HOME
DETAILS

ആലി മുസ്‌ലിയാരുടെ രക്തസാക്ഷിത്വത്തിന് നൂറ്റാണ്ട് തികയുമ്പോൾ

  
backup
February 16 2022 | 20:02 PM

5635462-0aricle11


1921ൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ ധീരപോരാളി എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്‌ലിയാരെ തൂക്കിലേറ്റിയിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്. 1922 ഫെബ്രുവരി 17ന് വെളുപ്പിനായിരുന്നു തൂക്കിലേറ്റിയത്. അദ്ദേഹത്തിന് അന്ന് 69 വയസായിരുന്നു. ഭൗതികശരീരം കോയമ്പത്തൂർ പൂക്കട നഗരത്തിലെ ടിപ്പുസുൽത്താൻ ഹൈദരലി ഷാഹി മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ ധീരദേശാഭിമാനികളായ മലബാർ മാപ്പിളമാർ നടത്തിയ ഐതിഹാസികമായ പോരാട്ടവീര്യത്തിന്റെ കറുത്ത അധ്യായം കൂടിയായിരുന്നു അത്. ബ്രിട്ടീഷ് രാജാവിനും സർക്കാരിനുമെതിരേ യുദ്ധം ചെയ്തു എന്നതാണ് ആലി മുസ്‌ലിയാർക്കും അനുയായികൾക്കുമെതിരേ ചുമത്തിയ കുറ്റം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപന്മാർക്ക് ഒരിടത്തും നേരിടേണ്ടിവന്നിട്ടില്ലാത്ത ഏറ്റവും വലിയ പ്രതിരോധമാണ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലുണ്ടായിരുന്നത്. ആലി മുസ്‌ലിയാരായിരുന്നു ഇതിന് നേതൃത്വം നൽകിയിരുന്നത്. അധിനിവേശവിരുദ്ധ പോരാട്ടത്തിൽ 18,19 നൂറ്റാണ്ടുകളിൽ മുൻനിരയിലുണ്ടായിരുന്ന പൂർവസൂരികളും ധീരദേശാഭിമാനികളുമായിരുന്ന എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പൻ, ഹൈദ്രോസ്, പുലത്ത് ചേക്കു, അത്തൻ കുരിക്കൾ, ചെമ്പൻ പോക്കർ തുടങ്ങിയവരുടെ പോരാട്ട പാരമ്പര്യ വീര്യം ആലി മുസ്‌ലിയാരിലും അവശേഷിച്ചിരുന്നു.


ഏറനാട് താലൂക്കിലെ അതിർത്തി ഗ്രാമമായ പാണ്ടിക്കാട് വെള്ളുവങ്ങാട് പാലത്തിന് സമീപം മലബാറിലെ പ്രമുഖ സൂഫിവര്യ പിന്തുടർച്ചക്കാരിൽപ്പെട്ട എരിക്കുന്നൻ പാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ-മഖ്ദൂം കുടുംബത്തിൻ്റെ പിന്തുടർച്ചക്കാരിൽപ്പെട്ട ഒറ്റകത്ത് ആമിന ദമ്പതികളുടെ രണ്ടാമത്തെ മകനായി 1853ലാണ് ആലി മുസ്‌ലിയാരുടെ ജനനം. പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദർസിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ദശാബ്ദക്കാലം നെല്ലിക്കുത്ത് പള്ളിയിലും മമ്പുറം പള്ളിയിലും അധ്യാപനം. പിന്നീട് മക്കയിൽ ഹജ്ജ് തീർഥാടനം നടത്തുകയും ഏഴ് വർഷക്കാലം അവിടെ ഉപരിപഠനം നടത്തുകയും ചെയ്തു. മക്കയിലെ പഠനത്തിനുശേഷം കവരത്തിദ്വീപിൽ ഖാസി, മുദരിസ് എന്നീ ചുമതലകളിൽ വ്യാപൃതനായി. ഇതിനിടെയാണ് 1894ൽ മണ്ണാർക്കാടിന് അടുത്ത പള്ളി കുറിപ്പിൽ നടന്ന വിമോചന പോരാട്ടത്തിൽ ജ്യേഷ്ഠ സഹോദരൻ മമ്മദ് കുട്ടി ബ്രിട്ടീഷുകാരാൽ വധിക്കപ്പെട്ടത്. ഇതോടെ സഹോദരൻ അഹമ്മദ് കുട്ടി മുസ്‌ലിയാരെ തൻ്റെ ചുമതലയേൽപ്പിച്ച് ആലി മുസ്‌ലിയാർ കവരത്തിയിൽനിന്ന് ജന്മനാടായ ഏറനാട്ടിലേക്ക് തിരിച്ചുവന്നു.


