ജയിലിലേക്കുള്ള വിസകള്‍
മലയാളികളായ നിരവധിയാളുകള്‍ ഇന്നും മക്കത്തെ സുമേഷി ജയിലുകളില്‍ കഴിയുന്നുണ്ട്. ഇന്ത്യക്കാര്‍ക്കുള്ള പത്തോളം സെല്ലുകളിലായി അവര്‍ ചിതറിക്കിടക്കുന്നു. ഇരുനൂറിലേറെപ്പേര്‍ ജയിലിലൂടെ തിരിച്ചെത്തിയതു കഴിഞ്ഞ നോമ്പുകാലത്താണ്. മൂന്നുമാസത്തെ ജയില്‍ദുരിതത്തിനൊടുവിലായിരുന്നു പലരുടെയും തിരിച്ചുവരവ്.
ചിലര്‍ ആറുമാസംവരെ ജയിലില്‍ നരകിച്ചു. ഇവരെല്ലാവരും ഗുരുതരമായ തെറ്റുചെയ്തവരല്ല. ഫ്രീവിസയില്‍ സഊദി അറേബ്യയിലെത്തിയവരാണ്. സ്‌പോണ്‍സറുടെ കീഴില്‍ ജോലിചെയ്തില്ലെന്ന തെറ്റേ അവര്‍ ചെയ്തുള്ളൂ. അതുകൊണ്ടുതന്നെ, വിസ ലഭിക്കാന്‍ മൂന്നുലക്ഷം രൂപയോളം നല്‍കി ഭേദപ്പെട്ടൊരു ജോലിസംഘടിപ്പിച്ചു ജീവിതം സുരക്ഷിതമാക്കാന്‍ പുറപ്പെട്ട ഇവര്‍ക്കെല്ലാം കാരാഗ്രഹത്തിലാണു പ്രവേശനം കിട്ടിയത്.
കരുവാരകുണ്ടിലെ മുഹമ്മദ് നിസാര്‍ നാലുമാസത്തോളം ജയിലില്‍ തീ തിന്നു. എത്രകാലം കാരാഗ്രഹത്തില്‍ കിടക്കേണ്ടിവരുമെന്നുതന്നെ അറിയുമായിരുന്നില്ല. മൂന്നുലക്ഷംരൂപ നാട്ടില്‍ കൊടുത്തിട്ടാണ് ഒരു ഫ്രീവിസ വാങ്ങി ഇരുപത്തെട്ടുകാരനായ ആ യുവാവു ജയിലിലേയ്ക്കു പറന്നത്. അതും നാട്ടിലെ ജ്വല്ലറിയിലെ അക്കൗണ്ടിന്റെ ജോലി ഉപേക്ഷിച്ച്. സ്‌പോണ്‍സറുടെ കീഴില്‍ ജോലിയുണ്ടാകില്ലെന്നു നേരത്തെ അറിയാമായിരുന്നു.
എത്രയുംപെട്ടെന്നു ജോലി തരപ്പെടുത്തണം. കഫാലത്തും മാറണം. ജിദ്ദയിലെ ബലദിലുള്ള പ്രശസ്തമായ ജ്വല്ലറിയില്‍ അക്കൗണ്ടന്റായി നിയമനം കിട്ടി. എന്നാല്‍, കഫാലത്ത് മാറാന്‍ സമയംകിട്ടിയില്ല. അതിനുമുമ്പേ അധികൃതരുടെ പരിശോധനയില്‍ കുരുങ്ങി. തിരിച്ചിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷ. എല്ലാവഴികളും അന്വേഷിച്ചു. നാലുമാസത്തോളം ജയിലില്‍ നരകിച്ചു. ഒടുവില്‍ നാട്ടിലേക്കു കയറ്റിവിട്ടത് റമദാനിലെ പൊതുമാപ്പിലാണ്.
നാട്ടിലെത്തിയപ്പോള്‍ അവിടത്തെ ജോലിയില്‍വേറെ ആളെ നിയോഗിച്ചിരുന്നു. കടംപെരുകി എന്തുചെയ്യണമെന്നറിയാതെ തെക്കുവടക്കു നടക്കുകയാണ് ഈ യുവാവ്. മുമ്പൊക്കെ യാത്രാരേഖകളിലെ ഗുരുതരപ്രശ്‌നങ്ങള്‍ കാരണമോ കുറ്റകൃത്യങ്ങളുടെ പേരിലോ ഒക്കെയായിരുന്നു മലയാളികള്‍ വിദേശജയിലുകളിലെത്തിയിരുന്നത്. ഇന്ന് ഏറെ സുരക്ഷിതമെന്നു കരുതുന്ന ഫ്രീവിസയുടെ പേരിലാണ്.
