ലോക്കപ്പ് മുറികളിലെ നിരീക്ഷണ കാമറകൾ കണ്ണടയ്ക്കരുത്
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം അഭിനന്ദനീയമാണ്. രാജ്യത്ത് കസ്റ്റഡി മരണങ്ങൾ വർധിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് എല്ലാ പൊലിസ് സ്റ്റേഷനുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ സുപ്രിംകോടതി കഴിഞ്ഞവർഷം ഉത്തരവിട്ടത്. ഡിസംബറിനകം കാമറകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കണമെന്നായിരുന്നു കോടതി നിർദേശമെങ്കിലും കൊവിഡ് സാഹചര്യത്തിൽ നീണ്ടുപോയി.
പുതിയകാലത്ത് അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഏത് കുഴഞ്ഞുമറിഞ്ഞ കേസുകളും നിഷ്പ്രയാസം തെളിയിക്കാമെന്നിരിക്കെ, പൊലിസ് ഇപ്പോഴും പ്രാകൃതമുറകളാണ് പ്രയോഗിച്ചുവരുന്നത്. ഉരുട്ടൽ ഉൾപ്പെടെയുള്ള ക്രൂരമായ പീഡനമുറകളെ തുടർന്ന് നിരവധി ജീവനുകളാണ് പൊലിസ് സ്റ്റേഷനുകളിലെ ലോക്കപ്പ് മുറികളിൽ ഇല്ലാതായത്. എത്രയോ നിരപരാധികൾക്കും ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എളുപ്പത്തിൽ കേസ് തെളിയിക്കാമെന്ന മൂഢ വിചാരത്താലാണ് പൊലിസ് ഈ അതിക്രമം ലോക്കപ്പ് മുറികളിൽ നടത്തിപ്പോരുന്നത്. ശബ്ദപരിശോധന, ഫൊറൻസിക് പരിശോധന, സി.സി.ടി.വി ദൃശ്യങ്ങൾ തുടങ്ങിയ ആധുനികകാലത്തെ സാങ്കേതികവളർച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പൊലിസാണെന്ന് പറയാം.
മോഷ്ടാവിനെയും കൊലപാതകിയെയും പൊലിസിന് ഇപ്പോൾ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുക്കാൻ കഴിയുന്നത് തെരുവുകളിലും വീടുകളിലും ഓഫിസുകളിലും സ്ഥാപിക്കപ്പെടുന്ന സി.സി.ടി.വി കാമറകളിൽ പതിയുന്ന ദൃശ്യങ്ങളിൽ നിന്നാണ്. ഇത്തരം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുപോലും വിഴിഞ്ഞത്ത് വൃദ്ധ ദമ്പതികളെ മകളുടെ കൊലപാതകികളാക്കി മാറ്റാൻ എത്ര എളുപ്പത്തിലാണ് പൊലിസിന് കഴിഞ്ഞത് ! പൊലിസിന്റെ പീഡനം സഹിക്കാനാവാതെയാണ് ആ പാവങ്ങൾ ചെയ്യാത്ത കുറ്റം സമ്മതിച്ചത്. ഒടുവിൽ അയൽപക്കത്ത് താമസിച്ചിരുന്ന സ്ത്രീയും അവരുടെ മകനുമാണ് കൊലപാതകികളെന്ന് തെളിഞ്ഞപ്പോൾ മാത്രമാണ് ആ വൃദ്ധ ദമ്പതികൾ നിരപരാധികളാണെന്ന് പൊലിസിന് ബോധ്യപ്പെട്ടത് ! പൊലിസിന്റെ ഭാഗത്തുനിന്ന് ശാസ്ത്രീയമായ കുറ്റാന്വേഷണമുണ്ടായിരുന്നെങ്കിൽ ആ പാവങ്ങൾക്ക് ജീവിതത്തിന്റെ അവസാനനാളുകളിൽ കൊടിയ മർദനങ്ങൾ സഹിക്കേണ്ടിവരുമായിരുന്നില്ല. അതുപോലെ എത്രയെത്ര നിരപരാധികൾക്കാണ് പൊലിസിന്റെ ഉരുട്ടലുകൾക്ക് കീഴെ ചതഞ്ഞരഞ്ഞ് മരിക്കേണ്ടിവന്നത്. കോഴിക്കോട് റീജ്യനൽ എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന രാജന്റെ ഉരുട്ടിക്കൊലപാതക വാർത്ത പുറത്തുവന്നതോടെയാണ് ഇത്തരമൊരു പ്രാകൃതമുറ കേരള പൊലിസ് പരീക്ഷിച്ചുപോരുന്ന വിവരം നാട്ടുകാരറിഞ്ഞത്. പിന്നീട് എത്രയോപേർ ഈ കൊടുംക്രൂരതയ്ക്ക് ഇരകളായി.
സി.സി.ടി.വി ഇന്ന് പൊതുജീവിതത്തിന്റെ ഭാഗമാണ്. ചെറിയ കടകൾ മുതൽ വൻകിട ഷോപ്പിങ് മാളുകളിൽ വരെ ഇന്ന് നിരീക്ഷണ കാമറകളുടെ സാന്നിധ്യമുണ്ട്. ഉത്പന്നങ്ങൾ നിരത്തിവയ്ക്കുകയും ആവശ്യക്കാർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും കഴിയുന്ന സംവിധാനമാണ് ഇന്ന് മാളുകളിലെ മിക്ക ഷോപ്പുകളിലും. അതിനാൽ തന്നെ മോഷ്ടിക്കാനുള്ള പ്രവണതകളുള്ളവർക്ക് എളുപ്പത്തിൽ മോഷ്ടിക്കാനും കഴിയും. എന്നാൽ, അതെല്ലാം സി.സി.ടി.വിയിൽ പതിയുന്നതിനാൽ എളുപ്പത്തിൽ പിടിക്കപ്പെടുന്നു. ഈ മാനഹാനി ഓർത്തിട്ടാകാം ഷോപ്പിങ് മാളുകളിലെ മോഷണങ്ങൾക്ക് വലിയ കുറവുവന്നത്. ഇതുപോലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് കൊലപാതകികളെയും മോഷ്ടാക്കളെയും പൊലിസ് പെട്ടെന്ന് പിടികൂടുന്നത്.
