യു.പിയിൽ 'പുതിയ പരീക്ഷണ'വുമായി മുസ്‌ലിം ലീഗ് ; ആഗ്ര സൗത്തിൽ പ്രചാരണം തകൃതി
പ്രത്യേക ലേഖകൻ
ആഗ്ര
യു.പിയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആഗ്ര സൗത്ത് മണ്ഡലത്തിൽ തകൃതിയായ പ്രചാരണത്തിലാണ് മുസ്‌ലിം ലീഗ്. മുഹമ്മദ് കാമിലാണ് ഇവിടെ ലീഗ് സ്ഥാനാർഥി. മത്സരം കോണി ചിഹ്നത്തിൽ തന്നെ.
ദലിത് പശ്ചാത്തലമുള്ള ബഹുജൻ മുക്തി പാർട്ടി (ബി.എം.പി) നയിക്കുന്ന രാഷ്ട്രീയ പരിവർത്തൻ മോർച്ച എന്ന മുന്നണിയുടെ ഭാഗമായാണ് ലീഗ് മത്സരിക്കുന്നത്. 13 ചെറുകക്ഷികൾ ഉൾപ്പെട്ട മുന്നണിയാണിത്. ലീഗിന് മുന്നണി മൂന്നു സീറ്റുകൾ നൽകിയിരുന്നു. ഇതിൽ ഉന്നാവിൽ പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിപ്പോയി.
ബഹ്‌റായ്ച് മണ്ഡലത്തിൽ ബി.എം.പിയുടെ ചിഹ്നത്തിൽ മത്സരിക്കണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനാൽ അവിടെ തർക്കത്തിലാണ്. കോണി വിട്ടൊരു കളിയുമില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. പ്രശ്‌നപരിഹാരത്തിനായി ചർച്ച നടക്കുന്നുണ്ട്. മണ്ഡലത്തിൽ പത്രിക നൽകേണ്ട അവസാന ദിനം ഇന്നാണ്. ഇന്ന് പരിഹാരമുണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ പ്രതീക്ഷ.
ഏറെക്കാലം മുമ്പ് സംസ്ഥാന നിയമസഭയിൽ ലീഗിന് പ്രാതിനിധ്യമുണ്ടായിരുന്നു. 1974ലാണ് അവസാനമായി ഒരു പാർട്ടി എം.എൽ.എ ജയിച്ചത്. പിന്നീട് ഇതുവരെ സഭയിൽ ലീഗിന്റെ അക്കൗണ്ട് കാലിയാണ്.
ഇത്തവണ ജയിക്കുമെന്ന വലിയ അവകാശവാദമൊന്നും നേതാക്കൾക്കില്ല. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ഇടംനേടുന്നതിനുള്ള പുതിയൊരു പരീക്ഷണത്തിലാണ് പാർട്ടിയെന്ന് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും തിരുനാവായ സ്വദേശിയുമായ എം.പി മുഹമ്മദ് കോയ പറഞ്ഞു.
സംസ്ഥാനത്ത് മുസ്‌ലിം, ദലിത് സമൂഹങ്ങളുമായി അടുത്ത ബന്ധമുണ്ടാക്കിയെടുക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. മുന്നണിയിൽ ഇടം നേടാനായത് വലിയൊരു കാര്യമാണ്. നേരത്തെ സംസ്ഥാനത്തെ മറ്റു കക്ഷികൾ ലീഗിനോട് അയിത്ത മനോഭാവം പുലർത്തിയിരുന്നു. അത് മാറിവരുന്നതിന്റെ സൂചന കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തെക്കുറിച്ചുള്ള പ്രതീക്ഷ എന്തായാലും പ്രചാരണത്തിൽ ലീഗ് ഏറെ സജീവമാണ്. പാർട്ടിയുടെ ദേശീയ നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ, ഖുറം അനീഷ് ഉമർ, അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."