വഴിക്കടവുകാരന്‍ കാസിം ഒരു വിസ തരപ്പെട്ടപ്പോള്‍ പത്രസ്ഥാപനത്തിലെ ജോലി രാജിവെച്ചാണ് വിമാനംകയറിയത്. ആ യാത്രയും ഒടുങ്ങിയതു ജയിലിലാണ്. വിസ സംഘടിപ്പിച്ചു കൊടുത്തതു ബന്ധുതന്നെയായിരുന്നു. തല്‍ക്കാലത്തേയ്ക്കു പണം നല്‍കേണ്ടതില്ലല്ലോയെന്ന ആശ്വാസമാണ് ആ സാഹസത്തിന് അയാളെ പ്രേരിപ്പിച്ചത്. ജിദ്ദയില്‍ തരക്കേടില്ലാത്ത ജോലിയും ശരിയായി. മൂന്നുമാസം കഴിഞ്ഞു കഫാലത്തുമാറിയാല്‍ മതിയെന്നായിരുന്നു അഭ്യൂദയാകാംക്ഷികളുടെ ഉപദേശം.
മൂന്നുമാസം തികഞ്ഞില്ല, കമ്പനിയിലും മക്തബുല്‍ അമലിന്റെ സി.ഐ.ഡി വിഭാഗമെത്തി. മൂന്നുമാസത്തോളം ഉടുതുണിക്കു മറുതുണിയില്ലാത്ത ജയില്‍ജീവിതം. വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാതെ തളര്‍ന്നുപോയതു രണ്ടരമാസം. നിയമവിരുദ്ധമായി പണിയെടുത്തതിനു പതിനായിരം റിയാല്‍ പിഴയൊടുക്കണം. പണിയെടുപ്പിച്ച കമ്പനിയും സ്‌പോണ്‍സറും ഇരുപതിനായിരം റിയാല്‍ വീതമടയ്ക്കണം. അല്ലാതെ നാട്ടിലേയ്ക്കുപോകാനാകില്ല.
വല്ലപ്പോഴും വീട്ടിലേയ്ക്കു വിളിക്കുമ്പോള്‍പ്പോലും താനകപ്പെട്ട കുരുക്കിനെക്കുറിച്ചു പറയാന്‍ അയാള്‍ക്കായില്ല. എങ്ങനെ പറയും. പറഞ്ഞിട്ടെന്തു പ്രയോജനം. ഒടുവില്‍, റമദാനിലെ പൊതുമാപ്പാണ് അയാള്‍ക്കും മോചനമൊരുക്കിയത്. നാട്ടിലെത്തുമ്പോള്‍ പത്തുസെന്റിലെ കൊച്ചുവീടു ചോര്‍ന്നൊലിക്കുന്നു. ഒന്നു പൊളിച്ചുമേയാനുള്ള പണംപോലും കൈവശമില്ല. പെരും കടങ്ങളുടെ നിലയില്ലാക്കയത്തിലാണ് ഇപ്പോഴും ഇദ്ദേഹത്തിന്റെ ജീവിതം.
ഫ്രീവിസയില്‍വന്ന് കുടുങ്ങുന്നവര്‍ സഊദിയില്‍ നൂറുകണക്കിനുണ്ട്. മലയാളികള്‍തന്നെയാണ് ഇവരെ കുരുക്കുന്നത്. സഊദിയില്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ മന്‍സൂര്‍ എടക്കര പറയുന്നു: ''ലക്ഷങ്ങള്‍ നാട്ടില്‍കൊടുത്താണു പലരും വരുന്നത്. ഇഷ്ടമുള്ള കമ്പനിയിലേയ്ക്കു വിസ മാറാമെന്നും മികച്ച ശമ്പളം ലഭിക്കുമെന്നുമാകും വാഗ്ദാനം. എന്നാല്‍, ഇവിടെയെത്തുമ്പോള്‍ കഫീലിന്റെ പക്കല്‍ ജോലിയുണ്ടാകില്ല. പിന്നെ മാസങ്ങളോളം ജോലിതേടിയുള്ള അന്വേഷണമാകും. എവിടെയെങ്കിലും ജോലി ശരിയായാലോ, കിട്ടുന്നത് ആയിരമോ ആയിരത്തഞ്ഞൂറോ റിയാലാണ്. കഫാലത്ത് മാറാനായി ജവാസത്തില്‍ പോകുമ്പോഴായിരിക്കും മാറ്റംചെയ്യാനാകാത്ത വിസയാണെന്നറിയുക. ഇവര്‍ നാട്ടിലേയ്ക്കു മടങ്ങുന്നതാകട്ടെ ലക്ഷങ്ങളുടെ കടവുമായാണ്.''
