ് ഡെസ്റ്റിറ്റിയൂട്ട് ഹോം സ്ഥാപിക്കാന്‍ അത്താണി സാരഥികളെ പ്രേരിപ്പിച്ചത്. ഒരു വിശ്വാസവും ആരിലും അത്താണി അടിച്ചേല്‍പ്പിക്കാറില്ല. ഏതു മതവിശ്വാസിക്കും അവരുടെ വിശ്വാസവുമായി ഇവിടെ ജീവിക്കാം. മരണാനന്തര കര്‍മങ്ങളിലും അത്താണി അന്തേവാസികള്‍ക്കു പൂര്‍ണ നീതി ഉറപ്പാക്കുന്നു. പല കുടുംബങ്ങളും രോഗിയെ വേണ്ടരീതിയില്‍ പരിചരിക്കാന്‍ അറിയാത്തവരോ അതിന് ശേഷിയില്ലാത്തവരോ ആവും. ഇത്തരക്കാര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങാണ് അത്താണി ഹോം കെയര്‍.
700ലധികം കിടപ്പുരോഗികള്‍
2005ല്‍ നാലഞ്ചുപേര്‍ ചേര്‍ന്ന് ജീപ്പ് വാടകയ്‌ക്കെടുത്ത് ഒരു നഴ്‌സിനെയും നിയമിച്ച് നരിക്കുനി കേന്ദ്രീകരിച്ച് തുടക്കമിട്ട പാലിയേറ്റീവ് കെയര്‍ സര്‍വിസ് ഇന്ന് ഏഴ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് 'അത്താണി'യാണ്. മാരക രോഗം ബാധിച്ചും അപകടത്തില്‍പെട്ടും കിടപ്പിലായ ആളുകളെ ഡോക്ടര്‍, നഴ്‌സ്, വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തി സൗജന്യമായി പരിചരിക്കും. പണക്കാരായാലും പരിചരണത്തിന് പ്രതിഫലം പറ്റാറില്ല. മറിച്ച് രോഗിക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിപ്പിക്കുകയും അവരുടെ ആവശ്യം കഴിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. രോഗികള്‍ക്കാവശ്യമായ വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, വാക്കര്‍, വീല്‍ചെയര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ഗ്ലൗസ്, അത്യാവശ്യ മരുന്നുകള്‍ തുടങ്ങിയവ സംഘം നല്‍കും. ഇന്ന് 700ലധികം കിടപ്പുരോഗികള്‍ ഹോംകെയര്‍ പരിചരത്തില്‍ കഴിയുന്നുണ്ട്. സ്റ്റുഡന്റ്‌സ് വിങ് അടക്കമുള്ള നിസ്വാര്‍ഥരായ വളണ്ടിയര്‍മാരാണ് ഹോംകെയര്‍ യൂനിറ്റിന്റെ ജീവനാഡി.
അത്താണിയില്‍ 2018ല്‍ തുടങ്ങിയ ഡയാലിസിസ് യൂനിറ്റിലൂടെ ഇന്ന് 75 പേരാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡയാലിസിസിന് ആവശ്യമായ ഡയലൈസറും അനുബന്ധ സാധനങ്ങളും ഇഞ്ചക്ഷനും ഇവിടെ രോഗികള്‍ക്ക് സൗജന്യമാണ്.
നിറം പകരുന്ന ഡേ കെയര്‍
മനസ്സിന്റെ താളംതെറ്റി വീട്ടുകാരാലും നാട്ടുകാരാലും വെറുക്കപ്പെട്ട് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്നവര്‍ക്കു സ്‌നേഹ വായ്പ് അനുഭവിച്ചറിയാനുള്ള ഇടത്താവളമാണ് അത്താണിയുടെ സൈക്യാട്രിക് ഡേ കെയര്‍. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ രാവിലെ വീട്ടില്‍ നിന്ന് ഡേ കെയര്‍ സെന്ററില്‍ എത്തിച്ച് വൈകീട്ട് വീടുകളില്‍ കൊണ്ടുവിടും. ഇവരുടെ ചികിത്സയ്ക്കായി ഒരു ഡോക്ടറും കൗണ്‍സലറും ഉണ്ട്. മരുന്ന് സൗജന്യമായി നല്‍കും.
സൈക്യാട്രി വിഭാഗത്തിന്റെ പരിചരണത്തില്‍ 102 രോഗികളാണുള്ളത്്. ഇവര്‍ക്കായി പ്രത്യേക ഒ.പിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ സ്വയംപര്യാപ്തരാക്കുന്നതിനായി അടിസ്ഥാന വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയും നല്‍കും. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വീട്ടിലെത്തി ചികിത്സയും വീട്ടുകാര്‍ക്കടക്കം കൗണ്‍സലിങ്ങും നല്‍കുന്നു.
