ഒമാൻ വഴി സഊദിയിലേക്ക് മലയാളി കുടുംബങ്ങൾ എത്തിത്തുടങ്ങി
റിയാദ്: ഒമാൻ വഴി സഊദിയിലേക്ക് മലയാളി കുടുംബങ്ങൾ എത്തിത്തുടങ്ങി. 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഊദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷം നിരവധി പേരാണ് ലിസ്റ്റിൽ ഉൾപ്പെടാത്ത ഒമാൻ വഴി സഊദിയിലേക്കെത്താനായി ഒരുങ്ങിയിരിക്കുന്നത്. പലരും ഇത് സാധ്യമാണോയെന്ന സംശയവും ഉയർത്തുന്നുണ്ട്. എന്നാൽ, യാത്രാ നിരോധനം പ്രാബല്യത്തിൽ വന്നതിന് ശേഷം സഊദിയിലെത്തിയ മലയാളി കുടുംബങ്ങൾ ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. ദുബായ് വഴി സഊദിയിലെത്തുമ്പോൾ ഉണ്ടായിരുന്ന അതെ നടപടിക്രമങ്ങൾ തന്നെയാണ് ഒമാൻ വഴിയുള്ള യാത്രക്കാർക്കുമുള്ളത്.
ഒമാൻ കൂടാതെ ബഹ്‌റൈൻ, മാൽദ്വീപ് വഴിയും സഊദിയിലേക്കെത്തിച്ചേരാനാകും. എന്നാൽ, ബഹ്‌റൈൻ വഴി വിസ ലഭ്യമാക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. നേരത്തെ ഇന്ത്യക്കാർക്ക് ബഹ്‌റൈൻ സന്ദർശക വിസ വളരെ എളുപ്പത്തിൽ ലഭ്യമായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് വളരെ പ്രയാസമാണ്. അതിനാൽ തന്നെ ട്രാവൽ ഏജൻസികൾ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ബഹ്‌റൈൻ വഴി കൊണ്ട് വരാൻ വിസമ്മതിക്കുന്നത്. ചില ട്രാവൽസുകൾ ബഹ്‌റൈൻ വഴി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബഹ്‌റൈൻ വിസ അതിൽ ഉൾപ്പെടുത്തിയിട്ടില്ല. വിസ ലഭ്യമാകുന്നതിലെ പ്രയാസമാണ് ഇതിനു കാരണം.
അതേസമയം, ഒമാൻ വഴി വളരെ എളുപ്പത്തിൽ ഇപ്പോൾ സഊദിയിൽ എത്താനാകും. എന്നാൽ, യു.എ.ഇ, ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ചതോടെ യു.എ.ഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കും ഒമാനിൽനിന്ന് സഊദി അറേബ്യയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നും യുഎയിൽ നിന്നുമടക്കാം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഊദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നില്ല. ഇവർക്ക് ലിസ്റ്റിൽ പെടാത്ത ഏതെങ്കിലും രാജ്യങ്ങൾ വഴി പതിനാല് ദിവസം അവിടെ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് സഊദിയിലേക്ക് പ്രവേശനം സാധ്യമാകുന്നത്. ദുബായിൽ ഇപ്പോൾ കുടുങ്ങിയവരും ഒമാൻ വഴി സഊദിയിലേക്കെത്താനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇവർക്ക് ഒമാനിൽ വീണ്ടും 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."