ലോകമെമ്പാടും സി.സി.ടി.വി ഉപയോഗിച്ചുള്ള പൊതുസമൂഹ നിരീക്ഷണം ഇന്ന് നടക്കുന്നുണ്ട്. ശരീരത്തിൽ ധരിക്കുന്ന വിഡിയോ നിരീക്ഷണ കാമറകൾ നിയമപാലകരും ഉപയോഗിച്ചുവരുന്നുണ്ട്. പരസ്യമായ ഇത്തരം നിരീക്ഷണങ്ങൾ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമായുള്ള ചർച്ചകളും നടന്നു വരുന്നുവെന്നതും ശ്രദ്ധേയമാണ്. 2021ഓടെ ലോകമൊട്ടാകെ ഏകദേശം ഒരു ബില്യൺ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനാവശ്യമായ നടപടികൾ ഒരുപരിധിവരെ സ്വീകരിക്കാൻ സി.സി.ടി.വി കാമറകളുടെ വ്യാപനം കൊണ്ട് കഴിഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാനത്ത് ഓരോവർഷം കഴിയുന്തോറും സി.സി.ടി.വി കാമറകളുടെ ഉപയോഗം വർധിച്ചുവരികയാണ്. ഇത് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ വളരെയധികം സഹായകരമാകുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ സെക്യൂരിറ്റി കാമറകളുടെ വിൽപന വലിയതോതിൽ കൂടിയിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ പ്രധാന ഓഫിസുകളെല്ലാം കൊച്ചിയിലാണെന്നതിനാൽ അവിടെയാണ് ഏറ്റവുമധികം സി.സി.ടി.വി കാമറകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
മക്കൾ വിദേശത്തായതിനാൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമെല്ലാം പ്രായമായ പല അച്ഛനമ്മമാരും തനിച്ചാണ് വീടുകളിൽ കഴിയുന്നത്. നാട്ടിലെ വീടുകളിൽ തനിച്ചുകഴിയുന്ന മാതാപിതാക്കളുടെ സുരക്ഷ മക്കൾക്ക് വലിയ പ്രശ്നമാണ്. അതിനാൽ വീടുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത് വ്യാപകമായിട്ടുണ്ട്. നാട്ടിലെ വീട്ടിൽ കള്ളൻകയറുന്നത് അമേരിക്കയിലെ മക്കൾക്ക് സി.സി.ടി.വിയിലൂടെ കാണാമെന്നിരിക്കെ, അവർക്ക് വീടിനടുത്തുള്ള പൊലിസ് സ്റ്റേഷനിലേക്ക് അമേരിക്കയിൽ ഇരുന്നുകൊണ്ട് തന്നെ സഹായഭ്യർഥന നടത്താൻ കഴിയും.
പൊലിസ് സ്റ്റേഷന് പുറത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ സി.സി.ടി.വി കാമറകൾ വലിയതോതിൽ ഉപകാരപ്പെടുന്നതുപോലെ, പൊലിസ് സ്റ്റേഷനുകൾക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങളും കണ്ടുപിടിക്കാൻ ഇതേ കാമറകൾ കൊണ്ട് കഴിയും. അതിന് പ്രത്യേക സാങ്കേതിക വൈദഗ്ധ്യമൊന്നും വേണ്ട. സ്ഥാപിക്കപ്പെടുന്ന കാമറകൾ പ്രവർത്തനയോഗ്യമായാൽ മതി. ആഭ്യന്തര വകുപ്പ് നിർദേശിക്കുന്നത് പോലെ ലോക്കപ്പ് മുറിയടക്കമുള്ള സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി കാമറകൾ സ്ഥാപിച്ചാൽ മതി. ഉരുട്ടൽ പോലുള്ള പതിനെട്ടാം മുറകൾ ലോക്കപ്പു മുറികളിലാണല്ലോ അരങ്ങേറാറുള്ളത്.
ഇനി ശ്രദ്ധിക്കേണ്ടത് ലോക്കപ്പ് മുറികളിൽ പൊലിസിന്റെ ക്രൂരമായ മർദനം നടക്കുന്ന നേരത്ത് സി.സി.ടി.വി കാമറകൾ പ്രവർത്തന രഹിതമാകുമോ എന്നാണ്. അങ്ങനെ വന്നാൽ സ്റ്റേഷൻ ചാർജുള്ള എസ്.ഐയോ സി.ഐയോ ആയിരിക്കും അതിന്റെ ഉത്തരവാദികൾ എന്നുകൂടി ആഭ്യന്തര വകുപ്പിൽ നിന്ന് വ്യക്തത ഉണ്ടാകേണ്ടതുണ്ട്. ലോക്കപ്പ് മുറികളിലെ കാമറകൾ അടക്കമുള്ളവ ജില്ലാ പൊലിസ് ആസ്ഥാനവുമായി ബന്ധിപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. എങ്കിൽപ്പോലും ലോക്കപ്പ് മുറികളിൽ പീഡനങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന നേരത്ത് കാമറകൾ പ്രവർത്തനയോഗ്യമായി കൊള്ളണമെന്നില്ല. സദാസമയവും പൊലിസ് സ്റ്റേഷനുകളിലെ സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."