ഇതൊന്നുമറിയാതെ ഇപ്പോഴും ഫ്രീവിസയുമായി മലയാളികള്‍ ഇവിടേയ്ക്ക് ഒഴുകുന്നു. ഭാഗ്യവാന്മാര്‍ മറുകര കാണുമ്പോള്‍ നിര്‍ഭാഗ്യവാന്മാര്‍ കാരാഗ്രഹത്തിലടക്കയ്‌പ്പെടുന്നു. ഇവരുടെ പ്രതിനിധികളാണു നിസാര്‍ മുഹമ്മദും മുഹമ്മദ് കാസിമും ഉസ്മാന്‍ കോയയും നവാസും അബ്ദുല്ലത്തീഫുമെല്ലാം. നേരത്തെ ഫ്രീവിസക്കാര്‍ക്കായിരുന്നു ഡിമാന്റ്. എത്രകാലംവരെയും കഴിയാം. ഏതു ജോലിയിലേയ്ക്കും മാറാം.
പിന്നീട്, തൊഴിലാളി സ്‌പോണ്‍സറുടെ കീഴില്‍ത്തന്നെ ജോലിചെയ്യണമെന്നു നിര്‍ബന്ധമാക്കി. പുറത്തു ജോലിചെയ്യുന്നവര്‍ക്കൊക്കെ കഫാലത്ത് മാറാനുള്ള സൗകര്യവും ഒരുക്കികൊടുത്തു. എന്നിട്ടും ഇതൊന്നും കാര്യമാക്കാതെ പലരും തൊഴില്‍ ചെയ്തു. സ്‌പോണ്‍സര്‍ക്കു കൃത്യമായ മാസലെവി നല്‍കി തൊഴിലാളിയും സ്‌പോണ്‍സറും അധികൃതരെ പറ്റിച്ചു. അതിനവരെ ചില ഏജന്റുമാരും ട്രാവല്‍ ഏജന്‍സികളും പ്രോത്സാഹിപ്പിച്ചു. അവരുടെ കഞ്ഞികുടി മുട്ടരുതല്ലോ!
പത്താംതരം പാസാകത്തവരെ കടല്‍കടത്താന്‍ എമിഗ്രേഷന്‍വിഭാഗം മടിച്ചപ്പോള്‍ അതിനും പ്രതിവിധി കണ്ടെത്തി ഈ ട്രാവല്‍ ഉടമകള്‍. പത്താംതരം കടക്കാത്തവരെ പാസ്‌പോര്‍ട്ട് ഓഫീസിലെ വിദഗ്ധര്‍ ആ പരീക്ഷ പാസാക്കി എടുപ്പിച്ചു. ഖത്തറില്‍ അഞ്ചുവര്‍ഷം പോയിനിന്നതിന്റെ വ്യാജരേഖയും വിദഗ്ധമായി നിര്‍മിച്ചു. അല്ലാത്തവരെ ദുബൈയില്‍ സഊദി അറേബ്യയുടെ സമാന്തര കൗണ്‍സുലേറ്റു സ്ഥാപിച്ച് അതുവഴി ചവിട്ടിക്കയറ്റി.
ഇതിനായി പ്രത്യേക വിദഗ്ധരെ നിയമിച്ചു. ഈ സേവനത്തിന്റെപേരില്‍ വന്‍തുകതന്നെ തട്ടിപ്പറിച്ചു. വഴിക്കടവിലെ മുഹമ്മദ് കാസിമും സാദിഖലിയും തിരൂര്‍ പകരയിലെ മുഹമ്മദ് നവാസും എല്ലാം ദുബൈയിലെ സമാന്തര സഊദി കൗണ്‍സുലേറ്റുവഴി ചവിട്ടിക്കയറ്റപ്പെട്ടവരാണ്. ഇനിയും എത്രവേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍.
