ശബരിമല അവലോകന യോഗത്തില്‍ തര്‍ക്കം
പത്തനംതിട്ട: മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമലയിലെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ തര്‍ക്കം. യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച മൂന്നു നിര്‍ദേശങ്ങള്‍ ബോര്‍ഡ് പ്രസിഡന്റ് തള്ളിയതോടെയാണ് തര്‍ക്കമുണ്ടായത്.
വി.ഐ.പി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിര്‍ദേശം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. തിരുപ്പതി മാതൃകയില്‍ ദര്‍ശനം നടപ്പാക്കി കൂടേയെന്ന മുഖ്യമന്ത്രിയുടെ ആശയത്തെയും പ്രയാര്‍ ചോദ്യം ചെയ്തു. ശബരിമല നട എല്ലാ ദിവസവും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുറന്നടിച്ചു. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചു മാത്രമേ മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂവെന്നും പ്രയാര്‍ പറഞ്ഞു. ധ്യാനരൂപത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. ധ്യാനത്തിന് ഭംഗം വരുത്തുന്ന തരത്തില്‍ എല്ലാ ദിവസവും നടതുറക്കുന്നത് പ്രായോഗികമല്ലെന്നും പ്രയാര്‍ പിണറായിയോട് പറഞ്ഞു.
ഇതിനോട് പിണറായി രൂക്ഷമായാണ് പ്രതികരിച്ചത്. ദേവസ്വം പ്രസിഡന്റിന്റെ വാക്കുകളില്‍ രാഷ്ട്രീയം ഉണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഞാനും നിങ്ങളും രാഷ്ട്രീയക്കാരാണ്. പരുക്കനായിട്ടാണ് നിങ്ങള്‍ സംസാരിച്ചത്. ഞാനും ഒരു പരുക്കനാണെന്നാണ് പൊതുവേ പറയപ്പെടുന്നത് എന്നും പിണറായി പ്രയാറിനോടുള്ള മറുപടിയായി പറത്തു. ശബരിമലയില്‍ റോപ് വേ നിര്‍മിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ നിര്‍ദേശിക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."