'നട്ടെല്ലില്ലാത്ത സര്‍ക്കാര്‍വക സെലിബ്രിറ്റികള്‍':സച്ചിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി:കര്‍ഷക സമരത്തിന് പിന്തുണയുമായി ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ളവര്‍ ശബ്ദമുയര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു.
കര്‍ഷകര്‍ സമരം ചെയ്യുമ്പോഴും ബി.ജെ.പിക്കാര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോഴും മിണ്ടാതിരുന്നവര്‍ റിഹാനയും ഗ്രേറ്റയും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മിണ്ടി തുടങ്ങിയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
' വമ്പന്‍മാരായ ഇന്ത്യന്‍ സെലിബ്രിറ്റികളായ ഇവരെല്ലാം കര്‍ഷകര്‍ സമരം ചെയ്തപ്പോഴും, അവര്‍ക്ക് വൈദ്യുതി ഇല്ലാതാക്കിയപ്പോഴും, ഇന്റര്‍നെറ്റ് വിച്ഛേദിച്ചപ്പോഴും, ബി.ജെ.പിക്കാര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോഴും മിണ്ടാതിരിക്കുകയായിരുന്നു. റിഹാനയും ഗ്രേറ്റയും മിണ്ടിതുടങ്ങിയപ്പോള്‍ അവരും സംസാരിക്കുന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍', പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
https://twitter.com/pbhushan1/status/1356980766182309889
കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ പോപ് ഗായിക റിഹാനയ്‌ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ല,രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്.
'ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം', എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
https://twitter.com/sachin_rt/status/1356959311075934215
അതേ സമയം റിഹാനയ്ക്ക് പിന്തുണയുമായി നിരനവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."