അലിഗഢ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷപദവി നിലനിര്‍ത്തണം
ഭരണഘടന അനുവദിച്ചിട്ടുള്ള അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷപദവി എടുത്തുകളയാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ സര്‍വ്വകലാശാല കഴിഞ്ഞ ദിവസം എതിര്‍സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കുനേരേ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളുടെ ഭാഗമാണ് അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയുടെയും ജാമിയ്യ മില്ലിയ്യ സര്‍വ്വകലാശാലയുടെയും ന്യൂനപക്ഷപദവി എടുത്തുകളയാന്‍ നടത്തുന്ന നീക്കങ്ങള്‍.
1875 സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജാണ് അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയായി 1951 ല്‍ ഉയര്‍ത്തപ്പെട്ടത്. വളരെയധികം എതിര്‍പ്പുകളും ത്യാഗങ്ങളും സഹിച്ചാണ് അഹമ്മദ്ഖാന്‍ ഈ സ്ഥാപനം കെട്ടിപ്പടുത്തത്. ബ്രിട്ടീഷ് ഭരണകൂടത്തില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന അഹമ്മദ്ഖാന്‍ തന്റെ സമുദായം അധഃപതിച്ചുകൊണ്ടിരിക്കുന്നതില്‍ ഖിന്നനായാണ് ഇത്തരമൊരു സ്ഥാപനത്തിന്റെ നിര്‍മിതിക്കായി അഹോരാത്രം അധ്വാനിച്ചത്.
മുഗള്‍ഭരണകാലംവരെ അഭിമാനാര്‍ഹമായ നിലയില്‍ ഇന്ത്യയിലെ മുസ്‌ലിംകളും ഹിന്ദുക്കളും ഒത്തൊരുമയോടെ ജീവിച്ചുപോന്ന രാജ്യത്ത് ബ്രിട്ടീഷ്ഭരണം ആരംഭിച്ചതോടെയാണ് മുസ്‌ലിംകള്‍ പാര്‍ശ്വവല്‍കരിക്കപ്പെടാന്‍ തുടങ്ങിയത്. മുസ്‌ലിംകളെ പ്രഖ്യാപിതശത്രുക്കളായിക്കണ്ട ബ്രിട്ടീഷ് ഭരണകൂടം അവര്‍ക്കെതിരേ കര്‍ക്കശനിലപാടുകളാണ് അവലംബിച്ചിരുന്നത്. മദ്രസകളും മുസ്‌ലിംസ്ഥാപനങ്ങളും തകര്‍ക്കുന്നതില്‍വരെ അത് എത്തിച്ചേര്‍ന്നു. മുന്‍വിധികളായിരുന്നു മുസ്‌ലിംകള്‍ക്കെതിരേ തിരിയുവാന്‍ ബ്രിട്ടീഷ്ഭരണകൂടത്തിനു പ്രേരകമായത്. മുസ്‌ലിംകളാവട്ടെ ബ്രിട്ടന്റെ കോളനിഭരണത്തോടുള്ള കടുത്തഎതിര്‍പ്പിന്റെ ഭാഗമായി അവരുടെ വിദ്യാഭ്യാസവും വേണ്ടെന്നുവച്ചു.
ഇതിനെത്തുടര്‍ന്ന് ഉയര്‍ന്നതസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിംകളെ ബ്രിട്ടന്‍ ഒഴിവാക്കാനും തുടങ്ങി. ഇത്തരം ഒരവസ്ഥയില്‍ മുസ്‌ലിംകള്‍ക്ക് ഒരിക്കലും പുരോഗതിപ്പെടുവാന്‍ സാധിക്കുകയില്ലെന്നു സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ മനസ്സിലാക്കുകയും സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാവുകയുമായിരുന്നു. വിദ്യാഭ്യാസം ലഭിച്ചാല്‍ മാത്രമേ സമുദായത്തിനു പുരോഗതിപ്പെടാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം തന്റെ സമുദായത്തെ ഉദ്‌ബോധിപ്പിച്ചുവെങ്കിലും എതിര്‍പ്പുകളായിരുന്നു തിരിച്ചുകിട്ടിയത്.
മുസ്‌ലിംകള്‍ക്കായി കോളജ് സ്ഥാപിച്ചു വിദ്യാഭ്യാസാവസരം ലഭ്യമാക്കി നേരായപ്രവര്‍ത്തനങ്ങളില്‍ ഇടപെടുവിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ബ്രിട്ടീഷ് ഭരണാധികാരികളെ ബോധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിലാണു മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് സ്ഥാപിക്കുവാന്‍ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന് അനുമതി നല്‍കിയത്. സ്ഥാപനത്തിന്റെ നിര്‍മാണത്തിനായി പലവിധ കഷ്ടനഷ്ടങ്ങളും അദ്ദേഹത്തിനു സഹിക്കേണ്ടി വന്നു. എല്ലാ എതിര്‍പ്പുകളും മറികടന്നാണ് 1875 ല്‍ കോളജ് സ്ഥാപിച്ചത്.
