സംപ്രേഷണാനുമതിയില്ല; മീഡിയവണ്ണിന്റെ വിലക്ക് ശരിവെച്ച് ഹൈക്കോടതി
കൊച്ചി: മീഡിയവണ്ണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. ചാനലിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം തടഞ്ഞത്.
ഹൈക്കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേ ഉള്ളൂ. ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ചാനലിന് സംപ്രേക്ഷണാനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചുതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കേന്ദ്രം ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സംപ്രേക്ഷണം തടയാന്‍ നടപടി എടുത്തത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നല്‍കിയ വിശദീകരണം. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വാദം നിയമവിരുദ്ധവും കേട്ടുകേള്‍വിയില്ലാത്തതും, മാധ്യമ സ്വാതന്ത്ര്യ സംബന്ധിച്ച സുപ്രിം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്നാണ് ചാനല്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."