കൊവിഡ് വ്യാപനം ; ജിദ്ദയിലും വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ തവക്കല്‍നാ ആപ് നിര്‍ബന്ധമാക്കി
ജിദ്ദ: സഊദിയിൽ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രവിശ്യയിലേക്കും തവക്കല്‍നാ ആപ് നിര്‍ബന്ധമാക്കിത്തുടങ്ങി.ജിദ്ദയിലെ വിവിധ മാളുകളിലും റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും പ്രവേശിക്കാന്‍ തവക്കല്‍നാ ആപ് നിര്‍ബന്ധമാക്കി. ഇതോടെ തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യാത്തവരും ഇന്റര്‍നെറ്റില്ലാത്തവരും പ്രതിസന്ധിയിലായി. പലര്‍ക്കും കടകളില്‍ നിന്ന് തിരിച്ചുവരേണ്ടി വന്നു.
എന്നാല്‍ മക്ക പ്രവിശ്യയില്‍ തവക്കല്‍നാ ആപ് നിര്‍ബന്ധമാക്കി ഇതുവരെ യാതൊരു അറിയിപ്പും വന്നിട്ടില്ല.അതേ സമയം പത്തു ദിവസത്തേ ക്ക്ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങുകളും വിനോദ പരിപാടികള്‍ക്കും ആഭ്യന്തര മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.വിവാഹ പാര്‍ട്ടികള്‍ പോലുള്ള ചടങ്ങുകള്‍ക്ക് ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ക്ക് പത്ത് ദിവസത്തേക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സിനിമാ തിയേറ്ററുകള്‍, വിനോദ കേന്ദ്രങ്ങളിലും റെസ്‌റ്റോറന്റുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം സെന്ററുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് സെന്ററുകള്‍ എന്നിവ അടച്ചിടാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിവാഹ ഹാളുകളില്‍ നടക്കുന്ന പാര്‍ട്ടികള്‍ക്ക് പുറമെ ഹോട്ടലുകളിലും മറ്റും നടക്കുന്ന കോര്‍പ്പറേറ്റ് മീറ്റിങുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും ഒരുമാസത്തേക്ക് വിലക്കുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കാം. സാമൂഹിക ചടങ്ങുകളില്‍ അടുത്ത പത്ത് ദിവസത്തേക്ക് 20 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ അനുവാദമുള്ളൂ. പുതിയ തീരുമാനങ്ങള്‍ വ്യാഴം രാത്രി 10 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ചൊവ്വാഴ്ച ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സഊദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്‍ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് സൗദിയില്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, വിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ എന്നിവർക്ക് സഊദി ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിക്കുന്ന കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."