ഗാർഹിക വൈദ്യുതി നിരക്ക് 18 ശതമാനം കൂട്ടണമെന്ന് കെ.എസ്.ഇ.ബി
താരീഫ് പെറ്റീഷൻ സമർപ്പിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് ഗാർഹിക വൈദ്യുതി നിരക്ക് 18.14 ശതമാനം വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള താരീഫ് പെറ്റീഷൻ കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു. പൊതുജനാഭിപ്രായം കൂടി പരിഗണിച്ച ശേഷം റെഗുലേറ്ററി കമ്മിഷൻ പുതിയ നിരക്ക് പ്രഖ്യാപിക്കും.
യൂനിറ്റിന് ശരാശരി 92 പൈസയുടെ വർധന വേണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തേക്ക് മാത്രമായി യൂനിറ്റിന് ഒരു രൂപ വർധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തിൽ കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് മന്ത്രിതല ചർച്ചയ്ക്കും വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കും ശേഷം ഇത് 92 പൈസയാക്കി കുറയ്ക്കാൻ തീരുമാനിച്ചത്. നിലവിലെ താരിഫ് പ്രകാരം ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂനിറ്റിന് 4.79 രൂപയാണ്. ശുപാർശ അംഗീകരിച്ച് 92 പൈസ വർധിപ്പിച്ചാൽ ഇത് 5.66 രൂപയായി ഉയരും. ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 18.14 ശതമാനവും ചെറുകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർധനവും വേണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 2852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യൂനിറ്റിന് 92 പൈസ വർധിപ്പിക്കുന്നത് വഴി 2284 കോടിയുടെ വരുമാനം ഉണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഏപ്രിൽ ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."