ഹിജാബ്, വിദ്യാഭ്യാസ അവകാശങ്ങൾ, മതേതരത്വം
ജയറാം ജനാർദ്ദനൻ
കർണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ചില ജൂനിയർ കോളജുകളിൽ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാർഥിനികളെ ക്ലാസിൽ കയറാൻ അനുവദിക്കുന്നില്ല എന്ന പ്രശ്‌നം ഇപ്പോൾ രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന വിവാദമായി മാറിയിരിക്കുന്നു. ഇത് കേവലം വസ്ത്രധാരണത്തിന്റെ വിഷയമല്ല. കർണാടകയിലെ മുംബൈ കർണാടക എന്നറിയപ്പെടുന്ന പ്രദേശം സൗത്ത് ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമാണ്. ഒരിയ്ക്കൽ ഇടതുപക്ഷത്തിനും കോൺഗ്രസിനും വലിയ രാഷ്ട്രീയ ശക്തിയുണ്ടായിരുന്ന പ്രദേശമാണ് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ. വർഗീയ കലാപങ്ങൾക്ക് പേരുകേട്ട പ്രദേശങ്ങളായിരുന്നില്ല ഈ നാടുകൾ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള കാലഘട്ടത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ ഒരു വർഗീയ കലാപമുണ്ടാക്കുന്നത് 1968ൽ ആണ്. പൊതുവെ നോക്കുകയാണെങ്കിൽ 1970 കൾക്ക് ശേഷം ഈ പ്രദേശങ്ങൾ വലിയ പരിവർത്തനങ്ങളിലൂടെ കടന്നുപോയെന്ന് പറയാം. ഭൂപരിഷ്‌കരണം ഫലപ്രദമായി നടക്കുകയും വലിയ അളവിൽ ഗൾഫ് പ്രവാസം ആരംഭിക്കുകയും ചെയ്തു ഇക്കാലത്ത്. ഈയൊരു കാലഘട്ടത്തിന്റെ തുടർച്ചയായി 1990 കളിൽ പോസ്റ്റ് ബാബറി / മണ്ഡൽ കാലത്താണ് ഈ പ്രദേശങ്ങൾ പൂർണമായും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിടിയിലൊതുങ്ങിയത്. ഇങ്ങനെ പറയുമ്പോഴും ആർ.എസ്.എസ് അതിന്റെ തുടക്കത്തിൽ തന്നെ അവരുടെ മുഖ്യ പ്രവർത്തന മേഖലയായി ദക്ഷിണ കാനറ ജില്ലകളെ കണ്ടിരുന്നു. ആർ.എസ്.എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാർ തന്നെ ഉഡുപ്പി സ്വദേശിയായ ഗൗഡസാരസ്വത് ബ്രാഹ്മണനും വക്കീലുമായ സഞ്ജീവ കമ്മത്തിനെ ദക്ഷിണ കാനറ ജില്ലകളിൽ സംഘ്പരിവാറിനെ നയിക്കാനായി നിയോഗിക്കുന്നുണ്ട്. യഥാർഥത്തിൽ ഈ ഗൗഡസാരസ്വത് ബ്രഹ്മണ സമൂഹമാണ് ദക്ഷിണ കാനറ ജില്ലയിലെ ഹിന്ദുത്വത്തിന്റെ സൂക്ഷിപ്പുകാർ. അവിടുത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറ്റവും കുതിച്ചുചാട്ടം സംഭവിക്കുന്നത് ഉഡുപ്പി പേജാവർ മഠത്തിന്റെ അധിപൻ സ്വാമി വിശ്വേശ തീർത്ഥ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വന്നപ്പോഴാണ്.
