HOME
DETAILS
MAL
മാമ്പുഴയിലെ രക്തസാക്ഷികള്‍
backup
February 05 2021 | 20:02 PM
1921 ലെ ഏറ്റവും ദാരുണമായ കൂട്ടക്കൊലകളിലൊന്ന് കാവനൂരിലെ മാമ്പുഴയില്‍ (മാമ്പുഴക്കല്‍ എന്നും പറയും) നടന്നതാണ്. മഞ്ചേരി-അരീക്കോട് പാതയിലെ കാവനൂരിനടുത്താണ് മാമ്പുഴദേശം. വേങ്ങരയും പുളിയക്കോടും ചെമ്രക്കോട്ടൂരുമൊക്കെ പട്ടാളം ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് ഏകപക്ഷീയമായിട്ടായിരുന്നു. കച്ചവടകേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ടു. പട്ടാളക്കാര്‍ക്ക് ആവശ്യമുള്ള ആടുമാടുകളെ പിടിച്ചുകൊണ്ടുപോയി. ബാക്കിവരുന്നവയെ കൊന്നൊടുക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്തു. വൃദ്ധജനങ്ങളോടുപോലും കാരുണ്യം കാണിച്ചില്ല. ബ്രിട്ടീഷ് വിരോധമെന്നു കേള്‍ക്കുമ്പോള്‍ തന്നെ പട്ടാളക്കാര്‍ക്ക് ഭ്രാന്തെടുക്കും. അവര്‍ ചെകുത്താന്മാരായിമാറും.
കാവനൂരിലും പട്ടാളം ക്യാംപ് ചെയ്തു. ചെനിയാംകുന്നിലും മുണ്ടക്കലയിലുമായിരുന്നു പട്ടാളം തമ്പടിച്ചത്. കുതിരപ്പട്ടാളം വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി നിര്‍മിച്ച ഗൃഹങ്ങളുടേയും കുതിരപ്പന്തിയുടേയും അവശിഷ്ടങ്ങള്‍ സമീപകാലം വരെ ഈ പ്രദേശത്തെ കുന്നിന്‍ മുകളിലുണ്ടായിരുന്നുവെന്ന് ഡോ. അലി അസ്ഗര്‍ ബാഖവി ഓര്‍ക്കുന്നുണ്ട്. കാവനൂരിലെ കുരുതിയുടെ ചരിത്രം ആദ്യമായി പുറംലോകത്തെ അറിയിച്ചത് അദ്ദേഹമാണ്. പട്ടാളമിറങ്ങിയതോടെ ജനങ്ങള്‍ ഭീതിദരായി. ജനങ്ങള്‍ എല്ലാം വീടുകളില്‍ നിന്ന് പുറത്തിറങ്ങി. കോട്ടത്തടായിയിലെ കുന്നിന്‍താഴ്‌വരയിലാണ് അവര്‍ ഒത്തുചേര്‍ന്നത്. ഉറക്കമില്ലാത്ത ദിനങ്ങളായിരുന്നു അത്. പട്ടാളത്തെക്കുറിച്ചുള്ള പേടി ജനങ്ങളെ ഐക്യപ്പെടുത്തി. കുശുമ്പും കുന്നായ്മയും ഒക്കെ മാഞ്ഞുപോയി. അവര്‍ പരസ്പരം ആശ്വസിപ്പിച്ചു. എല്ലാവരും ഒന്നിച്ചുചേര്‍ന്ന് ആഹാരം പാകം ചെയ്തു കഴിച്ചു.
മാമ്പുഴയെന്ന് ആളുകള്‍ വിളിക്കുന്നത് ഒരു കായലിനെയാണ്. വേനലായാല്‍ അത് വറ്റും. അപ്പോള്‍ കൃഷിയിറക്കാം. അവിടെ ആഴമുള്ള പ്രദേശം ചേറ്റുകണ്ണന്‍കുണ്ടായിരുന്നു. മഴക്കാലത്താണ് ഈ വഴി പട്ടാളം മാമ്പുഴ പ്രദേശത്തേക്കു വന്നത്. അവിടെ കവുങ്ങുകൊണ്ട് ഒരു നടപ്പാലം പണിതിരുന്നു. പട്ടാളം പാലത്തില്‍ കേറിയപ്പോള്‍ അത് തകര്‍ന്നു വീണു. പട്ടാളക്കാര്‍ക്ക് പരുക്കു പറ്റി. അവര്‍ പരിഹാസ്യരായി. പാലത്തിന്റെ സമീപത്തായി കുറേ ആശാരിക്കുടികള്‍ ഉണ്ടായിരുന്നു. അവിടുത്തെ ആള്‍ക്കാര്‍ പട്ടാളക്കാരെ പരിഹസിച്ചു. ക്ഷുഭിതരായ പട്ടാളക്കാര്‍ ആശാരിക്കുടികള്‍ തീവച്ച് നശിപ്പിച്ചു. പുല്ലും ഓലയും കൊണ്ടുള്ള കുടിലുകള്‍ തീവച്ച് നശിപ്പിക്കുക എളുപ്പമായിരുന്നു. ഏത് പേമാരിയിലും അത് കത്തിപ്പടര്‍ന്നുകൊള്ളും.