മേൽമുറി- പൊടിയാട്, തൊടികപ്പുലം, തിരൂരങ്ങാടി നടുവിൽ പള്ളി എന്നിവിടങ്ങളിലെ അധ്യാപകവൃത്തിക്ക് ശേഷം 1907ൽ തിരൂരങ്ങാടി കിഴക്കേ പള്ളിയിൽ പ്രധാന അധ്യാപകനായി ആലി മുസ്‌ലിയാർ ചുമതലയേറ്റെടുത്തു. ഇവിടം കേന്ദ്രമാക്കിയാണ് കൊളോണിയൽ അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ അദ്ദേഹം തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. ആലി മുസ്‌ലിയാരുടെ പാണ്ഡിത്യവും ജനകീയതയും ഖിലാഫത്ത് പോരാളികൾക്ക് കൂടുതൽ ആത്മവിശ്വാസവും ആവേശവും പകർന്നു. അദ്ദേഹത്തിൻ്റെ വാക്കുകളും ആജ്ഞകളും അവർ അക്ഷരംപ്രതി അനുസരിച്ചു. അതിനിടെയാണ് ജന്മിമാരുടെ കരപിരിവ് ഒഴിവാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നറിഞ്ഞ ഭരണകൂട അനുകൂലികളായ ജന്മിമാർ ബ്രിട്ടീഷ് അധികൃതരെ സമീപിക്കുകയും കുടിയാന്മാർ സംഘടിക്കുന്നത് എന്തുവിലകൊടുത്തും തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഇതോടെ മലബാർ മേഖലയിൽ ബ്രിട്ടീഷ് പട്ടാളം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനെതിരേ മാപ്പിളമാർ പ്രതിരോധവുമായി മുന്നോട്ടുപോയി.


ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച് മലബാറിൽ മലയാളരാജ്യം എന്ന സാമ്രാജ്യം പടുത്തുയർത്തിയ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ധൈര്യവും മാപ്പിള പോരാളികളുടെ ആവേശവും ആലി മുസ്‌ലിയാരാണെന്ന് മനസിലാക്കിയ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ പിടികൂടാൻ തന്നെ തീരുമാനിച്ചു. ഈ സമയം ആലി മുസ്‌ലിയാർ തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ ദർസ് നടത്തുകയായിരുന്നു. അന്ന് മാപ്പിളമാർ പ്രക്ഷോഭത്തിന് ഇറങ്ങും മുൻപ് മഹാന്മാരുടെ മഖ്ബറകളിൽ പ്രാർഥന നടത്തുന്ന പതിവുണ്ടായിരുന്നു. എന്നാൽ അതിനും ബ്രിട്ടീഷ് പട്ടാളം വിലക്കേർപ്പെടുത്തി. ആദ്യ കാലഘട്ടങ്ങളിലെ പോരാട്ടങ്ങളിൽ രക്തസാക്ഷികളായ പോരാളികളുടെ ഖബറുകളിൽ പ്രാർഥന നടത്താൻ ബ്രിട്ടീഷ് നിയമം ലംഘിച്ച് ആലി മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഒരു സംഘം മമ്പുറം കിഴക്കേ പള്ളിയിൽനിന്ന് കാൽനടയായി പുറപ്പെട്ടു. ഈ വിവരമറിഞ്ഞതോടെ ബ്രിട്ടീഷ് അധികൃതരായ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് തോമസ്, ഡി.എസ്.പി ഹിച്ച്‌കോക്ക്, മലപ്പുറം എ.എസ്.പി ഗത്ബർട്ട് ബക്സ്റ്റൺ ലങ്കാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9.30ഓടെ തിരൂരങ്ങാടി കിഴക്കേപള്ളി, തെക്കേ പള്ളി, ഖിലാഫത്ത് ഓഫിസ്, ഖിലാഫത്ത് വളണ്ടിയർമാരുടെ വീട് എന്നിവ റെയ്ഡ് നടത്തി നാലുപേരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. കോട്ടയ്ക്കൽ ചന്ത നടക്കുന്ന ദിവസമായിരുന്നു അത്. റെയ്ഡ് സംഭവം കാട്ടുതീ പോലെ പടർന്നു. ആലി മുസ്‌ലിയാരെ അറസ്റ്റ് ചെയ്തെന്നും തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി പൊളിച്ചെന്നുമുള്ള വ്യാജ പ്രചാരണം നാടെങ്ങും പരന്നു. ചന്തയ്ക്ക് പുറപ്പെട്ടവർ മുഴുവനും തിരൂരങ്ങാടിയിലേക്ക് നീങ്ങി.


