പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: മുഴുവന്‍ പ്രതികളും സി.ബി.ഐ കസ്റ്റഡിയില്‍
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളും സി.ബി.ഐ കസ്റ്റഡിയില്‍. ക്രൈംബ്രാഞ്ച് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്നു അഞ്ച് പ്രതികളെയും അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. മുഖ്യപ്രതി റോയി ഡാനിയേലും, ഭാര്യയും മൂന്ന് മക്കളുമാണ് കേസിലെ പ്രതികള്‍.
തട്ടിപ്പ് പുറത്ത് വന്നതോടെ ഓഗസ്റ്റ് 28 ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ റിനു മറിയവും റേബ മേരിയും ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദില്ലി യില്‍ പിടിയിലായത്.
സെപ്റ്റംബര്‍ 22ന് കേസ് സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപടികള്‍ നീണ്ടു. ഒടുവില്‍ കേന്ദ്ര ഏജന്‍സി കേസ് ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സി.ബി.ഐ കോടതി പ്രതികള്‍ക്കായി പ്രൊഡക്ഷന്‍ വാറണ്ട്പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാജരായ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി.
സെപ്റ്റംബര്‍ 22ന് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറിയെങ്കിലും നാല് മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നടപടികള്‍ക്ക് തുടക്കമാകുന്നത്.
കേസ് സിബിഐ ഏറ്റെടുത്തതോടെ പ്രതീക്ഷയിലാണ് നിക്ഷേപകര്‍. 2000 കോടി രൂപയുടെ തട്ടിപ്പ് ബോധ്യപ്പെട്ടിടുണ്ടെങ്കിലും പ്രതികളുടെ പേരില്‍ 130 കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ മാത്രമാണ് ഇതുവരെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് കണ്ടെത്താനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."