കൊണ്ടോട്ടിയില്‍ നസ്‌റുദ്ദീന്‍ തങ്ങളെന്ന ആത്മീയാചാര്യന്റെ വാഴ്ചക്കാലമായിരുന്നു അത്. കാവനൂര്‍ പ്രദേശത്തും അദ്ദേഹത്തിന് ആരാധകരുണ്ടായിരുന്നു. നസ്‌റുദ്ദീന്‍ തങ്ങളുടെ കറാമത്തുകളുടെ കഥകള്‍ കാവനൂരിലും പ്രചരിച്ചിരുന്നു. അദ്ദേഹം ബ്രിട്ടീഷ് അനുകൂലിയായാണ് പൊതുവെ അറിയപ്പെട്ടത്. ജീവിതം സുരക്ഷിതമല്ല എന്ന് തോന്നുന്നുവെങ്കില്‍ കൊണ്ടോട്ടിയില്‍ അഭയം തേടാനായിരുന്നു അദ്ദേഹത്തിന്റെ കല്‍പ്പന. വലിയൊരു വിഭാഗം ജനങ്ങളും അങ്ങോട്ടുപോയി. വൃദ്ധജനങ്ങളും കൈക്കുഞ്ഞുങ്ങളും ഒക്കെയുള്ള കുറേ കുടുംബം കാവനൂരില്‍ തന്നെ താമസിച്ചു.
കൊണ്ടോട്ടി തങ്ങള്‍ പട്ടാള അധികാരികളെ നേരില്‍ കണ്ടു. കാവനൂരിലെ ജനങ്ങള്‍ നിരപരാധികളാണെന്ന് അറിയിച്ചു. മൂന്നു ദിവസം യാത്ര ചെയ്ത് ക്ഷീണിതരായി വന്ന ജനങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ആളുകള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു. കുട്ടികളെ ചുമലിലേറ്റി പുരുഷന്മാരുടെ പിന്‍കഴുത്തും ചുമലെല്ലും വേദനകൊണ്ട് പുളയുകയായിരുന്നു. വിശപ്പുകൊണ്ട് കുട്ടികള്‍ വാവിട്ട് കരഞ്ഞു. പട്ടാളത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണ കവചമായി ഒരെഴുത്ത് കൊണ്ടോട്ടി തങ്ങള്‍ നല്‍കിയിരുന്നു. അത് പട്ടാള അധികാരികളെ കാണിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ പറഞ്ഞത്. കൊണ്ടോട്ടിയില്‍ തങ്ങി ശമനം കിട്ടിയ ജനങ്ങള്‍ വീണ്ടും കാവനൂരിലേക്ക് തന്നെ പുറപ്പെട്ടു. മേപ്പുറപ്പാട്ടെ കൊളപ്പറ്റ ഇസ്മായില്‍ സാഹിബും കുടുംബവും അദ്ദേഹത്തിന്റെ അനുയായികളും തവരാംപറമ്പിലെ മാമ്പുഴയിലേക്കു പോയി. അവിടം ചതുപ്പുകളും കാടുകളും നിറഞ്ഞ പ്രദേശമായിരുന്നു അന്ന്. അവിടെ ഒരു വീട്ടിലായിരുന്നു അവര്‍ അഭയസ്ഥാനം കണ്ടെത്തിയത്. ഇത് ആരും അറിഞ്ഞതുമില്ല. താഴത്തുവീടന്‍ മരക്കാരും സുഹൃത്തും അഭയം തേടിയത് മുണ്ടക്കാന്‍ പറമ്പന്‍ വീരാന്‍കുട്ടിയുടെ വീടിനടുത്തുള്ള മരത്തിലായിരുന്നു. എന്തോ ആവശ്യത്തിന് മരത്തില്‍നിന്നിറങ്ങി നടക്കുമ്പോള്‍ പട്ടാളത്തിന്റെ കണ്ണില്‍പ്പെട്ടു. അവരെ പിന്തുടര്‍ന്നാണ് മുണ്ടക്കാന്‍ പറമ്പന്‍ വീരാന്‍കുട്ടിയുടെ വീട്ടില്‍ പട്ടാളമെത്തുന്നത്. വലിയൊരു ആള്‍ക്കൂട്ടം ആ വീട്ടില്‍ തിങ്ങിനിറഞ്ഞതറിഞ്ഞപ്പോള്‍ പട്ടാളത്തിന് ഹാലിളകി. അവര്‍ വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ടതും വീരാന്‍കുട്ടി വാതില്‍ തുറന്നു. കൊണ്ടോട്ടി തങ്ങളുടെ എഴുത്ത് അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു. പക്ഷേ പട്ടാളം അദ്ദേഹത്തെ തള്ളിമാറ്റി. ആ കത്ത് കാണാന്‍ അവര്‍ കൂട്ടാക്കിയില്ല. മനുഷ്യത്വം മാഞ്ഞുപോയ കേവല ആയുധങ്ങള്‍ മാത്രമായി അവര്‍ മാറിക്കഴിഞ്ഞിരുന്നു. ആ വീട്ടില്‍ അഭയം തേടിയ ഒരാള്‍ കൊളപ്പറ്റ മമ്മദായിരുന്നു. തളര്‍വാതം വന്ന് നടക്കാന്‍ പറ്റാത്ത ഒരു വൃദ്ധനായിരുന്നു അദ്ദേഹം. പട്ടാളം ആ വൃദ്ധനെ തൂക്കിയെടുത്ത് ഉമ്മറത്ത് കൊണ്ട് വന്ന് വെടിവച്ചുകൊന്നു. പിന്നെ വാതിലും ജനലുകളും കൊട്ടിയടച്ച് തീവച്ചു. തൊണ്ടപൊട്ടി പുറത്തുവരുന്ന നിലവിളികള്‍ മാത്രമാണ് പിന്നെ കേട്ടത്. ആ നിലവിളിയില്‍ മാമ്പുഴയിലെ കാടുകള്‍ ആടിയുലഞ്ഞിരിക്കണം. കത്തിയമര്‍ന്ന വീട്ടില്‍ നിന്നു പുറപ്പെട്ട അഗ്നിനാളങ്ങളില്‍ വൃക്ഷങ്ങള്‍ കരിഞ്ഞുപോയിരിക്കണം.
വൃക്ഷക്കൊമ്പില്‍ അഭയം തേടിയ തന്നെ പട്ടാളം പിന്തുടര്‍ന്നത് മരക്കാര്‍ അറിഞ്ഞിരുന്നില്ല. വെടിയൊച്ചയും കാടാകെ പടരുന്ന പുകയും ചൂടും അഗ്നിയില്‍ വേവുന്നവരുടെ നിലവിളിയുമെല്ലാം മരക്കാര്‍ അറിഞ്ഞത് മരക്കൊമ്പില്‍ നിന്നുകൊണ്ടാണ്. അയാളുടെ കൈകാലുകള്‍ വിറക്കുകയും തളരുകയും ചെയ്തു. വീടിന് തീകൊടുത്തശേഷം പട്ടാളം അവിടം വിട്ടുപോയി. മരക്കാര്‍ വൃക്ഷക്കൊമ്പില്‍ നിന്ന് താഴയിറങ്ങി. വീടിനടുത്തുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരാനായി കെട്ടിയ വിലങ്ങ് പറിച്ചെടുത്ത് അയാള്‍ ആ വീട്ടിലേക്കോടി. വിലങ്ങുകൊണ്ട് പ്രഹരിച്ച് ചില ജാലകങ്ങള്‍ തുറന്നു. അതുവഴി പലരേയും അദ്ദേഹത്തിന് രക്ഷിക്കാനായി. മണ്ണില്‍തൊടി മുഹമ്മദ് മൊല്ലയും തൊട്ടിയന്‍ ചേക്കുമോയിയും ഒന്നര വയസുള്ള പോക്കറും, പോക്കറിന്റെ സഹോദരി നാലു വയസുകാരി ബിയ്യകുട്ടിയും ഒക്കെ രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പാതിവെന്ത ശരീരങ്ങളെല്ലാം തൊട്ടടുത്തുള്ള കല്ലവെട്ടുകുഴിയില്‍ ഒന്നിച്ച് ഖബറടക്കുകയാണ് ചെയ്തത്. ബ്രിട്ടീഷുകാരോടുള്ള തീരാത്ത പകയ്ക്ക് ഈ കൂട്ടക്കുരുതി ഒരു കാരണമായി. അതിനെത്തുടര്‍ന്നാണ് പ്രതികാര ദാഹികളായ ഗറില്ലാ സംഘം കാവനൂരില്‍ രൂപപ്പെട്ടത്. അവര്‍ ഈ പ്രദേശത്തെ കുന്നുകളിലും പാറമടകളിലും ഒളിച്ചിരുന്നു. അവരെ പുറത്തുകൊണ്ടുവരാനും ബ്രിട്ടീഷുകാര്‍ ചതിപ്രയോഗം നടത്തി. നസ്‌റുദ്ദീന്‍ തങ്ങള്‍ സമാധാന ദൗത്യവുമായി വരികയാണെന്നും, പട്ടാളക്കാര്‍ ഇനി അക്രമം അഴിച്ചുവിടില്ലെന്നും ഒളിപ്പോരാളികള്‍ എല്ലാം സങ്കേതങ്ങളില്‍ നിന്ന് പുറത്തുവരണമെന്നുമാണ് പട്ടാളക്കാര്‍ ജനങ്ങളെ ധരിപ്പിച്ചത്. അവര്‍ പുറത്തുവന്നപ്പോള്‍ പട്ടാളക്കാര്‍ നിറയൊഴിച്ചു. വിപ്ലവകാരികള്‍ക്കു നേരെ മാത്രമല്ല നിരായുധരും അശരണരുമായ ജനങ്ങള്‍ക്കു നേരെയും നിറയൊഴിച്ചു. ജനങ്ങള്‍ക്ക് പട്ടാളവുമായി ഏറ്റുമുട്ടേണ്ടി വന്നു. അടങ്ങാന്‍ പുറവന്‍ മോയിന്‍കുട്ടിയാണ് ഈ പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. മോയിന്‍കുട്ടിയെ പിന്നീട് പട്ടാളം അറസ്റ്റ് ചെയ്തു. ഹിന്ദുക്കളെ വെട്ടിക്കൊന്നു എന്ന കുറ്റമാണ് അദ്ദേഹത്തിനുമേല്‍ ചാര്‍ത്തിയത്. അദ്ദേഹത്തിന്റെ സ്വത്ത് മുഴുവന്‍ കണ്ടുകെട്ടി. ബെല്ലാരിയിലും കോയമ്പത്തൂരും സേലത്തുമുള്ള ജയിലുകളില്‍ മാറിമാറി താമസിപ്പിച്ചു. 1923 ജൂലൈ 26നാണ് കോയമ്പത്തൂരിലെ ജയിലില്‍വച്ച് മോയിന്‍കുട്ടിയെ തൂക്കിലേറ്റിയത്.
തൂക്കിലേറ്റും മുമ്പ് മോയിന്‍കുട്ടിയെഴുതിയ കത്ത് പില്‍ക്കാലത്ത് ഗവേഷകര്‍ക്ക് കിട്ടിയിട്ടുണ്ട്. ഡോ. അലി അസ്ഗര്‍ ബാഖവി തന്റെ ലേഖനത്തില്‍ എടുത്തുചേര്‍ത്ത ആ കത്തിലെ വരികള്‍ ഇതാണ്. 'എന്റെ ഭാര്യ അറിയേണ്ടതിന്, അന്യായമായാണ് എന്നെ തൂക്കിലേറ്റുന്നത്. നീ ഒരിക്കലും ദുഃഖിക്കരുത്. ഈ മരണം നമ്മുടെ രാജ്യത്തിന് വേണ്ടിയാണ്. രാജ്യത്തിനുവേണ്ടി ആയിരം വട്ടം തൂക്കിലേറ്റുന്നത് എനിക്ക് സന്തോഷമാണ്. ഞാനൊരു മാപ്പിളപ്പോരാളിയാവാന്‍ അല്ലാഹുവിന്റെ മുമ്പില്‍ പ്രാര്‍ഥിക്കുക'.
മൃതദേഹങ്ങള്‍ കൂട്ടിയിട്ടു സംസ്‌ക്കരിച്ച സ്ഥലത്ത് പുതുതായി കല്ലുവെട്ടാന്‍ കുഴിയെടുത്തപ്പോഴാണ് വളകളുടേയും മാലകളുടേയും എല്ലുകളുടേയും അവശിഷ്ടങ്ങള്‍ കിട്ടിയത്. പിന്നീടത് ഖബര്‍സ്ഥാനായി സംരക്ഷിക്കപ്പെട്ടു. മുണ്ടക്കാന്‍ പറമ്പന്‍ വീരാന്‍കുട്ടിയുടെ മകന്‍ മരക്കാര്‍ ഖബര്‍സ്ഥാന്‍ കല്ലുകൊണ്ട് കെട്ടി സംരക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."