പുരോഗമന രാഷ്ട്രീയത്തിന് വലിയ വളക്കൂറുള്ള ഈ പ്രദേശം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തി കേന്ദ്രമായി മാറിയതെങ്ങനെയെന്ന് തീർച്ചയായും അന്വേഷിക്കപ്പെടേണ്ടതാണ്. കോൺഗ്രസിനെ പൂർണമായി പിന്തുണച്ചുകൊണ്ടിരുന്ന ചില സമുദായങ്ങൾ അവരുടെ പിന്തുണ പിൻവലിക്കുകയും സംഘ്പരിവാർ രാഷ്ട്രീയത്തിലേക്ക് ചായുകയും ചെയ്തു. കാർഷിക മേഖലയിൽ സംഭവിച്ച തകർച്ച, സംഘ്പരിവാറിന്റെ ഒരുപാട് കാലമായി നടന്നുവരുന്ന താഴെ തട്ടിലുള്ള സംഘടനാ പ്രവർത്തനം, സമുദായങ്ങളുടെ ക്രമരഹിതമായ, അനുപാതരഹിതമായ വികസനം എന്നിങ്ങനെ പല കാരണങ്ങൾ സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് മുന്നോക്ക സമുദായമായ ബണ്ടുകളും പിന്നോക്ക സമുദായങ്ങളായ ബില്ലവ /പൂജാരി, മൊഗവീര തുടങ്ങിയവ വർധിച്ച തോതിൽ സംഘ്പരിവാർ പക്ഷത്തേക്ക് നീങ്ങിയതിന്റെ ഒരു കാരണമായി ഇതിനെ കാണാം.
സൗത്ത് കാനറ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‌ലിം വിദ്യാർഥിനികൾക്കെതിരേ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവേചനങ്ങൾ സൂചിപ്പിക്കുന്നത് സംഘ്പരിവാർ രാഷ്ട്രീയം അതിന്റെ വെറുപ്പിന്റെ രാഷ്ട്രീയം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു എന്നതാണ്. 2000ത്തിന് ശേഷം ഉത്തരേന്ത്യയിൽ ചെയ്തതുപോലെ ഗോരക്ഷ, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങൾ വളരെ അക്രമാസക്തമായി സംഘ്പരിവാർ ഉപയോഗിച്ച സ്ഥലമാണ് കർണാടക. 1950കളിൽ തന്നെ ഗോരക്ഷാസമിതികൾ കണാടകത്തിൽ രൂപപ്പെട്ടുവെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലാണ് കന്നുകാലികളെ വിൽക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങൾ ഉണ്ടായത്. അതുപോലെ കേരളത്തിലെ അനുഭവത്തിൽനിന്ന് ഒരു ബഹുമത സമൂഹത്തിൽ വളരെ വിജയകരമായി ഉപയോഗിക്കാൻ കഴിയുന്ന ഗൂഢാലോചനയാണ് ലൗ ജിഹാദ് വിവാദമെന്ന് സംഘ്പരിവാർ മനസിലാക്കിയിട്ടുണ്ട്. കേരളത്തിലെ പോലെ തന്നെ പൊലിസ് അന്വേഷത്തിൽ കഴമ്പില്ലാത്തത് എന്നു കണ്ടെത്തി തള്ളിക്കളയപ്പെട്ടതാണ് കർണാടകയിലേയും ലൗ ജിഹാദ് ആരോപണം. എന്നിരുന്നാലും ഈ ആരോപണം വളരെ ശക്തമായി ഉന്നയിക്കാൻ ബജ്‌റംഗ്‌ദൾ, വി.എച്ച്.പി, ദുർഗവാഹിനി തുടങ്ങിയ സംഘ്പരിവാർ സംഘടനകൾ തയാറാവുന്നുണ്ട്.