മുസ്‌ലിംകള്‍ക്ക് ആദ്യംവേണ്ടതു വിദ്യാഭ്യാസമാണെന്നും അതു ലഭിച്ചുകഴിഞ്ഞാല്‍ രാഷ്ട്രീയബോധം അവരില്‍ ഉണ്ടായിക്കൊള്ളുമെന്നും അതുവഴി രാജ്യത്തിന്റെ സ്വാതന്ത്യസമരപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുവാന്‍ അവര്‍ക്ക് കഴിയുമെന്നുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം പില്‍കാലത്തു സാക്ഷാത്ക്കരിക്കപ്പെട്ടു. ഇങ്ങനെ മുസ്‌ലിം ഉന്നമനത്തിനുവേണ്ടി സ്ഥാപിച്ച സ്ഥാപനം ന്യൂനപക്ഷസ്ഥാപനമല്ലെന്ന വര്‍ഗീയശക്തികളുടെ കണ്ടെത്തല്‍ തീര്‍ത്തും ദുരുപദിഷ്ടമാണ്. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ എന്നെന്നും പിന്നാക്കമായി നിലനിര്‍ത്താനുള്ള നിഗൂഢതന്ത്രമാണ് ഇതിനുപിന്നില്‍.
ചരിത്രത്തിന്റെ പിന്‍ബലംമാത്രം മതി ഈ സ്ഥാപനത്തെ മുസ്‌ലിം ന്യൂനപക്ഷ സ്ഥാപനമായി എന്നെന്നും നിലനിര്‍ത്താന്‍. 1951 ലാണു സര്‍വ്വകലാശാലയ്ക്കു ന്യൂനപക്ഷപദവി നല്‍കിക്കൊണ്ട് പാര്‍ലമെന്റ് ഭരണഘടനാഭേദഗതി നടത്തിയത്. ഈ ഭേദഗതി ചോദ്യംചെയ്ത് 1967 ല്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നു സുപ്രിംകോടതി വിധിക്കുകയും ചെയ്തു. അന്നു തുടങ്ങിയതാണ് അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലക്കെതിരേയുള്ള ഫാസിസ്റ്റ് നീക്കങ്ങള്‍.
മുസ്‌ലിംകളെ മറ്റുള്ളവര്‍ക്കൊപ്പം വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാത്രമായിരുന്നു 50 ശതമാനം സംവരണം മുസ്‌ലിംകള്‍ക്കായി ഈ സ്ഥാപനം നീക്കിവെച്ചത്. ഇതിനെതിരേ ബിജെപി ഉയര്‍ത്തുന്ന എതിര്‍പ്പ് മുസ്‌ലിംകള്‍ ഒരിക്കലും പുരോഗതി പ്രാപിക്കരുതെന്ന ദുഷ്ടലാക്കോടുകൂടിയുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ കോടതിവിധികളും ഇതിനോടു ചേര്‍ന്നുപോകുന്നു. സര്‍വ്വകലാശാല സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിനെതിരേ എതിര്‍സത്യവാങ്മൂലം നല്‍കിയിരിക്കുന്നതു സ്ഥാപനത്തിന്റെ ന്യൂനപക്ഷപദവി നിലനിര്‍ത്താന്‍വേണ്ടിയാണ്. 1981 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ അലിഗഢ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി ഭരണകൂടങ്ങള്‍ക്ക് മാറ്റംവരുത്തുവാന്‍ കഴിയില്ല.
സര്‍ക്കാറിന്റെ നീക്കം ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമാണ്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭേദഗതിചെയ്യണമെങ്കില്‍ പാര്‍ലമെന്റില്‍ത്തന്നെ നിയമഭേദഗതി കൊണ്ടുവരണം. കോടതികള്‍ക്കോ ഭരണകൂടങ്ങള്‍ക്കോ മാറ്റംവരുത്താന്‍ കഴിയില്ല. അലിഗഢിന്റെ ന്യൂനപക്ഷ സ്വഭാവം സംരക്ഷിക്കാനാണ് 1981 ല്‍ അന്നത്തെ സര്‍ക്കാര്‍ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നല്‍കിക്കൊണ്ടുള്ള നിയമം പാസ്സാക്കിയത്. ഈ നിയമഭേദഗതി അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ അധികാരത്തിലാണു ഹൈക്കോടതി അന്ന് ഇടപെട്ടത്. ഇതിനെതിരേ യുപിഎ സര്‍ക്കാറും യു.പി സര്‍ക്കാറും 2006 ല്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്‍.ഡി.എ സര്‍ക്കാര്‍ ഈ അപ്പീല്‍ പിന്‍വലിക്കാനൊരുങ്ങുകയാണ്.
കഴിഞ്ഞ ജൂണിലാണ് ഇത് സംബന്ധിച്ച ഹരജി എന്‍.ഡി.എ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. ന്യൂനപക്ഷപദവിയെ അനുകൂലിക്കുന്ന എല്ലാ കത്തുകളും പിന്‍വലിക്കുന്നതായി മാനവവിഭവശേഷി മന്ത്രാലയം സുപ്രിംകോടതിക്കു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനെതിരായാണ് ഇപ്പോള്‍ സര്‍വ്വകലാശാല സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമം സര്‍ക്കാറുകള്‍ മാറിമാറി വരുന്നുവെന്നതിനാല്‍ മാറ്റം വരുത്താനാവില്ലെന്ന അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയുടെ നിലപാടു നീതിയുക്തവും സത്യസന്ധവുമാണ്. മുസ്‌ലിംസമുദായത്തെ ഇരുട്ടില്‍ നിര്‍ത്താന്‍, അവരുടെ വിദ്യാഭ്യാസമുന്നേറ്റത്തെ തടയാന്‍ നടത്തുന്ന എല്ലാനീക്കങ്ങളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുകയാണു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."