ആത്മവിശ്വാസം തിരിച്ചുപിടിക്കാം
ശരീരം ഭാഗികമായി തളര്‍ന്ന് വീല്‍ചെയറിലായവരെ സ്വന്തമായി ജീവനോപാധി കണ്ടെത്തി ആത്മവിശ്വാസത്തോടെ ജീവിതത്തേ നേരിടാന്‍ പ്രാപ്തരാക്കുന്നതാണ് റിഹാബിലിറ്റേഷന്‍ സെന്റര്‍. പുറത്തിറങ്ങി വരുമാനം കണ്ടെത്താന്‍ കഴിയാത്തവരെ തങ്ങളുടെ പരിമിതികളില്‍ നിന്ന് സ്വയം പര്യാപ്തരാക്കുകയാണിവിടെ. അതിനായി വിത്തുപേന, കുട, ചോക്ക്, മെഴുകുതിരി, ഫാന്‍സി ആഭരണങ്ങള്‍, പേപ്പര്‍ ബാഗ്, സോപ്പ് എന്നിവയുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കും. ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുന്നു. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്‌കൂളുകളിലൂടെയും കോളജുകളിലൂടെയും മറ്റും വിപണി കണ്ടെത്തി കാശ് അവര്‍ക്ക് കൈമാറുകയും ചെയ്യുന്നു. കൊവിഡ് പ്രതിസന്ധയിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. 35 പേരാണ് നിലവില്‍ ഈ പുനരധിവാസ കേന്ദ്രത്തെ ആശ്രയിച്ച് ജീവനോപാധി തേടുന്നത്.
ഹാര്‍മണി വില്ലേജ്
തലചായ്ക്കാനിടമില്ലാതെ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക്് അല്ലലില്ലാതെ അന്തിയുറങ്ങാന്‍ സ്‌നേഹത്തണലൊരുക്കുകയാണ് ഹാര്‍മണി വില്ലേജ്. നെല്യേരിയിലെ വിശാലമായ 1.10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്ഥലത്ത് ചെറിയ വീടുകള്‍ നിര്‍മിച്ച് അര്‍ഹരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.
അത്താണി മുന്നോട്ടുവയ്ക്കുന്ന ഒരു സ്വപ്‌നപദ്ധതിയാണിത്. അത്താണിയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ അഡ്വ.ഇഖ്ബാലാണ് ഇതിനു വേണ്ട സ്ഥലം സംഭാവന ചെയ്തത്. ആദ്യ ഘട്ടത്തില്‍ 10 വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. നാലു വീടുകള്‍ക്ക് സ്‌പോണ്‍സര്‍മാരെ ലഭിച്ചു. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി കിടപ്പാടം വരെ വിറ്റ് വാടക വീട് കണ്ടെത്താനാകാതെ ദുരിതമനുഭിക്കുന്ന കുടുംബങ്ങള്‍ക്കും ആശ്രയമില്ലാതെ ആവശത അനുഭവിക്കുന്നവര്‍ക്കും ഹാര്‍മണി വില്ലേജില്‍ അഭയം തേടാം.
പിന്‍ബലം ജനപിന്തുണ
ലാഭേച്ഛയില്ലാത്ത സേവനത്തിന് കൈയയച്ച് സഹായിക്കുന്ന സുമനസ്സുകളാണ് അത്താണിയുടെ പിന്‍ബലം. പണം കൈയിലില്ലെങ്കിലും സഹായം എത്തിക്കുക എന്നതാണ് അത്താണിയുടെ രീതി. കടം വീട്ടാനുള്ള പണം ജനം തരുമെന്ന ശുഭാപ്തി വിശ്വാസവും. ഓരോ വര്‍ഷവും കമ്മി ബജറ്റിലെത്തുമ്പോഴും ജനങ്ങളെ സമീപിക്കാറാണ് പതിവ്. പ്രതിമാസം 17 ലക്ഷം രൂപ അത്താണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. വ്യാപാര സ്ഥാപനങ്ങളില്‍ വച്ച പെട്ടികളാണ് ചെറിയൊരു സ്ഥിരവരുമാന മാര്‍ഗം.
ആംബുലന്‍സ് സര്‍വിസ്, ഡയബറ്റിക് ക്ലിനിക്, പേഷ്യന്റ് ഗൈഡന്‍സ് സെന്റര്‍, സ്‌പെഷല്‍ സ്‌കൂള്‍, ബോധല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളും അത്താണി ചെയ്യുന്നുണ്ട്. ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് പുസ്തകം, ബാഗ്, കുട അടക്കമുള്ള പഠനോപകരണങ്ങള്‍ എത്തിച്ചുകൊടുക്കുന്നു. എന്‍ജിനിയര്‍ അബൂബക്കര്‍ ചെയര്‍മാനും വി.പി അബ്ദുല്‍ ഖാദര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് അത്താണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. ജീവിതം സുരക്ഷിതമാക്കാനുള്ള തത്രപ്പാടിനിടയില്‍ രക്തബന്ധത്തിന് പോലും വില കല്‍പ്പിക്കാത്ത സമൂഹത്തില്‍ ആതുരസേവനം ജീവിതദൗത്യമായി ഏറ്റെടുത്ത ഈ മനുഷ്യര്‍ പ്രതീക്ഷയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."