കാലത്ത് പതിനൊന്നു മണിക്ക് ആലി മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഒരു നിവേദക സംഘം തിരൂരങ്ങാടി പൊലിസ് സ്റ്റേഷനായ ചെമ്മാട് ഹജൂർ കച്ചേരിയിലേക്ക് പുറപ്പെട്ടു. സ്റ്റേഷനടുത്തെത്തിയതോടെ പാലക്കാട് എസ്.പി റൗളിയുടെ നേതൃത്വത്തിലുള്ള പട്ടാളം നിവേദക സംഘത്തെ തടഞ്ഞു കാര്യം ആരാഞ്ഞു. അകാരണമായി പിടിച്ചുകൊണ്ടുവന്നവരെ മോചിപ്പിക്കണമെന്ന് ആവശ്യം അറിയിച്ചതോടെ വില്യം റൗളി അവരോട് ഇരിക്കാൻ പറഞ്ഞു. എന്നാൽ ശാന്തരായി ഇരിക്കുന്നവർക്ക് നേരെ പൊലിസ് അകാരണമായി വെടിയുതിർക്കുകയാണുണ്ടായത്. ഇതോടെ ആലി മുസ്‌ലിയാരും സംഘവും കൈയിൽ കിട്ടിയ വസ്തുക്കളുമായി പൊലിസിനെ നേരിട്ടു. റൗളിയും അഞ്ചു പൊലിസുകാരും കൊല്ലപ്പെട്ടു. സംഘത്തിൽപ്പെട്ട പതിനേഴുപേർ രക്തസാക്ഷികളായി. ഈ സംഭവത്തോടെയാണ് മലബാർ സമരം ശക്തി പ്രാപിച്ചത്. ഈ ഏറ്റുമുട്ടൽ നടന്ന് പത്തുദിവസം കഴിഞ്ഞതോടെ ആലി മുസ്‌ലിയാർ പിടിക്കപ്പെടുകയും ചെയ്തു.
1921 ഒാഗസ്റ്റ് 30ന് ആലി മുസ്‌ലിയാരുടെ നേതൃത്വത്തിൽ 114 പേര് തിരൂരങ്ങാടി പഴയ പള്ളിയിൽ ഒരുമിച്ചുകൂടിയിട്ടുണ്ടെന്ന വിവരം അറിഞ്ഞ വെള്ളപ്പട്ടാളം പള്ളി വളഞ്ഞു. ആലി മുസ്‌ലിയാരോടും അനുയായികളോടും പുറത്തിറങ്ങാൻ ആജ്ഞാപിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. ഇതോടെ ബ്രിട്ടീഷ് പട്ടാളം പള്ളിക്കുനേരെ വെടിവച്ചു. വെടിവെയ്പ്പ് രൂക്ഷമായതോടെ 54 പേര് പള്ളിയിൽനിന്ന് കടലുണ്ടിപ്പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. 24 പേർ വെടിയേറ്റ് രക്തസാക്ഷികളായി. വെടിവയ്പ്പിൽ പള്ളി തകരുമെന്നായതോടെ 37 അനുയായികളോടൊപ്പം വെള്ളക്കൊടി കാണിച്ച് ആലി മുസ്‌ലിയാർ പട്ടാളത്തിന് കീഴടങ്ങി. മാപ്പിളമാരുടെ പ്രത്യാക്രമണത്തിൽ പ്രൈവറ്റ് വില്യംസ് ഉൾപ്പെടെ 20 ഓളം ബ്രിട്ടീഷ് പട്ടാളക്കാരും കൊല്ലപ്പെട്ടു. ആലി മുസ്‌ലിയാരെയും 37 അനുയായികളെയും അറസ്റ്റ് ചെയ്തു. അന്നു രാത്രി തിരൂരങ്ങാടി ചന്തയിൽ പാർപ്പിച്ചു. പുലർച്ചെ അവരെയെല്ലാം തിരൂരിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നടന്ന വിചാരണയിൽ ആലി മുസ്‌ലിയാരെയും പന്ത്രണ്ട് അനുയായികളെയും തൂക്കിക്കൊല്ലാൻ വിധിച്ചു. ബാക്കി 25 പേരെ നാടുകടത്തൽ ശിക്ഷക്ക് വിധേയമാക്കി. ഇവർ അപ്പീൽ നൽകിയെങ്കിലും മേൽക്കോടതി ആദ്യവിധി നിലനിർത്തുകയും ഇവരെ കോയമ്പത്തൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു.