സഊദിയിലെ നിര്‍മാണക്കമ്പനികളില്‍ മാത്രമല്ല ചെറുകിടസ്ഥാപനങ്ങളിലും ഓഫീസുകളിലുമെല്ലാം പ്രതിസന്ധി മുറുകുകയാണ്. അത് മറ്റു ഗള്‍ഫ് നാടുകളിലുമുണ്ട്. അതെക്കുറിച്ച് നാളെ..
ശരാശരി മലയാളിയുടെ ഒറ്റമൂലിക്കെന്തുപറ്റും?
വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ മൂന്നുവിഭാഗത്തില്‍ ഉള്‍പ്പെടുന്നു. എഴുപത്തിയഞ്ചു ശതമാനവും സാദാ തൊഴിലാളികളാണ്. കത്തിയെരിയുന്ന തകരഷീറ്റിനടിയിലെ ലേബര്‍ ക്യാമ്പില്‍ ആറടി നീളവും മൂന്നടി വീതിയുമുള്ള കട്ടിലിലാണവര്‍ 365 ദിവസവും മെഴുകുതിരിപോലെ ഉരുകിത്തീരുന്നത്.
23 ശതമാനം ഇടത്തരം കച്ചവടക്കാരും വിവിധ ഉദ്യോഗങ്ങളില്‍ കഴിയുന്നവരുമാണ്. മൂന്നുശതമാനം മാത്രമാണു സാമാന്യം ഭേദപ്പെട്ട നിലയില്‍ കഴിയുന്നത്. കുടുംബത്തോടും കുട്ടികളോടുമൊപ്പം ഒരുമിച്ചു കഴിയാന്‍ ഭാഗ്യം ലഭിച്ചവര്‍ അഞ്ചുശതമാനം പോലുമുണ്ടോയെന്നതു സംശയമാണ്.
എന്നിട്ടും ഇന്നും ശരാശരി മലയാളിക്കു ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒറ്റമൂലിതന്നെയാണു ഗള്‍ഫ് ജോലി. എങ്ങനെയും എണ്ണപ്പണത്തിന്റെ നാട്ടിലെത്തുകയെന്നതാണു ജീവിതവ്രതം. ആ സ്വപ്നത്തിന് ഇപ്പോഴും വിപണിയുണ്ടെന്ന് അറിയുന്നതുകൊണ്ടാണ് ആ സഞ്ചാരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. നേരത്തെ അവിടെ എത്തിപ്പെട്ടവര്‍ കടിച്ചുപിടിച്ചു തുടരുന്നതും അതുകൊണ്ടുതന്നെ.
എന്നാല്‍, അത്തറിന്റെ സുഗന്ധമുള്ള ഗള്‍ഫുകാരന്റെ മടക്കയാത്ര അകലത്തിലല്ലെന്ന വിപല്‍സന്ദേശങ്ങള്‍ അവരെ അസ്വസ്ഥരാക്കുന്നു. സഊദിയിലേയ്ക്കുള്ള ഏതു വിസയാണെങ്കിലും രണ്ടായിരം റിയാല്‍ അധികം നല്‍കണം. പുതിയ നിയമപ്രകാരം വിസയ്ക്കു സര്‍ക്കാര്‍ ഉയര്‍ത്തിയ നിരക്കു മലയാളികളുടെ നെഞ്ചത്തടിക്കുന്നതാണ്.
കുടുംബത്തോടൊപ്പം കഴിയാനുള്ള മലയാളികളുടെ ആഗ്രഹങ്ങള്‍ക്കും ഇതോടെ ഫുള്‍സ്റ്റോപ്പിടേണ്ടിവരും. ഫാമിലി വിസയും കുടുംബാഗംങ്ങള്‍ക്കുള്ള സന്ദര്‍ശകവിസയും ഇനി സാധാരണക്കാരനു താങ്ങാനാകില്ല. ഇതു ചോര്‍ത്തുന്നതു മലയാളികളുടെ ആത്മവീര്യത്തെ മാത്രമല്ല സാമ്പത്തികഭദ്രതയെക്കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."