ഈ അസംബന്ധങ്ങൾ പോരാത്തതിനാലാണ് മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെ തടസപ്പെടുത്താനും അവർക്ക് മതവിശ്വാസത്തിന് യോജിച്ച രീതിൽ വസ്ത്രം ധരിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കാനും സംഘ്പരിവാർ ശ്രമിക്കുന്നത്. മത/ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് വിവിധ സാംസ്‌കാരിക അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. ഈ പ്രത്യേക അവകാശങ്ങൾ നിലനിൽക്കുന്നത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ സവിശേഷ സാഹചര്യങ്ങൾ മുൻനിർത്തിയാണ്. 1947ൽ ഇന്ത്യൻ ഉപഭൂഖണ്ഡം രണ്ടായി വിഭജിക്കപ്പെടുകയും ഇന്ത്യയും പാകിസ്താനും പുതിയ രാജ്യങ്ങളായി നിലവിൽവരുകയും ചെയ്തു. മതാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പാകിസ്താനിലേക്ക് പോകുന്നതിന് പകരം മഹാഭൂരിപക്ഷം മുസ്‌ലിംകളും ഇന്ത്യയിൽ തന്നെ തുടരാനാണ് ആഗ്രഹിച്ചത്. അത്തരമൊരു സാഹചര്യത്തിൽ ഹിന്ദുക്കൾ മഹാഭൂരിപക്ഷമായ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് അവരുടെ സാംസ്‌കാരിക അനന്യതയും സ്വത്വവും നിലനിർത്താൻ വേണ്ടിയാണ് ഭരണഘടനയുടെ ഭാഗമായി ഇത്തരം പ്രത്യേക പരിഗണനകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിധത്തിൽ ഭരണഘടന സംരക്ഷണമുള്ള വിശ്വാസികളായ മുസ്‌ലിംസ്ത്രീകളുടെ മതപരമായ നിലപാടായ തലമറയ്ക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന നടപടിയാണ് കോളജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
അതേസമയം, ഇതിനെ വെറുമൊരു ഭരണഘടനാ അവകാശ ലംഘനം മാത്രമായി ചുരുക്കാനും കഴിയുകയില്ല. സ്ത്രീ വിദ്യാഭ്യാസ അവകാശങ്ങൾ മാനിക്കുന്നില്ല എന്ന് നിരന്തരമായി പഴി കേട്ടുകൊണ്ടിരാക്കുന്ന സമുദായമാണ് മുസ്‌ലിംകൾ. പക്ഷേ ഈ ആരോപണങ്ങളെ അപ്രസക്തമാക്കുന്ന രീതിയിൽ വലിയ തോതിൽ മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസ മേഖലയിലേക്ക്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. അത് സൃഷ്ടിക്കുന്ന വലിയ ചലനങ്ങൾ, സാമൂഹിക മാറ്റങ്ങൾ സമുദായത്തിനകത്ത് വളരെ പ്രകടവുമാണ്. സ്ത്രീ ശാക്തീകരണത്താലുള്ള സാമൂഹിക പുരോഗതിക്ക് ഏറ്റവും നല്ല ഉദാഹരണമാണല്ലോ കേരളം. ഈയൊരു പ്രക്രിയയെ തടസപ്പെടുത്തുകയും അതുവഴി മുസ്‌ലിം പിന്നോക്കാവസ്ഥ എന്ന നറേറ്റീവ് നിലനിർത്തുകയും ചെയ്യുകയാണ് സംഘ്പരിവാർ ലക്ഷ്യംവയ്ക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.
ഒരർഥത്തിൽ നാം ഈ സംഭവത്തോട് മാത്രമല്ല അതിനോട് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ കൂടി നോക്കേണ്ടതുണ്ട്. ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ, പൗരസമൂഹ സംഘടനകൾ, സെക്യുലറിസ്റ്റുകൾ ഒക്കെ എങ്ങനെയാണ് ഹിജാബ് ധരിച്ച് കോളജിൽ വന്ന മുസ്‌ലിം വിദ്യാർഥിനികളെ ക്ലാസിൽ പ്രവേശിക്കാൻ അധ്യാപകർ വിസമ്മതിച്ച സംഭവത്തോട് പ്രതികരിച്ചത് ? ഈ സംഭവത്തിലെ ആദ്യ പ്രതികളായ അധ്യാപകർ പഠിപ്പിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം മറന്ന് ഭൂരിപക്ഷ സാംസ്‌കാരിക സങ്കുചിതവാദത്തിന്റെ ഏജന്റുമാരായി മാറി എന്നത് വ്യക്തമാണ്. വിദ്യാർഥിനികളുടെ പഠിക്കാനുള്ള അവകാശത്തെ മാനിക്കാനുള്ള, അവരുടെ മതസ്വാതന്ത്ര്യത്തെ മാനിക്കാനുള്ള പ്രൊഫഷനലായ ഉത്തരവാദിത്വം അവർ നിർവഹിച്ചില്ല. പക്ഷേ ഈ സംഭവത്തിലെ ഏറ്റവും വേദനാജനകമായ അനുഭവം ഈ മുസ്‌ലിം വിദ്യാർഥിനികളുടെ സഹപാഠികളായ കുറെ വിദ്യാർഥി/നികൾ കാവിഷാളും ധരിച്ച് കോളജിൽ വന്നതാണ്. എന്താണീ വിദ്യാർഥികൾ പറയാൻ ശ്രമിക്കുന്നത് ? ഈ രാജ്യത്ത് ഹിന്ദുക്കൾക്ക് അവരുടെ മതചിഹ്നങ്ങൾ പൊതു ഇടങ്ങളിൽ ധരിക്കുന്നതിൽ എന്തെങ്കിലും തടസമുണ്ടെന്നാണോ? തീവ്രമായി മതാത്മകമായ സമൂഹമാണ് നമ്മുടേത്. ഭൂരിപക്ഷ മത ചിഹ്നങ്ങളിൽ ആണ്ടുമുങ്ങിയാണ് നമ്മുടെ സാമൂഹിക, സാംസ്‌കാരിക ജീവിതം മുന്നോട്ടുപോകുന്നത്. സ്വന്തം മതസ്വത്വം പ്രദർശിപ്പിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത, അതിൽ അഭിരമിക്കുന്ന ഭരണാധികാരിയുള്ള രാജ്യമാണിത്. അത്തരമൊരു രാജ്യത്ത് മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിൽ പ്രതിഷേധിക്കുന്നതിനേക്കാൾ പരിഹാസ്യമായി വേറെന്താണുള്ളത്.
നമ്മുടെ സെക്യൂലർ പ്രാക്റ്റീസുകളുടെ ചില പരിമിതികൾ വ്യക്തമാക്കാൻ കൂടി ഈ സംഭവം സഹായിച്ചിട്ടുണ്ട് എന്നത് കാണാതിരുന്നു കൂടാ. ഇന്ത്യൻ സാഹചര്യത്തിൽ സെക്യുലറിസം എന്നതുകൊണ്ട് നാമെന്താണ് ഉദ്ദേശിക്കുന്നത് എന്നതിനോട് ബന്ധിപ്പിച്ചുകൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിൽ ഒരു മതേതര വിമർശനം സാധ്യമാകൂ. അങ്ങനെ നോക്കുമ്പോൾ ഹിജാബോ പർദയോ പ്രതിനിധാനം ചെയ്യുന്നു എന്ന് ചിലർ കരുതപ്പെടുന്ന പാർട്ടിയാർക്കിയൽ മൂല്യങ്ങളുടെ വിമർശനം ഉന്നയിക്കാൻ പറ്റിയ സന്ദർഭമല്ല ഇതെന്നത് ബോധ്യമാകും. അല്ലെങ്കിൽ പുതിയ കാലഘട്ടത്തിലെ സ്വത്വബോധത്തെക്കുറിച്ചുള്ള വിചാരണ നടത്താൻ പറ്റിയ സന്ദർഭവുമല്ല ഇത്.
ഇന്ത്യൻ മതേതരത്വം അതിന്റെ ഫ്രഞ്ച് വകഭേദം പോലെ മതനിരാസത്തിൽ ഊന്നുന്ന ഒന്നല്ല. തീവ്ര മതാത്മകമായ ഇന്ത്യൻ സമൂഹത്തിൽ വിവിധ മത സമുദായങ്ങൾക്കിടയിലുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യമായ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ടൂൾ എന്ന നിലയിലാണ് ഇവിടെ സെക്യുലറിസം നിലകൊള്ളുന്നത്. അതിൽ പോലും സെക്യുലറിസത്തിന്റെ ഇന്ത്യൻ ചരിത്രം അത്ര ശോഭനമൊന്നുമല്ല എന്നത് വേറൊരു വിഷയമാണ്. ഇന്ത്യക്കാരുടെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക ജീവിതത്തിൽ മതം വലിയ പങ്കാണ് വഹിക്കുന്നത്. ഇതിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ ഇവിടുത്തെ ഭരണകൂടം എക്കാലവും വിമുഖരായിരുന്നു. സംഘ്പരിവാർ അധികാരത്തിൽ വന്നതോടെ ഭരണതലത്തിലെ നിഷ്പക്ഷത എന്ന നാട്യം പോലും ഇല്ലാതായിരിക്കുന്നു. അത്തരമൊരു രാഷ്ട്രീയ സന്ദർഭത്തിൽ വലിയ തോതിൽ അപരവത്കരിക്കപ്പെട്ട ന്യൂനപക്ഷ സമുദായത്തോട് അവർ പ്രകടിപ്പിക്കുന്ന പരിമിതമായ മതാത്മകത പോലും അനാവശ്യമാണ് എന്നുപദേശിക്കുന്ന മതേതരവാദി എന്ത് വിമർശന ഉത്തരവാദിത്വമാണ് നിർവഹിക്കുന്നത്? മറ്റൊന്ന് നമ്മുടെ സമൂഹത്തിൽ സെക്യുലർ എന്ന് കരുതപ്പെടുന്ന പല സംഗതികളും ഭൂരിപക്ഷ മത രീതികളുടെ നോർമലൈസേഷനാണ്. അതായത് സെക്യുലർ എന്ന് നാം കരുതുന്ന പലതും സൂക്ഷ്മനിരീക്ഷണത്തിൽ അപ്രകാരം ആയിരിക്കണമെന്നില്ല എന്നർഥം. ഇത് പൂർണമായും ഒഴിവാക്കാൻ കഴിയുന്ന കാര്യമല്ലെന്ന് വ്യക്തമായ സ്ഥിതിക്ക് നമ്മുടെ സാമൂഹിക, സാംസ്‌കാരിക ജീവിതത്തിന്റെ ബഹുസ്വരത നിലനിർത്താൻ സഹായകരമാകുന്ന ഒരു കാര്യമാണ് ന്യൂനപക്ഷ മത സമുദായങ്ങളിലെ ആചാരങ്ങളിലെയും രീതികളിലെയും ജനകീയ അംശങ്ങൾ പൊതു എന്ന് വിളിക്കുന്നതുമായി ഇണക്കിച്ചേർക്കൽ.
സെക്യുലറിസ്റ്റുകൾ മതനിരപേക്ഷമെന്നു കരുതുന്ന കാര്യങ്ങൾ അപ്രകാരമാകണമെന്ന് നിർബന്ധമില്ല എന്നത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതുകൊണ്ട് മുസ്‌ലിം ഐഡൻ്റിറ്റി ചോദ്യത്തെ പ്രശ്‌നവത്കരിക്കാൻ വീണുകിട്ടിയ സന്ദർഭമായി ഇപ്പോഴത്തെ ഹിജാബ് കാണുന്നത് സാമൂഹിക ശാസ്ത്രപരമായ അന്ധതയെയാണ് സൂചിപ്പിപ്പിക്കുന്നത്. അലറിയടുക്കുന്ന കാവിക്കൂട്ടത്തോട് ആത്മവിശ്വാസത്തോടെ മതവസ്ത്രം ധരിച്ച് ദൈവം മഹാനാണ് എന്നു പറയുന്ന മുസ്‌ലിം സ്ത്രീ ഒരു രാഷ്ടീയ പ്രസ്താവന നടത്തുകയാണെന്ന് വായിച്ചെടുക്കുന്നതായിരിക്കും ഇന്നത്തെ സാമൂഹിക സന്ദർഭത്തോട് ചെയ്യാവുന്ന വലിയൊരു നീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."