1922 ഫെബ്രുവരി 17ന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽവച്ച് ആലി മുസ്‌ലിയാരെയും 12 അനുയായികളെയും തൂക്കിലേറ്റി. അതേസമയം, തൂക്കിലേറ്റുന്നതിന് മുമ്പുതന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു എന്നാണ് അക്കാലത്ത് മൃതദേഹം ഏറ്റുവാങ്ങിയ മുഹമ്മദിന്റെ പൗത്രനും കോയമ്പത്തൂർ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയുമായ ബി. അബ്ദുൽ ഗഫൂർ പറയുന്നത്. പുലർച്ചെ തൂക്കിലേറ്റാൻ പോവുകയാണെന്ന വിവരം ജയിൽ അധികൃതർ ആലി മുസ്‌ലിയാരെ അറിയിച്ചു. അംഗശുദ്ധിവരുത്താൻ വെള്ളം ആവശ്യപ്പെട്ടു.നിസ്‌കാരത്തിനിടെ അദ്ദേഹം മരണപ്പെട്ടു. മൃതദേഹം കഴുമരത്തിൽ തൂക്കി ബ്രിട്ടീഷ് അധികൃതർ നിയമം നടപ്പിലാക്കുകയായിരുന്നു ചെയ്തത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വ്യക്തികൾക്ക് വിട്ടുകൊടുക്കില്ലെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞപ്പോൾ കോയമ്പത്തൂരിലെ മലയാളികൾ മലബാർ മുസ്‌ലിം അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി ടിപ്പുസുൽത്താൻ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യുകയായിരുന്നു എന്നാണ് ബി. അബ്ദുൽ ഗഫൂർ പറയുന്നത്.


ടിപ്പുസുൽത്താൻ മസ്ജിദിലെ ഖബർസ്ഥാനിൽ ആലി മുസ്‌ലിയാരുടെയും പോരാളികളുടെയും ഖബറുകൾ ഇതുവരെ സംരക്ഷിക്കപ്പെട്ടിട്ടില്ല. അഞ്ചുവർഷം കൂടുമ്പോൾ ഖബറുകൾ പുതുക്കി മറവുചെയ്യുന്ന രീതിയാണിവിടെ. രക്തസാക്ഷിയായതിന് ശേഷം പാണ്ടിക്കാട് വെള്ളുവങ്ങാട് പാലത്തിനടുത്ത് ആലി മുസ്‌ലിയാരുടെ വീടും വിലപിടിപ്പുള്ള ഗ്രന്ഥങ്ങളുമെല്ലാം ചുട്ടെരിച്ചു.അവശേഷിക്കുന്ന ഗ്രന്ഥങ്ങൾ ഇന്നും സൂക്ഷിച്ചുവരുന്നുണ്ട്. ബ്രിട്ടീഷ് പട്ടാളം ബൂട്ടുകൊണ്ട് ചവിട്ടിയ അടയാളങ്ങളുള്ള രണ്ടു ഗ്രന്ഥങ്ങളും അവിടെയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  20 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  20 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  21 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  21 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  21 hours ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  21 hours ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  21 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  a day ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  a day ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago