ബഹ്റൈനിലെ മാധ്യമ പ്രവര്ത്തകന് ജോമോൻ കുരിശിങ്കൽ നിര്യാതനായി
മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകനും 24 ന്യൂസ് റിപ്പോര്‍ട്ടറുമായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോൻ കുരിശിങ്കൽ (42) നിര്യാതനായി. നെഞ്ച് വേദനയെതുടർന്ന് സൽമാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂർവേദ സെന്ററിൽ നിന്ന് മരുന്ന് വാങ്ങി തിരിച്ചു പോകാനായി വാഹനത്തില്‍ കയറിയ ഉടനെയായിരുന്നു മരണം. ബഹ്റൈനിലെ നടപടിക്രമങ്ങളുടെ ഭാഗമായി കൊവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാകൂവെന്നതിനാല് ഇതിനുള്ള ശ്രമങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. ഭാര്യയും രണ്ട് ആൺകുട്ടികളുമുള്പ്പെടുന്ന കുടുംബം നാട്ടിലാണ്. കുരിശിങ്കൽ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനാണ്.
നിലവില്‍ 24 ന്യൂസിന്റെ ബഹ്റൈന്‍ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്ന ജോമോണ്‍ നേരത്തെ മീഡിയാവണിലും ജനം ടിവിയിലും റിപ്പോര്‍ട്ടറായി ജോലി ചെയ്തിരുന്നു. ഇതോടൊപ്പം ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും ജോലി ചെയ്തിരുന്നു. ബഹ്റൈനിലെത്തിയതു മുതല്‍ കാമാറാമാനായി വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുത്തു വന്നിരുന്ന അദ്ദേഹത്തിന് ബഹ്റൈനിലെ മത-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധി പേരുമായി നല്ല ബന്ധമുണ്ട്. അവസാന കാലങ്ങളില്‍ സാമൂഹ്യ സേവന രംഗങ്ങളിലും സജീവമായിരുന്നു.
ശനിയാഴ്ച കാലത്തു മുതല്‍ നെഞ്ച് വേദന അനുഭപ്പെട്ടിരുന്നതായി സുഹൃത്തുകള്‍ പറഞ്ഞു. ജോമോന്റെ നിര്യാണത്തില്‍ ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകരും വിവിധ സാമൂഹ്യ-സംഘടനാ പ്രവര്‍ത്തകരും അനുശോചനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."